വില്‍ക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ലഭിക്കും?
ഓണ്‍ലൈനില്‍ വിപണി തുടങ്ങുന്നവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എവിടെ നിന്നു ലഭിക്കുമെന്നതാണ് ആദ്യത്തെ ചോദ്യം. അതിന് സാധാരണ കച്ചവടത്തിലെ മാര്‍ഗങ്ങള്‍ തന്നെ ഉപയോഗിക്കാം. അല്ലാത്തൊരു മാര്‍ഗം കൂടിയുണ്ടെന്നതാണ് ഓണ്‍ലൈനിന്റെ പ്രത്യേകത.
1. ഉല്‍പ്പാദകരുമായി ടൈ അപ്പ് ചെയ്യാം
2. ഹോള്‍സെയ്ല്‍ കച്ചവടക്കാരുമായി ടൈ അപ്പ് ചെയ്യാം
3. റീറ്റെയ്ല്‍ കച്ചവടക്കാരുമായി ടൈ അപ്പ് ചെയ്യാം
4. ഡ്രോപ്പ് ഷിപ്പേര്‍സുമായി ടൈ അപ്പ് ചെയ്യാം
മേല്‍ പറഞ്ഞതില്‍ മൂന്നെണ്ണം സാധാരണ കച്ചവടത്തില്‍ നടക്കുന്നതാണ്. നാലാമത്തെ ഡ്രോപ്പ് ഷിപ്പിംഗ് മോഡലാണ് ഓണ്‍ലൈന്‍ വിപണിയില്‍ കുറച്ചുകൂടി സുഖപ്രദമാവുക.
എന്താണ് ഡ്രോപ്ഷിപ്പിംഗ്?
ഇ- കൊമേഴ്‌സില്‍ തുടക്കക്കാര്‍ക്ക് ഒരു ചെലവുമില്ലാതെ തെരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണിത്. നിങ്ങള്‍ ഉപഭോക്താക്കളെ കണ്ടെത്തിയാല്‍ മാത്രം മതി. അത് ഡ്രോപ്പ്ഷിപ്പേഴ്‌സിന് ഓര്‍ഡര്‍ നല്‍കിയാല്‍ സാധനം അവര്‍ ഉപഭോക്താവിന് എത്തിച്ചോളും. സാധനം ഷിപ്പ് ചെയ്യുന്നതിന്റെ ട്രാക്കിംഗും ഡെലിവറിയും ഡ്രോപ് ഷിപ്പറാണ് ചെയ്യുക. അതുകൊണ്ട് തന്നെ സാധനം നമ്മളുടെ കൈയ്യില്‍ എത്തുകയോ അത് കൈകാര്യം ചെയ്യുകയോ വേണ്ടിവരില്ല.
ഇ- കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെയാണോ വില്‍ക്കാന്‍ വയ്ക്കുന്നത്, അതുപോലെ തന്നെ ഡ്രോപ്ഷിപ്പേഴ്‌സ് തരുന്ന ഉല്‍പ്പന്നങ്ങളും നിങ്ങള്‍ക്ക് വില്‍ക്കാന്‍ വയ്ക്കാം. ഉപഭോക്താവിനെ നിങ്ങളുടെ സൈറ്റിലേക്കെത്തിച്ച് സാധാരണ പോലെ വില്‍ക്കാം. നിങ്ങളിടുന്ന വിലയാണ് ഉപഭോക്താവ് അടയ്ക്കുക. ഉദാഹരണത്തിന് ഒരു സാരിക്ക് നിങ്ങള്‍ 5000 രൂപ വിലയിട്ട് വില്‍പ്പനയ്ക്കു വച്ചുവെന്നിരിക്കട്ടേ. ഡ്രോപ്ഷിപ്പേഴ്സിന്റെ വില 2000 രൂപയാണെന്നും സങ്കല്‍പ്പിക്കാം. ബാക്കി തുക കൃത്യമായി നിങ്ങള്‍ക്ക് ലാഭമായി ലഭിക്കും.
അപ്പോള്‍ ബില്ലിംഗോ?
നിങ്ങള്‍ അടിച്ചുനല്‍കുന്ന ബില്ലാണ് ഉപഭോക്താവിന്
ഡ്രോപ്ഷിപ്പര്‍ നല്‍കുക. പാക്കിംഗും നിങ്ങളുടെ ലേബലില്‍ തന്നെ പോകും. പാക്കിംഗിനു വേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കിയാല്‍ മതി. അതായത്, ഡ്രോപ്ഷിപ്പറുടെ അടുത്തു നിന്നാണ് സാധനം എത്തിയതെന്ന് ഉപഭോക്താവിന് അറിയുകയേയില്ല.
പൂര്‍ണമായും വിശ്വസിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ വിപണി മോഡലാണിത്. ആകെയുള്ള പണി, ഉപഭോക്താവിനെ നമ്മുടെ സൈറ്റില്‍ കയറ്റി ഓര്‍ഡര്‍ ചെയ്യിപ്പിക്കുക എന്നതു മാത്രമാണ്.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സിയേര്‍സ്, ആലിബാബ തുടങ്ങിയ പ്രമുഖ വെബ്‌സൈറ്റുകളും നിരവധി ഉല്‍പ്പന്നങ്ങള്‍ക്കായി ആശ്രയിക്കുന്നത് ഡ്രോപ്ഷിപ്പേഴ്സിനെയാണ്.
