

എഞ്ചിനിയറിംഗും എംബിഎയും പഠിക്കാനൊരുങ്ങുന്നവര്‍ ഈ കണക്ക് കാണണം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയവരില്‍ 83 ശതമാനം പേര്‍ക്കും ജോലി കിട്ടിയിട്ടില്ല. മികച്ച ഇന്റേണ്‍ഷിപ്പ് പോലുമില്ല. എംബിഎ കഴിഞ്ഞവരില്‍ 50 ശതമാനം പേരുടെ ഗതിയും ഇതുതന്നെ.
ഒരു കാലത്ത് കമ്പനികള്‍ വരവേറ്റിരുന്ന പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക് ഡിമാന്റ് കുറയുകയാണെന്നാണ് തൊഴില്‍ വിപണിയില്‍ നിന്നുള്ള സൂചന. ഇന്ത്യന്‍ തൊഴില്‍ രംഗം പ്രതിസന്ധിയിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ ഗവേഷണ സ്ഥാപമായ അണ്‍സ്റ്റോപ്പ് (Unstop), രാജ്യത്തെ 30,000 യുവ പ്രഫഷണലുകള്‍ക്കും 700 എച്ച്ആര്‍ മേധാവികള്‍ക്കും ഇടയിലാണ് സര്‍വെ നടത്തിയത്. ബെഗളുരുവില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തിരുന്നു. പഠനം കഴിഞ്ഞവര്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പ് ലഭിക്കാന്‍ അവസരങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നാലില്‍ ഒരാള്‍ അണ്‍പെയ്ഡ് ഇന്റേണ്‍ഷിപ്പ് തെരഞ്ഞെടുക്കേണ്ടി വന്നു. മുന്‍ വര്‍ഷം ഇത് എട്ടില്‍ ഒരാള്‍ മാത്രമായിരുന്നു. പണം ലഭിക്കാതെയും ജോലി ചെയ്യാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകുന്നുവെന്നതിന്റെ സൂചനയാണിത്.
അവസരങ്ങള്‍ കുറയുകയാണെങ്കിലും എഞ്ചിനിയറിംഗ്, എംബിഎ ബിരുദധാരികള്‍ക്ക് മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ട്‌സ് വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് ഇപ്പോഴും മെച്ചപ്പെട്ട ശമ്പളമില്ല. ഐടി, സര്‍വീസ് മേഖലകളില്‍ അവസരങ്ങള്‍ വരുന്നത് എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് മാന്യമായ ശമ്പളം ലഭിക്കാന്‍ സഹായിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം. കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകോര്‍ക്കുന്നതിലൂടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളെ രംഗത്തിറക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine