നിര്‍മിത ബുദ്ധിയില്‍ പ്രാവീണ്യം ഉണ്ടോ, യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍ ഏറെ
നിര്‍മിത ബുദ്ധിയില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി ദുബൈയില്‍ നടക്കുന്ന ജി ടെക്‌സ് 2023 എന്ന ടെക്നോളജി പരിപാടിയില്‍ പങ്കെടുത്ത കമ്പനികള്‍ അഭിപ്രായപ്പെട്ടു.
പ്രഫഷണലുകളെ ആവശ്യം
കഴിഞ്ഞ മൂന്ന് വര്‍ഷമായി സാങ്കേതിക മേഖലയില്‍ ശമ്പളവും അനൂകൂല്യങ്ങളും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ ജോലിയില്‍ 22,000 മുതല്‍ 25,000 വരെ ദിര്‍ഹം കമ്പനികള്‍ നല്‍കുന്നുണ്ട്. ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ മേഖലകളിലും നിര്‍മിത ബുദ്ധി, ഡാറ്റ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ ശമ്പളവും അനൂകൂല്യങ്ങളും വര്‍ധിച്ചു.
നൗക്രി ഗള്‍ഫ് പോര്‍ട്ടലില്‍ നിലവില്‍ 204 ഒഴിവുകളാണ് നിര്‍മിത ബുദ്ധി വിഭാഗത്തില്‍ കാണിച്ചിരിക്കുന്നത്. സീനിയര്‍ മാനേജര്‍, എ.ഐ ഡെവലപ്പര്‍, ബിഗ് ഡേറ്റ എഞ്ചിനിയര്‍, എ.ഐ-മെഷീന്‍ ലേണിംഗ് ആര്‍ക്കിടെക്റ്റ് തുടങ്ങിയ തൊഴിലവസരങ്ങളാണ് നിലവില്‍ ഉള്ളത്. ഇന്‍ഡീഡ് എന്ന തൊഴില്‍ പോര്‍ട്ടലില്‍ ജനറേറ്റീവ് എ.ഐ എഞ്ചിനിയര്‍, എ.ഐ ഗവേഷകന്‍ തുടങ്ങിയ അവസരങ്ങളാണ് നിലവില്‍ കാണുന്നത്.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
യു.എ.ഇ സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ നിര്‍മിത ബുദ്ധി-റോബോട്ടിക്സ് മേഖലയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2024ല്‍ യു.എ.ഇയില്‍ നിര്‍മിത ബുദ്ധി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നതായി ജി ടെക്‌സ് 2023ല്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്ടോബര്‍ 16ന് ആരംഭിച്ച ജി ടെക്സില്‍ 6000ല്‍ അധികം സ്റ്റാളുകള്‍ സജ്ജമായിട്ടുണ്ട്. 50 രാജ്യങ്ങളില്‍ നിന്നുള്ള യൂണികോര്‍ണുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.