

കമ്പനിയിലെ സ്ഥിരം തൊഴിലാളിയെന്ന പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ തൊഴില്‍ മേഖലയില്‍ മാറുകയാണ്. നിശ്ചിത ജോലികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കി പണം വാങ്ങുന്ന ഫ്രീലാന്‍സര്‍മാരുടെ കാലമാണിത്. യുഎഇയിലെ തൊഴില്‍ മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍ പ്രകാരം സ്ഥിരം തൊഴിലാളികളെക്കാള്‍ വലിയ ശമ്പളം ഫ്രീലാന്‍സര്‍മാര്‍ കൈപറ്റുന്നു. പ്രതിദിനം 1,000 ഡോളര്‍ വരെ (87,000 രൂപക്ക് മുകളില്‍) സമ്പാദിക്കുന്നവരുമുണ്ട്.
യുഎഇയില്‍ ഫ്രീലാന്‍സര്‍മാര്‍ക്ക് അവസരങ്ങള്‍ പ്രധാനമായും ഡാറ്റ അനലറ്റിക്‌സ്, ബിസിനസ് ഡവലപ്‌മെന്റ്, കാര്‍ഡ്‌സ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്, പ്രൊജക്ട് ആന്റ് പ്രൊഡക്ട് മാനേജ്‌മെന്റ്, റിസ്‌ക് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണെന്ന് സ്വതന്ത്ര ടാലന്റ് പ്ലാറ്റ്‌ഫോമായ ഔട്ട്‌സൈസ്ഡിന്റെ (Outsized) ടാലന്റ് ഓണ്‍ ഡിമാന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തന പരിചയം, മേഖല തുടങ്ങിയവക്ക് അനുസരിച്ചാണ് പ്രതിഫലത്തില്‍ ഏറ്റകുറച്ചിലുകള്‍.
കാര്‍ഡ്‌സ് പോര്‍ട്ട്ഫോളിയോ മാനേജ്‌മെന്റില്‍ അഞ്ചു വര്‍ഷം മുന്‍പരിചയമുള്ള പ്രൊഷഫണലിന് പ്രതിദിനം 300 ദിര്‍ഹം ( 7,000 രൂപ) വരെ പ്രതിഫലം ലഭിക്കുന്നു. 10 വര്‍ഷത്തിന് മുകളില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്ക് 800 ദിര്‍ഹം വരെ ലഭിക്കാം. പ്രൊജക്ട് മാനേജര്‍മാരുടെ പ്രതിദിന വരുമാനം 250 മുതല്‍ 600 വരെ ദിര്‍ഹമാണെന്ന് ഔട്ട്‌സൈസ്ഡ് മാനേജിംഗ് ഡയരക്ടര്‍ അസീം സൈനുല്‍ പറയുന്നു. ഡാറ്റാ അനലറ്റിക്‌സ് മേഖലയില്‍ ഫ്രീലാന്‍സര്‍മാരുടെ പ്രതിഫലം പ്രതിദിനം 700 ദിര്‍ഹം വരെയാണ്.
ബന്ധപ്പെട്ട മേഖലകളില്‍ മികവുകള്ള പ്രൊഫഷണലുകളെ കിട്ടാനില്ലാത്തതാണ് പല തൊഴില്‍ദാതാക്കളും നേരിടുന്ന പ്രതിസന്ധിയെന്ന് അസീം പറയുന്നു. ഫ്രീലാന്‍സര്‍മാരുള്ള ഡിമാന്റ് എല്ലാ വര്‍ഷവും 10 ശതമാനം കൂടുന്നുണ്ട്. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലുമായി കഴിഞ്ഞ വര്‍ഷം മാത്രം ഫ്രീലാന്‍സര്‍മാരുടെ റജിസ്‌ട്രേഷനില്‍ 78 ശതമാനം വളര്‍ച്ചയുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്രമായി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന പ്രൊഫഷണലുകള്‍ക്ക് അനുയോജമായ വിസകളാണ് യുഎഇ നല്‍കി വരുന്നത്. ഫ്രീലാന്‍സര്‍മാര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ ആവശ്യമില്ലാത്ത മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തെ പ്രത്യേക ഗ്രീന്‍ വിസ പദ്ധതിയും മൂന്നു വര്‍ഷം മുമ്പ് നടപ്പാക്കി. ദുബൈ മീഡിയ സിറ്റി, ദുബൈ ഇന്റര്‍നെറ്റ് സിറ്റി എന്നിവയിലൂടെ ഫ്രീലാന്‍സര്‍മാര്‍ക്ക് വിസക്ക് അപേക്ഷിക്കാം. ചെലവുകള്‍ അല്‍പ്പം കൂടുമെന്ന് മാത്രം. 2,000 മുതല്‍ 12,000 ദിര്‍ഹം വരെ ചെലവ് വരുന്നതാണ് വിസ ഓപ്ഷനുകള്‍. അപേക്ഷ നല്‍കിയാല്‍ 10 ദിവസത്തിനുള്ളില്‍ വിസ ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine