Begin typing your search above and press return to search.
2025 ഓടെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകൾ കാലഹരണപ്പെടും, കാനഡയുടെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയോ?
ഇമിഗ്രേഷൻ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കാനഡ. പുതിയ മാറ്റങ്ങള്‍ ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്. വിദേശ പൗരന്മാരുടെ കൈവശമുളള ഏകദേശം 50 ലക്ഷം താൽക്കാലിക പെർമിറ്റുകൾ 2025 അവസാനത്തോടെ കാലഹരണപ്പെടുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.
ഏകദേശം 7,66,000 സ്റ്റഡി പെർമിറ്റുകളും 2025 ഡിസംബറോടെ കാലഹരണപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ വിദ്യാർത്ഥികൾക്ക് അവരുടെ പെർമിറ്റുകൾ പുതുക്കുകയോ വർക്ക് പെർമിറ്റിന് അപേക്ഷിക്കുകയോ ചെയ്യേണ്ടതുണ്ട്. കൂടുതൽ കാലം കാനഡയിൽ തുടരാൻ ഇത്തരം മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കേണ്ടതായി വരും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാനഡയിൽ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥിര താമസക്കാരുടെയും താൽക്കാലിക താമസക്കാരുടെയും എണ്ണത്തിൽ ട്രൂഡോ സർക്കാർ കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ ഇമിഗ്രേഷൻ നയത്തിന്റെ ഭാഗമാണ് ഈ മാറ്റങ്ങൾ. പാർപ്പിടം, ആരോഗ്യ മേഖല, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുടെ ദൗര്‍ബല്യത്തില്‍ രാജ്യം വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കുന്നു
2025 ഓടെ സ്ഥിര താമസക്കാരുടെ വാർഷിക പെര്‍മിറ്റുകളുടെ എണ്ണം 5,00,000 ൽ നിന്ന് 3,95,000 ആയി കുറയ്ക്കാനാണ് പുതിയ ഇമിഗ്രേഷന്‍ നയം പ്രധാനമായും ലക്ഷ്യമിടുന്നത്. 21 ശതമാനം കുറവാണ് ഇതില്‍ സംഭവിക്കുക. താത്കാലിക വിദേശ തൊഴിലാളികളുടെയും അന്തർദ്ദേശീയ വിദ്യാർത്ഥികളുടെയും എണ്ണവും വെട്ടിക്കുറയ്ക്കുന്നുണ്ട്. 2026 ഓടെ താത്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 40 ശതമാനത്തിലധികവും അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം 10 ശതമാനവും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കാനഡ. ഹരിയാന, പഞ്ചാബ്, കേരള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഒട്ടേറെപ്പേരാണ് കാനഡയിലുളളത്. കേരളത്തില്‍ നിന്ന് നഴ്സിംഗ്, ഐ.ടി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നതിനായി അനവധിപ്പേരാണ് കാനഡയിലേക്ക് പോകുന്നത്. പഠന ആവശ്യങ്ങള്‍ക്കായി ഒട്ടേറെ വിദ്യാര്‍ത്ഥികളും കാനഡ തിരഞ്ഞെടുക്കാറുണ്ട്. പഠനം കഴിഞ്ഞ കാനഡയില്‍ സ്ഥിരതാമസക്കാന്‍ മുന്‍ഗണന നല്‍കുന്നവരാണ് ഇവരിലേറെയും. ഇത്തരക്കാര്‍ക്ക് തിരിച്ചടിയാകും പുതിയ ഇമിഗ്രേഷൻ നയമെന്നാണ് കരുതുന്നത്.
കാനഡയിൽ 16,89,055 ഇന്ത്യക്കാരാണ് ഉളളത്. എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, ശാസ്ത്രജ്ഞർ, എക്‌സിക്യൂട്ടീവുകൾ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യമുണ്ട്.
താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതി താൽക്കാലിക വിസയിലുള്ള ഇന്ത്യൻ തൊഴിലാളികളെ ബാധിക്കുമെന്നാണ് കരുതുന്നത്. ഇത് കാനഡയില്‍ അവരുടെ താമസം പുതുക്കുന്നതോ നീട്ടുന്നതോ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. രാജ്യത്ത് സ്ഥിരതാമസത്തിനായി ഇതിനകം അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവര്‍ക്കും പുതിയ ഇമിഗ്രേഷൻ നയം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.
Next Story
Videos