ഡിജിറ്റല്‍ പൗരനായി യൂറോപ്പില്‍ ബിസിനസ് തുടങ്ങാം
യൂറോപ്പില്‍ സംരംഭം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഏതൊരു രാജ്യത്തെ പൗരനും വളരെ എളുപ്പത്തില്‍ അത് സാധ്യമാക്കാന്‍ വേണ്ടി എസ്റ്റോണിയ എന്ന ഒരു ചെറിയ രാജ്യം അവതരിപ്പിക്കുന്ന പദ്ധതിയാണ് ഇ-റെസിഡന്‍സി.
രാജ്യം അതിന്റെ വിസ്തീര്‍ണത്തിലും ജനസംഖ്യയിലും ചെറുതാണെങ്കിലും മുന്നോട്ടു വെക്കുന്ന സാധ്യതകള്‍ വളരെ വിപുലമാണ്.ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് എസ്റ്റോണിയ. പല യൂറോപ്യന്‍ രാജ്യങ്ങളും കടക്കെണിയില്‍ പെട്ട് മൂക്കുകുത്തി വീണപ്പോഴും എസ്റ്റോണിയയുടെ കുതിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു. ലോകബാങ്കിനോടോ, ഐ എം എഫിനോടോ എസ്റ്റോണിയ ഇതുവരെ കടപ്പെട്ടിട്ടില്ല എന്നതും ഈ രാജ്യത്തിന്റെ സമ്പന്നതയ്ക്ക് ഉത്തമ ഉദാഹരണമാണ്.
എണ്ണയുടെയും ചുണ്ണാമ്പ് പാറയുടെയും വന്‍ നിക്ഷേപം ഈ രാജ്യത്തുണ്ട്. ഫോസ്‌ഫേറ്റ്, ഗ്രാനൈറ്റ് ഖനികളും ധാരാളം. ആദായ നികുതി ഒരേ നിരക്ക് ആക്കിയതു കൂടാതെ, സ്വകാര്യവല്‍ക്കരണം, ബിസിനസ് തുടങ്ങുന്നതില്‍ ഉള്ള ചുവപ്പുനാട ഇല്ലാതാക്കല്‍, ലളിതമായ നികുതി സമ്പ്രദായം തുടങ്ങിയ നീക്കങ്ങള്‍ നടത്തി നിക്ഷേപ സൗഹൃദമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എസ്റ്റോണിയ മുന്‍പന്തിയിലാണ്.
ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാതിരുന്ന സോവിയറ്റ് നിയന്ത്രിത എസ്റ്റോണിയയില്‍ നിന്ന് കടലാസ്‌രഹിത ഭൂരേഖകളിലേക്കുള്ള മാറ്റം, രാജ്യത്ത് ഉടനീളം ഇന്റര്‍നെറ്റ് ലഭ്യത, ഓണ്‍ലൈന്‍ വോട്ട് ചെയ്യാനുള്ള സൗകര്യം, ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ബ്രോഡ്ബാന്‍ഡ്. കരം അടയ്ക്കല്‍ തൊട്ട്, പാര്‍ക്കിംഗിനുള്ള പണം കൊടുക്കുന്നതു വരെ ഡിജിറ്റല്‍ ആക്കി ഈ കുഞ്ഞന്‍ രാജ്യം ലോകത്തെ ഞെട്ടിച്ചു.
