ചായ കുടിക്കാം കപ്പ് കഴിക്കാം, വരുമാനവും തരും ബിസ്‌കറ്റ് കപ്പ്

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനം പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് വലിയ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പേപ്പര്‍ കപ്പ് നിരോധിച്ചതോടെ ഹോട്ടലുകളും ശീതളപാനീയ വില്‍പ്പനക്കാരും, കാറ്ററിംഗുകാരും അടക്കം പേപ്പര്‍ കപ്പിന് പകരക്കാരെ തിരയുകയാണ്.
മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകള്‍ക്ക് വലിയ ഡിമാന്റാണ്.
ഈ ആവശ്യകത പരിഹരിക്കുന്നതിനുള്ള ഏറ്റവും പുതിയ പരിഹാരമാണ് ധാന്യപൊടികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചായകപ്പുകള്‍.
എഡിബിള്‍ കപ്പുകള്‍
ധാന്യപൊടികളില്‍ നിന്നാണ് എഡിബിള്‍ കപ്പുകള്‍ നിര്‍മ്മിക്കുന്നത്. ചായ, കാപ്പി, ശീതളപാനീയങ്ങള്‍, വെള്ളം എന്നിവ കുടിച്ച ശേഷം ഇഷ്ടമുള്ളവര്‍ക്ക് കപ്പ് കഴിക്കാം എന്നുള്ളതാണ് ഈ കപ്പിന്റെ പ്രത്യേകത. ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ വളരെ വേഗം മണ്ണിലും ലയിച്ച് ചേരും. 60 മില്ലി, 90 മില്ലി തുടങ്ങിയ അളവുകളിലാണ് സാധാരണ ഇത്തരം കപ്പുകള്‍ നിര്‍മിക്കുന്നത്. ഐസ് ക്രീം നിറയ്ക്കുന്നതിനുള്ള കോണും ഇതേ രീതിയില്‍ തന്നെ നിര്‍മ്മിച്ചെടുക്കാം. യന്ത്രസഹായത്തോടെയാണ് ധാന്യപൊടിയില്‍ നിന്നും കപ്പ് നിര്‍മിക്കുന്നത്.
സാധ്യതകള്‍
വിപണിയില്‍ വലിയ ഡിമാന്‍ഡ് നിലനില്‍ക്കുന്നു എന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ സാധ്യത. പ്രാദേശികമായി ലഭ്യമായ ധാന്യപ്പൊടികളാണ് അസംസ്‌കൃതവസ്തുക്കള്‍. വലിയ സങ്കീര്‍ണ്ണനതകളില്ലാത്ത നിര്‍മാണരീതി, ചെറിയ സൗകര്യത്തിലും ആരംഭിക്കാം എന്നീ സൗകര്യങ്ങളുണ്ട്. വിതരണക്കാരെ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല.
നിര്‍മ്മാണരീതി
മൈദ, കോണ്‍ പൗഡര്‍, ചെറുധാന്യങ്ങള്‍ പഞ്ചസാര എന്നിവ യന്ത്ര സഹായത്താല്‍ മിക്‌സ് ചെയ്ത് മാവ് പരുവത്തിലാകുന്നു. തുടര്‍ന്ന് കപ്പ് നിര്‍മ്മാണ യന്ത്രത്തിന്റെ അച്ചുകളില്‍ മാവ് നിറയ്ക്കും. തുടര്‍ന്ന് 3 മിനിറ്റ് സമയം അടച്ച് വയ്ക്കും. തുടര്‍ന്ന് ലോക്ക് തുറന്ന് അച്ചിന്റെ മുകള്‍ ഭാഗത്തുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് രൂപ ഭംഗി വരുത്തും. അച്ചില്‍ നിന്ന് കപ്പ് പുറത്തെടുത്ത് അടക്കി പായ്ക്ക് ചെയ്യും.
കപ്പ് നിര്‍മ്മാണ സമയത്ത് 30 ശതമാനം വരെ വേസ്റ്റ് പോകാനുള്ള സാധ്യതയും ഉണ്ട്.
മൂലധന നിക്ഷേപം
കപ്പ് നിര്‍മാണയന്ത്രം 2,90,000.00
മിക്‌സിംഗ് യന്ത്രം 50,000.00
പ്രവര്‍ത്തന മൂലധനം 1,00,000.00
ആകെ 4,40,000.00
പ്രവര്‍ത്തന വരവ് ചിലവ് കണക്ക്
ചെലവ്
(പ്രതിദിനം 2000 കപ്പുകള്‍ നിര്‍മിക്കുന്നതിന്റെ ചിലവ്)
മൈദ, കോണ്‍ പൌഡര്‍, പഞ്ചസാര, ധാന്യങ്ങള്‍ 1500.00
വൈദ്യുതി, അനുബന്ധ ചിലവുകള്‍ 500.00
തൊഴിലാളികളുടെ വേതനം 600.00
ആകെ 2600.00
വരവ്
(പ്രതിദിനം 2000 കപ്പുകള്‍ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത്)
2000 എണ്ണം x 4.00 = 8000.00
ലാഭം
8000.00-2600.00= 5400.00
സാങ്കേതികവിദ്യ പരിശീലനം
ധാന്യകപ്പ് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവും അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍: 0485 2999990, 9446713767


Related Articles

Next Story

Videos

Share it