നിങ്ങള്‍ നല്ല കണ്ടന്റ് ക്രിയേറ്ററാണോ? ദുബൈയിലെ മല്‍സരത്തില്‍ പങ്കെടുക്കാം; സമ്മാനം 10 ലക്ഷം ഡോളര്‍


ആകര്‍ഷകവും കാമ്പുള്ളതുമായ സോഷ്യല്‍ മീഡിയ കണ്ടന്റ് ഉണ്ടാക്കുന്നതില്‍ നിങ്ങള്‍ക്ക് മിടുക്കുണ്ടോ? മികച്ച ആശയവും സ്‌ക്രിപ്റ്റും പ്രസന്റേഷനും ഉപയോഗിച്ച് കണ്ടന്റുകള്‍ നിര്‍മിച്ച് മറ്റുള്ളവരെ ഞെട്ടിക്കാന്‍ ആവുമോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 10 ലക്ഷം ഡോളറിന്റെ സമ്മാനമാണ്. ദുബൈയില്‍ ജനുവരിയില്‍ നടക്കുന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റിനോടനുബന്ധിച്ചാണ് വിവിധ രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി മെഗാ മല്‍സരം സംഘടിപ്പിക്കുന്നത്. മല്‍സരത്തിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ആരംഭിച്ചു. നവംബര്‍ 30 വരെ അപേക്ഷിക്കാം. ദുബൈയിലെ ന്യൂ മീഡിയ അകാദമിയാണ് ജനുവരി 11 മുതല്‍ 13 വരെ കണ്ടന്റ് ഫോര്‍ ഗുഡ് എന്ന ആശയത്തില്‍ വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം

അവാര്‍ഡിനായി അയക്കുന്ന കണ്ടന്റിനൊപ്പം അതിന്റെ ആശയം, ക്രിയേറ്ററുടെ മുന്‍കാല സൃഷ്ടികള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രോജക്ട് അയക്കണം. വ്യക്തികള്‍ക്ക് നേരിട്ട് മല്‍സരത്തില്‍ പങ്കെടുക്കുകയോ മറ്റുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യുകയോ ആകാം. ഡിസംബര്‍ 1 മുതല്‍ 15 വരെ ജഡ്ജിംഗ് കമ്മിറ്റി അപേക്ഷകള്‍ വിലയിരുത്തി പത്ത് മികച്ച കണ്ടന്റുകള്‍ തെരഞ്ഞെടുക്കും. തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ 31 വരെ ഈ കണ്ടന്റുകളില്‍ ഓണ്‍ലൈന്‍ വോട്ടിംഗും ആരംഭിക്കും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന കണ്ടന്റിനാകും 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുക. ജനുവരി 12 നാണ് വിജയിയെ പ്രഖ്യാപിക്കുക.

നിബന്ധനകള്‍ ഇങ്ങനെ

ലോകത്തിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍മാരെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍മാരെയും പങ്കെടുപ്പിച്ചുള്ള മല്‍സരമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. മല്‍സരത്തിനുള്ള കണ്ടന്റുകളുടെ സ്വഭാവം സംബന്ധിച്ച് നിബന്ധനകളുണ്ട്. സാംസ്‌കാരികവും മാനവികവും സാമൂഹികവുമായ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതാകണം കണ്ടന്റുകള്‍. മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം. രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തണം. അപരനോടുള്ള സഹാനുഭൂതിയും മനുഷ്യര്‍ക്കിടയില്‍ സുസ്ഥിരമായ പിന്തുണയും പ്രോല്‍സാഹിപ്പിക്കുന്നതാകണം. സോഷ്യല്‍ മീഡിയ നിയമങ്ങളെ പാലിക്കുന്നതും ഗുണനിലവാരം പുലര്‍ത്തുന്നതുമാകണം. ആഗോള പ്രേക്ഷകരോട് സംവദിക്കുന്നതാകണം. www.1billionsummit.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

Related Articles
Next Story
Videos
Share it