2000ല്‍ ഇന്റര്‍നെറ്റിനെ മനുഷ്യാവകാശമായി പ്രഖ്യാപിച്ചു. സൗജന്യ വൈ ഫൈ എല്ലായിടത്തും എത്തി. ഇതിനിടയില്‍ സ്വകാര്യ മേഖല വളര്‍ന്നു പന്തലിച്ചു. ചെറുസംരംഭങ്ങള്‍ പൊട്ടിമുളച്ചു. സ്‌കൈപ്പ്, ട്രാന്‍സ്ഫര്‍ വൈസ് തുടങ്ങിയവ ഇതില്‍ ചിലതു മാത്രം. സര്‍ക്കാര്‍ ഇടപാടുകള്‍ മുതല്‍ സ്‌കൂള്‍ വരെ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണമായ ഡിജിറ്റല്‍വല്‍ക്കരണം ഇവയെല്ലാം ചേര്‍ന്ന് സംരംഭസൗഹൃദ അന്തരീക്ഷം അവിടെ സൃഷ്ടിക്കുന്നു.
ഈ ശ്രദ്ധേയമായ സവിശേഷതകള്‍ കാരണം ഇന്നും സംരംഭകരുടെ എണ്ണത്തില്‍ ഈ ചെറുരാജ്യം മുന്നിട്ട് നില്‍ക്കുന്നു. ജനസംഖ്യാ അനുപാതത്തില്‍ നോക്കിയാല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ യൂറോപ്പില്‍ മുന്‍പന്തിയിലാണ് ഈ ബാള്‍ട്ടിക് രാജ്യം. ഇ - റെസിന്‍ഡന്‍സി തങ്ങളുടെ രാജ്യത്തെ ലോകത്തിന്റെ തന്നെ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ആക്കാനുള്ള ഇവരുടെ നീക്കങ്ങള്‍ അവസാനിച്ചിട്ടില്ല.
വിദേശികള്‍ക്ക് ഇ-സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ വേണ്ടി ആരംഭിച്ച 'ഇ-റെസിഡന്‍സി' പദ്ധതി ശ്രദ്ധേയമാണ്. താമസിക്കാനുള്ള പെര്‍മിറ്റോ പൗരത്വമോ അല്ല, മറിച്ച് എസ്റ്റോണിയയില്‍ സംരംഭം തുടങ്ങാനും ബാങ്ക് ഇടപാടുകള്‍ നടത്താനും ഉള്ള സവിശേഷമായ ഒരു പെര്‍മിറ്റ് ആണ് ഈ ഇ-റെസിന്‍ഡന്‍സി.
എളുപ്പത്തില്‍ സംരംഭം തുടങ്ങുവാന്‍ സാധിക്കും എന്ന് മാത്രമല്ല, കരാറുകള്‍ ഒപ്പിടുവാനും ടാക്‌സ് റിട്ടേണുകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുവാനും ഡിജിറ്റല്‍ ഐഡി കാര്‍ഡ് സംവിധാനം ഉള്ള ഈ പദ്ധതി പ്രകാരം സാധിക്കുന്നു. ഇ-റെസിഡന്‍സി പദ്ധതി ഇതിനകം തന്നെ അനേകം വിദേശ സംരംഭകര്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞു. അതില്‍ ഇന്ത്യക്കാരും നിരവധി.
യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ എസ്റ്റോണിയയും വരുന്നതിനാല്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായുള്ള കരാറുകള്‍ വളരെ എളുപ്പത്തില്‍ തന്നെ നടക്കുന്നു. എങ്ങനെ അപേക്ഷിക്കാം https://apply.gov.ee എന്ന ഓണ്‍ലൈന്‍ ലിങ്ക് ക്ലിക്ക് ചെയ്തു 100 യൂറോ ഫീസ് അടച്ചു അപേക്ഷ സമര്‍പ്പിക്കുക.
ഒരു ബാക്ഗ്രൗണ്ട് വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള എസ്‌റ്റോണിയന്‍ എംബസിയില്‍ (ഇന്ത്യയില്‍ അത് ഡല്‍ഹിയില്‍ ആണ്) പോയി നമുക്ക് സ്മാര്‍ട്ട് ID കൈപ്പറ്റാവുന്നതാണ്.
2017 ഡിസംബർ 15 ലക്കം ധനം മാഗസിനിൽ പ്രസിദ്ധീകരിച്ചത്