കുറഞ്ഞ ചെലവില്‍ വീട്ടില്‍ നിര്‍മിക്കാം അണുനാശിനി

മഹാമാരിക്കാലം പുതിയ ബിസിനസ്സ് സാധ്യതകളെയും പുതിയ ഉല്‍പ്പന്നങ്ങളെയും ലോകത്തിന് പരിചയപ്പെടുത്തിയ കാലം കൂടിയായിരുന്നു. അണുനശീകരണത്തിനും ശുചീകരണത്തിനും വലിയ പ്രാധാന്യം കൈവന്നു. ദീര്‍ഘകാലത്തേക്ക് തുടരേണ്ടിയും വരുന്നതിനാല്‍ ചിലവ് കുറഞ്ഞ അണുനശീകരണ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. അണുനശീകരണത്തിനും ശുചീകരണത്തിനും ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ യൂണിയനും ഡിഫന്‍സ് റിസേര്‍ച്ച് & ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനും അംഗീകരിച്ചതും ചിലവ് കുറഞ്ഞതുമായ അണുനാശിനിയാണ് ഹൈപ്പോക്ലോറസ് ആസിഡ്.

പച്ചവെള്ളത്തില്‍ ഉപ്പ് കലര്‍ത്തി തയാറാക്കുന്ന ലായനിയില്‍ വൈദ്യുത വിശ്ലേഷണം നടത്തിയാണ് ഹൈപ്പോക്ലോറസ് ആസിഡ് നിര്‍മിക്കുന്നത്. പേരിനൊപ്പം ആസിഡ് നിലവിലുണ്ടെങ്കിലും പാര്‍ശ്വഫലങ്ങളില്ലാത്ത അണുനാശിനിയാണ് ഹൈപ്പോക്ലോറസ് ആസിഡ്. മറ്റേതൊരു അണുനാശിനിയുംപോലെ ബാക്ടീരിയയ്‌ക്കൊപ്പം വൈറസുകളെയും നശിപ്പിക്കുന്ന കാര്യത്തില്‍ 99.99% ഫലപ്രാപ്തിയും നല്‍കുന്നു. വളരെ കുറഞ്ഞ ഉല്‍പ്പാദനചിലവും സുഗമമായ രീതിയിലുള്ള ഉല്‍പ്പാദന പ്രക്രിയയും മൂലം വരും കാലത്തെ അണുനാശിനിയായി ഹൈപ്പോക്ലോറസ് ആസിഡിനെ വിശേഷിപ്പിക്കുന്നു.
ഉപയോഗം
വന്‍തോതില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട ഹോസ്പിറ്റലുകള്‍, ഹോട്ടലുക, കല്യാണ മണ്ഡപങ്ങള്‍, സിനിമ തീയറ്ററുകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍, വിനോദ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്വകര്യ ഓഫീസുകള്‍ ബാങ്കുകള്‍, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങി ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലൊക്കെ അണുനശീകരണം നടത്താന്‍ ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗിക്കാം. കൂടാതെ വ്യവസായ സ്ഥാപനങ്ങള്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, പൊതു ശൗചാലയങ്ങള്‍ പച്ചക്കറികടകള്‍ തുടങ്ങി മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഇടങ്ങളില്‍ ബാക്ടീരിയയെയും വൈറസുകളെയും നശിപ്പിക്കുന്നതിനും ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗപ്പെടുത്താം. വ്യക്തിഗത ഉപയോഗത്തില്‍ കൈകള്‍ സാനിറ്റൈസ് ചെയ്‌യുന്നതിന് ഏറ്റവും സുരക്ഷിതമായ അണുനാശിനിയായും ഹൈപ്പോക്ലോറസ് ആസിഡ് ഉപയോഗപ്പെടുത്താം.
സംരംഭക സാധ്യത
ഹൈപ്പോക്ലോറസ് ആസിഡ് നിര്‍മ്മിക്കാന്‍ ലിറ്ററിന് 10 പൈസയില്‍ താഴെ മാത്രമേ ചിലവുള്ളു. ഹൈപ്പോക്ലോറസ് ആസിഡ് ജനറേറ്റര്‍ വീട്ടില്‍ തന്നെ സ്ഥാപിച്ച് ഉല്‍പ്പാദനം നടത്താം. വലിയ തോതില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഹൈപ്പോക്ലോറസ് ആസിഡ് നേരിട്ട് സപ്ലൈ ചെയ്യാം. 