ഡ്രോപ്ഷിപ്പിംഗിന്റെ ഗുണങ്ങള്‍
വലിയ മൂലധനം ആവശ്യമില്ല: ഓണ്‍ലൈനില്‍ വില്‍പ്പന ആരംഭിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗമാണ് ഡ്രോപ്ഷിപ്പിംഗ്. വലിയ തുക നിക്ഷേപിക്കേണ്ട ആവശ്യമില്ല. അതേസമയം, ആയിരക്കണക്കിന് സാധനങ്ങള്‍ ഉപഭോക്താവിന് മുമ്പില്‍ വില്‍പ്പനയ്ക്കു വയ്ക്കാം.
കൂടാതെ ബിസിനസ് സ്‌പേസ്, ഉപകരണങ്ങള്‍, ലിസ്റ്റിംഗ്, പാക്കേജിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതില്ല. ഇനി കച്ചവടം പരാജയപ്പെടുകയാണെങ്കില്‍ റിസ്‌ക് കുറവായിരിക്കും. കാരണം, നമ്മള്‍ ബിസിനസിന്റെ തുടക്കത്തിനായി കാര്യമായ നിക്ഷേപം നടത്തുന്നില്ലല്ലോ.
വന്‍ ബിസിനസുകള്‍ക്ക് ഗോഡൗണ്‍, സ്‌റ്റോറേജ്, ഉപകരണങ്ങള്‍, തൊഴിലാളികള്‍ എന്നീ ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ പണം ലാഭിക്കാനുമാകും. മൊത്തവില്‍പ്പനയുടെ ലാഭം കയ്യിലെത്തുകയും സാധനങ്ങള്‍ ചുമക്കുന്നതിന്റെ അസൗകര്യവും റിസ്‌കും ഇല്ലാതാവുകയും ചെയ്യുമെന്നതാണ് മറ്റൊരു മെച്ചം.
സൗകര്യപ്രദം, ഫലപ്രദം: നേരിട്ട് ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കണമെങ്കില്‍ ഒരുപാട് ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വേണ്ടിവരും. പക്ഷെ, ഇവിടെ അത് ആവശ്യമില്ല. കൂടാതെ ബിസിനസ് നടത്തിക്കൊണ്ടു പോകേണ്ടതിന്റെ ബുദ്ധിമുട്ട്, കസ്റ്റമര്‍ സര്‍വീസ്, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ നമ്മള്‍ അറിയേണ്ടതേയില്ല.
മൊബിലിറ്റി: സാധനങ്ങള്‍ നമ്മുടെ കൈയ്യിലെത്താതെയാണ് ഡ്രോപ്ഷിപ്പറുടെ അടുത്തുനിന്ന് നേരിട്ട് ഉപഭോക്താവിലെത്തുന്നത്. അതുകൊണ്ടു തന്നെ നമ്മളതിനെപ്പറ്റി ഒന്നും അറിയേണ്ട, പാക്കിംഗ്, ഡെലിവറി തുടങ്ങിയ ഒന്നും. ഇന്റര്‍നെറ്റ് കണക്ഷനുള്ള എവിടെ നിന്നും ബിസിനസ് നിയന്ത്രിക്കാം.
ബിസിനസിനെ ദ്രുതഗതിയിലാക്കാം: ഓര്‍ഡര്‍ കിട്ടിയ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കാനും ഷിപ്പിംഗിനും ഒരുപാട് സമയമെടുക്കും. കുറച്ച് ഓര്‍ഡറുകള്‍ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ വലിയ പ്രയാസമില്ലാതെ നീങ്ങും. എന്നാല്‍ ബിസിനസ് വളരാന്‍ തുടങ്ങിയാല്‍ എല്ലാംകൂടി മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടും. സമയബന്ധിതമായി ഓര്‍ഡറുകള്‍ എത്തിക്കാനും കസ്റ്റമര്‍ സര്‍വീസിനും ഡ്രോപ് ഷിപ്പേഴ്സിനെ ആശ്രയിക്കുന്നതാണ് നല്ലത്. അങ്ങനെ സ്വന്തംകാലില്‍ നില്‍
ക്കാനായാല്‍ മാത്രം കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കുന്നതാകും ഉചിതം.
കസ്റ്റമര്‍ സര്‍വീസിന് കൂടുതല്‍ സമയം: ചരക്കു പട്ടിക നിയന്ത്രിക്കുക, ലേബല്‍ പ്രിന്റ് ചെയ്യുക, ഓര്‍ഡറുകള്‍ ഷിപ്പ് ചെയ്യുക തുടങ്ങി കൂടുതല്‍ സമയം വേണ്ടിവരുന്ന ജോലികള്‍ ഡ്രോപ് ഷിപ്പര്‍ ചെയ്യുന്നതിനാല്‍ നമ്മളുടെ സമയം ബിസിനസിനെ മാര്‍ക്കറ്റ് ചെയ്യാനും കസ്റ്റമര്‍ സര്‍വീസിനും വേണ്ടി ഉപയോഗിക്കാനാവും. നിങ്ങളുടെ വെബ്‌സൈറ്റിനെയും അതിലൂടെ ഉല്‍പ്പന്നങ്ങളെയും പ്രൊമോട്ട് ചെയ്യാനും കൂടുതല്‍ സമയം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ വിപണിയില്‍ തുടക്കക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന മോഡല്‍ തന്നെയാണ് ഡ്രോപ് ഷിപ്പിംഗ്. ഇത് എങ്ങനെ തുടങ്ങാം, എവിടെ രജിസ്റ്റര്‍ ചെയ്യാം, ഈ രംഗത്തെ കുലപതികള്‍ ആരൊക്കെ, ദോഷങ്ങള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍.