കണ്ടെത്തൂ, ഒരു കിടിലന്‍ ഐഡിയ

ഓണ്‍ലൈന്‍ ബിസിനസ് എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കൊരു തോന്നലുണ്ടാവും. എന്തു ബിസിനസാണ് തുടങ്ങാന്‍ പറ്റുകയെന്ന്, അല്ലേ? ചിലര്‍ക്ക് മനസില്‍ ഒരുപാട് ഐഡിയകള്‍ ഉണ്ടാവും. ഒരുപക്ഷെ, ഉറങ്ങാന്‍ കിടക്കുമ്പോഴോ ബാത്ത്‌റൂമില്‍ പോകുമ്പോഴോ മനസ് ശാന്തമായിരിക്കുമ്പോഴോ ആയിരിക്കും ഈ ഐഡിയകളൊക്കെ കുമിഞ്ഞുവരിക. പിന്നീടൊരിക്കല്‍ ആലോചിച്ചെടുക്കുമ്പോള്‍ ഇതൊന്നും ഓര്‍മ്മ കിട്ടിയെന്നു വരില്ല. അതിനൊരു വഴിയുണ്ട്. എന്തെങ്കിലും ഐഡിയ കിട്ടിയാല്‍ അപ്പോള്‍ തന്നെ അതു കുറിച്ചുവയ്ക്കുക. ബാത്ത്‌റൂമില്‍ പോലും ഡയറി കരുതിയിരുന്ന ഗാന്ധിജിയുടെ മാതൃക നമുക്കൊന്ന് ഡിജിറ്റലായി മാറ്റിപ്പിടിക്കാം. എപ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ കൂടെക്കരുതുന്ന നമ്മള്‍, അതിലെ നോട്ട് ആപ്പില്‍ കുറിച്ചിട്ടാല്‍ മതിയല്ലോ. അല്ലെങ്കില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച് 'സീ ഒണ്‍ലി മി' എന്ന ഒപ്ഷനില്‍ പോസ്റ്റ് ചെയ്യുകയുമാവാമല്ലോ. അതാവുമ്പോ എവിടെ നിന്നും ഏതു സമയവും തുറക്കാനുമാവും.

ഐഡിയ ഉള്ളവരുടെ കാര്യം വിട്ട് ഐഡിയ ഇല്ലാത്തവരുടെ കാര്യത്തിലേക്ക് കടക്കാം. കാരണം ഐഡിയയുണ്ടെങ്കില്‍ അതു തുടങ്ങാനുള്ള വഴി മാത്രം അറിഞ്ഞാല്‍ മതിയല്ലോ. ആദ്യം ഐഡിയ കണ്ടെത്താം. അതു നടപ്പിലാക്കാനുള്ള വഴി പിന്നീട് പറയാം.

നമ്മുടെ ബിസിനസ് മോഡല്‍?

ലോകത്ത് വിജയകരമായി നടന്നുവരുന്ന, നടത്തിക്കൊണ്ടിരിക്കുന്ന ഒരുപാട് സംരംഭങ്ങളുണ്ട്. ഇതേപ്പറ്റിയറിയാന്‍ യൂട്യൂബിലും ഗൂഗിളിലും തെരഞ്ഞാല്‍ മതി. യഥാര്‍ഥ വിജയ കഥകള്‍ ഇഷ്ടം പോലെ കാണാനാവും. ഐഡിയ ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്ല പ്രചോദനം നല്‍കാന്‍ ഇവ സഹായിക്കും.

ഇങ്ങനെ വിജയിച്ച സംരംഭങ്ങളെ തന്നെ നമുക്ക് മോഡലാക്കിയെടുത്താലോ? സംശയിക്കേണ്ട. വിജയിച്ച സംരംഭങ്ങളെത്തന്നെ നമുക്ക് മോഡലാക്കിയെടുക്കാമെന്നാണ് ലോകത്തെ ഒട്ടുമിക്ക കമ്പനികളുടെയും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നത്. 2007 ല്‍ ഇറങ്ങിയ ഐഫോണിനെ മോഡലാക്കിയാണല്ലോ പിന്നീട് കമ്പനികളായ കമ്പനികളൊക്കെ സ്മാര്‍ട്ട് ഫോണുകളിറക്കിയത്. അപ്പോള്‍ നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റുമെന്നു തോന്നുന്ന ബിസിനസ് മോഡലുകള്‍ നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. നീഷ് മാര്‍ക്കറ്റ് തെരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം. (നീഷ് മാര്‍ക്കറ്റിനെപ്പറ്റി വിശദമായി പിന്നീട്) മോഡല്‍ തെരഞ്ഞെടുത്ത് അതേപോലെ നടത്തിയാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണ്. അവര്‍ക്കുള്ള പോരായ്മകള്‍ മനസിലാക്കി അതൂകൂടി പരിഹരിച്ചും അതില്‍ നിന്നും വ്യത്യസ്തമായി, എന്തൊക്കെ ചെയ്യാനാവും എന്ന് ആലോചിച്ചും വേണം 'കോപ്പി'യടിക്കാന്‍. ഇന്റര്‍നെറ്റില്‍ ബിസിനസ് തുടങ്ങാന്‍ രണ്ടു സ്റ്റെപ്പുകളാണുള്ളത്.

1. പറ്റിയ ബിസിനസ് മോഡല്‍ തെരഞ്ഞെടുക്കുക

ഓഫ്‌ലൈനില്‍ എങ്ങനെയൊക്കെ പണം സമ്പാദിക്കാമോ, അതേപോലെ ഓണ്‍ലൈനിലും പണം സമ്പാദിക്കാം.