10 ലിറ്റര്‍ 50 ലിറ്റര്‍ 200 ലിറ്റര്‍ ക്യാനുകളില്‍ വിതരണം നടത്താം. സൂര്യപ്രകാശം കടന്നുപോകാത്ത HDPE കളര്‍ ക്യാനുകളില്‍ വായു സമ്പര്‍ക്കം ഉണ്ടാക്കാത്തവിധം പായ്ക്ക് ചെയ്ത് മുറിക്കുള്ളില്‍ വേണം സൂക്ഷിക്കാന്‍. വിതരണത്തിന് അയക്കുമ്പോളും കവറിംഗ് ബോഡിയുള്ള വാഹനങ്ങള്‍ ഉപയോഗപ്പെടുത്തണം. ആസിഡിന്റെ താപനില 250 സെല്‍ഷ്യസിന് മുകളിലേക്ക് ഉയരാതെ സൂക്ഷിക്കാന്‍ ഇത് സഹായകരമാകും. 50 മില്ലിലിറ്റര്‍ മുതല്‍ 1000 മി്ല്ലിലിറ്റര്‍ വരെയുള്ള HDPE ബോട്ടിലുകളില്‍ ഹൈപ്പോക്ലോറസ് ആസിഡ് നിറച്ച് എയര്‍ ടൈറ്റ് ക്യാപ്പ് ഉപയോഗിച്ച് സീല്‍ ചെയ്ത് ഹാര്‍ഡ് സാനിറ്റൈസറും വിപണിയിലെത്തിക്കാം. ആല്‍ക്കഹോള്‍ അധിഷ്ഠിതമല്ലാത്തതിനാല്‍ ലൈസന്‍സുകള്‍ നേടുന്നതിനും എളുപ്പമാണ്. പ്രാദേശികമായി തന്നെ വിപണി കണ്ടെത്താം. ലളിതമായ ഉല്‍പ്പാദന പ്രിക്രിയ, അസംസ്‌കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത, പുതിയ ഉല്‍പ്പന്നം എന്ന നിലയില്‍ ആദ്യകാലത്ത് മത്സരം നേരിടേണ്ടി വരുന്നില്ല, വിലക്കുറവ് എന്നിവ ഈ വ്യവസായത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
അസംസ്‌കൃത വസ്തുക്കള്‍ യന്ത്രം
പച്ചവെള്ളവും കല്ലുപ്പുമാണ് അസംസ്‌കൃതവസ്തുക്കള്‍. കൊറിയന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കുന്ന ഹൈപ്പോക്ലോറാസ് ആസിഡ് ജനറേറ്ററാണ് പ്രധാന യന്ത്രം.
നിര്‍മാണ രീതി
ആസിഡ് ജനറേറ്ററില്‍ വാട്ടര്‍ ഇന്‍ലെറ്റ് ഘടിപ്പിക്കണം. 2 ലിറ്റര്‍ വെള്ളത്തില്‍ 400 ഗ്രാം ഉപ്പ് ലയിപ്പിച്ച് ജനറേറ്റര്‍ ടാങ്കില്‍ ലോഡ് ചെയ്‌യണം. തുടര്‍ന്ന് വൈദ്യുത വിശ്ലേഷണം നടക്കുമ്പോള്‍ പുറത്തുവരുന്ന ഹൈപ്പോക്ലോറാസ് ആസിഡ് HDPE ക്യാനുകളില്‍ നിറച്ച് സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാം. പൊള്ളലോ മാറ്റ് പാര്‍ശ്വഫലങ്ങളോ ഇല്ലാത്തതിനാല്‍ നിര്‍മാണ പ്രക്രിയയില്‍ അപകട സാധ്യതയില്ല. 50പിപിഎം മുതല്‍ 400 പിപിഎം വരെ വിവിധ ഗാഡതയില്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും.
മൂലധന നിക്ഷേപം
(പ്രതിദിനം 800 ലിറ്റര്‍ നിര്‍മിക്കുന്ന പ്ലാന്റിന് ആവശ്യമായത്)
ഹൈപ്പോക്ലോറാസ് ആസിഡ് ജനറേറ്റര്‍ = 1,40,000.00
ക്യാനുകള്‍, അനുബന്ധ സംവിധാനങ്ങള്‍ = 10,000.00
ആകെ = 1,50,000.00
പ്രവര്‍ത്തന വരവ് ചിലവ് കണക്ക്
ചിലവ്
(പ്രതിദിനം 800 ലിറ്റര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചിലവ്)
ഉപ്പ് 3 കിലോഗ്രാം X 15.00 = 90.00
വേതനം = 500.00
വിതരണചിലവ്, വൈദ്യുത ചാര്‍ജ് = 1500.00
ഇതര ചിലവുകള്‍ = 150.00
ആകെ = 2,240.00
വരവ്
(പ്രതിദിനം 800 ലിറ്റര്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് )
ലിറ്റര്‍വില = 15.00 രൂപ
800 ലിറ്റര്‍ x 15.00= 12,000.00
നിലവില്‍ മാര്‍ക്കറ്റ് വില ലിറ്ററിന് 40 രൂപ വരെയുണ്ട്
ലാഭം= 12,000.00 - 2240.00= 9760.00
സാങ്കേതികവിദ്യ പരിശീലനം
ഹൈപ്പോക്ലോറാസ് ആസിഡ് നിര്‍cാണ സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭ്യമാണ്. 04852999990
ലൈസന്‍സുകള്‍
ഉദ്യം രജിസ്‌ട്രേഷന്‍, പായ്ക്കിംഗ് ലൈസന്‍സിംഗ്, ചരക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ എന്നിവ നേടി വ്യവസായം ആരംഭിക്കാം.


Related Articles
Next Story
Videos
Share it