• ഉല്‍പ്പന്ന വില്‍പ്പന

വില്‍പ്പനയാണ് ഓഫ്‌ലൈനില്‍ നടക്കുന്ന ഏറ്റവും വലിയ ബിസിനസെന്നു പറയാം. അത് ഓണ്‍ലൈനില്‍ വലിയ വിജയത്തിലായിട്ടുമുണ്ട്. ഇ- കൊമേഴ്‌സ് എന്നാണ് ഉല്‍പ്പന്ന വിപണിയുടെ ഓണ്‍ലൈന്‍ വേര്‍ഷന്‍ അറിയപ്പെടുന്നത്. ആഗോള വിപണിയില്‍ ചില്ലറ വില്‍പ്പനയുടെ പത്തുശതമാനവും നടക്കുന്നത് ഇന്ന് ഓണ്‍ലൈനിലാണ്. ഇത് കൂടുകയല്ലാതെ കുറയാന്‍ തരമില്ല. www.amazone.com, www.flipkart.com തുടങ്ങി നിരവധി ഭീമന്മാര്‍ അടക്കിവാഴുന്നതാണ് ഈ ലോകം. പക്ഷെ, ചെറുകിടക്കാര്‍ക്കും സാധ്യത ഏറെയുള്ള മേഖലയാണിത്.

• റെഫറല്‍ മോഡല്‍

നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന ശക്തമായ ഉപായമാണ് റെഫറല്‍ മോഡല്‍. എയര്‍ബിഎന്‍ബി, ഡ്രോപ്‌ബോക്‌സ് തുടങ്ങി ഫെയ്‌സ്ബുക്ക് പോലും തുടരുന്ന ബിസിനസ് മോഡല്‍.

• സ്‌പേസ് സെല്ലിംഗ് മോഡല്‍

ക്ലാസിഫൈഡ്‌സ്, റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകള്‍ ശ്രദ്ധിച്ചിട്ടില്ലേ. ഈ ഗണത്തില്‍പ്പെട്ട പ്രമുഖ വെബ്‌സൈറ്റുകളാണ് olx.com, Quickr.com, Makkaan.com തുടങ്ങിയവ. സെക്കന്റ്ഹാന്റ് സാധനം വാങ്ങാന്‍ ആളുകള്‍ ഇപ്പോള്‍ നിര്‍ദേശിക്കുക ഒ.എല്‍.എക്‌സില്‍ നോക്കിക്കൂടേയെന്നാണ്.

• സര്‍വീസ് സെല്ലിംഗ്

ഉല്‍പ്പന്ന വില്‍പ്പന മോഡലിനേക്കാളും പച്ചപിടിപ്പിക്കാന്‍ സാധ്യത കൂടുതല്‍ സേവന വില്‍പ്പന മോഡലിനായിരിക്കും. വിനോദ യാത്ര, ഇവന്റ് മാനേജ്‌മെന്റ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി സേവനങ്ങളുമായി ഓണ്‍ലൈനില്‍ ചേക്കേറി കഴിവു തെളിയിച്ചവര്‍ നിരവധി. ഉദാ: www.makemytrip.com, www.booking.com, www.yathra.com, www.trivago.com.

വെബ്‌സൈറ്റ് മോണിറ്റൈസ് ചെയ്യുകയെന്ന കുറച്ച് സങ്കീര്‍ണമായ മോഡലും പയറ്റി വിജയിച്ചവര്‍ ഒട്ടേറെ. വെബ്‌സൈറ്റിനെ തന്നെ പണം തരുന്ന ഇടമാക്കുകയെന്നതാണ് കാര്യം. പാര്‍ട്ട് ടൈമായും, ബ്ലോഗിംഗില്‍ താല്‍പ്പര്യമുള്ളവരുമാണ് ഈ മേഖലയില്‍ ശോഭിക്കുന്നത്. കുറഞ്ഞത് നിങ്ങളുടെ വെബ്‌സൈറ്റിന്റെ ചെലവുകള്‍ നടന്നുപോവാനെങ്കിലും മോണിറ്റൈസ് ചെയ്യുന്നതിലൂടെ സാധ്യമാവും. അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്, പരസ്യത്തിന് സ്ഥലം നല്‍കല്‍, ഗൂഗിള്‍ ആഡ് തുടങ്ങി നിരവധി അവസരങ്ങള്‍ ഈ 0മേഖലയിലുണ്ട്. അതേപ്പറ്റി വിശദമായി പിന്നീടാവാം.

നിങ്ങളുടെ താല്‍പ്പര്യം, പാഷന്‍, നൈപുണ്യം, പരിചയം എന്നിവ കണക്കിലെടുത്ത് ഏതു മോഡല്‍ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം. എത്ര പണം ചെലവഴിക്കാനാവും എത്ര സമയം മാറ്റിവയ്ക്കാം എന്നതു പരിഗണിക്കല്‍ അത്യാവശ്യമാണ്.

2. തെരഞ്ഞെടുത്ത ബിസിനസ് മോഡലിനെ പ്രൊമോട്ട് ചെയ്യുക

ഓരോ ബിസിനസ് മോഡലുകളും വ്യത്യസ്തമാണ്. അതിനനുസരിച്ച് അതിനെ പ്രെമോട്ട് ചെയ്യേണ്ട രീതിയും വ്യത്യാസപ്പെടും. സോഷ്യല്‍ മീഡിയ അടക്കം ഓണ്‍ലൈന്‍ പ്രൊമോഷന്‍ തന്നെയാണ് ഓണ്‍ലൈന്‍ ബിസിനസിന് അഭികാമ്യം.

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles
Next Story
Videos
Share it