ഇത് ഒരു അറബിക്കഥ!

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തിയായ അമേരിക്ക അങ്ങനെ ആയിത്തീര്‍ന്നതിനെക്കുറിച്ച് പ്രചരിക്കുന്ന കഥകളില്‍ ഒന്ന് ഇങ്ങനെയാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയും റഷ്യയും ഒരു കോള്‍ഡ് വാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലം, 1957 ഒക്‌റ്റോബര്‍ മാസം 4ാം തിയതി അന്നത്തെ റഷ്യ ലോകത്തിലെ ആദ്യത്തെ ശൂന്യാകാശ വാഹനം സ്പുട്നിക് വിക്ഷേപിക്കുന്നു.

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നേട്ടത്തിനു മുമ്പില്‍ പതറിപ്പോയ അമേരിക്ക നാസയോട് തങ്ങള്‍ക്ക് എന്ന് ഇതുപോലെ ഒരു ഉപഗ്രഹം ആകാശത്തേക്ക് അയക്കാമെന്നു ചോദിക്കുന്നു. നാസയുടെ പ്രവര്‍ത്തങ്ങള്‍ വളരെ പിന്നിലാണെന്ന് മനസിലാക്കിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് Dwight Eisenhower അമേരിക്കയുടെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ തീരുമാനിച്ചു.

ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും ഏറ്റവും നല്ല ബുദ്ധിശാലികളെയും സമര്‍ത്ഥരായ വിദ്യാര്‍ഥികളെയൂം അമേരിക്കയിലേക്ക് ആകര്‍ഷിക്കാനുള്ള പോളിസികള്‍ നിര്‍മിച്ചു, പിന്നീട് നല്ല ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും, ബുദ്ധിജീവികളും അമേരിക്കയിലേക്ക് കുടിയേറുന്ന ഒരു കാഴ്ചയാണ് ലോകം കണ്ടത്. ഇന്ന് നാസയുടെ എന്‍ജിനീയര്‍മാരില്‍ ഭൂരിഭാഗവും എമിഗ്രന്റ്സ് ആണ്.

അമേരിക്കയുടെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചയ്ക്ക് ഇവര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. ഈ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ഓരോ രാജ്യങ്ങളുടെയും നഷ്ടവും എന്നാല്‍ അമേരിക്കയുടെ ലാഭവും ആയിത്തീര്‍ന്നു.

ഇക്കഥ ഇവിടെ അയവിറക്കാന്‍ ഒരു കാരണമുണ്ട്. ലോകം മുഴുവന്‍ ഇപ്പൊ നാലാം വ്യാവസായിക മുന്നേറ്റത്തിന്റെ ചര്‍ച്ചയിലാണ്, അത് സാധ്യമാകുന്നത് കണ്ടുപിടുത്തങ്ങളിലൂടെയും സംരംഭകത്വത്തിലൂടെയും ആണെന്ന സത്യം എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. എല്ലാവരും അതിനുള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുക്കാനുള്ള ഒരു ഓട്ടപ്പാച്ചിലിലുമാണ്. ഗള്‍ഫിലെ UAE തങ്ങളുടെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നു, ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍മാരെയും, എന്‍ജിനീയര്‍മാരെയും, സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെയും അവര്‍ മാടിവിളിക്കുന്നു,

അവര്‍ക്കിവിടെ 10 വര്‍ഷം സ്ഥിരതാമസത്തിനുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നു, അവരുടെ ആശയങ്ങള്‍ക്ക് ചിറകു നല്‍കുന്ന സംവിധാനമൊരുക്കുന്നു. ഇന്ന് ലോകത്തു ലഭ്യമാകുന്ന എല്ലാ ആധുനിക സാങ്കേതിക വിദ്യകളും, ജീവിത നിലവാരവും സാമ്പത്തിക ഉന്നമനവും നല്‍കി പണ്ട് അമേരിക്ക ചെയ്ത അതേ തന്ത്രം പയറ്റാനൊരുങ്ങുകയാണ് അത്ഭുതങ്ങളുടെ നഗരകാഴ്ചയൊരുക്കുന്ന ഈ കൊച്ചു രാജ്യം.

ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നും ധാരാളംപേര്‍ ഇതിന്റെ സാധ്യതകള്‍ ഉപയോഗിച്ച് തുടങ്ങി. സമീപ ഭാവിയില്‍ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചക്ക് ഈ രാജ്യം വിത്തുപാകുന്നു.

മടിച്ചു നില്‍ക്കാതെ മുന്നോട്ടു കുതിക്കുക

വ്യാവസായിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഫ്രീസോണുകള്‍ ഇന്ന് എല്ലാ രാജ്യങ്ങളിലും സാധാരണമാണ്. ചില ഫ്രീസോണുകള്‍ ഒരു പ്രത്യേക ബിസിനസുകള്‍ക്ക് അനുകൂലമാകുന്ന അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നുണ്ടാകാം, എന്നാല്‍ ഇപ്പോഴിതാ UAE ഇവിടത്തെ യൂണിവേഴ്‌സിറ്റികളില്‍ ഫ്രീസോണുകള്‍ അനുവദിക്കുന്നു, പഠിക്കുന്ന കുട്ടികള്‍ക്ക് കോളെജ് പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് തന്നെ ഒരു ബിസിനസ് പടുത്തുയര്‍ത്താനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.

യൂണിവേഴ്‌സിറ്റികള്‍ ഇപ്പോഴേ വലിയ കോര്‍പ്പറേറ്റ് കമ്പനികളുമായി കൈകോര്‍ക്കുന്നു, കമ്പനിയുടെ ആവശ്യങ്ങള്‍ ഇനി ക്ലാസ് മുറികളില്‍ ചര്‍ച്ച ചെയ്ത് അതിന് ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സര്‍വീസുകളും ലഭ്യമാകുന്ന നാളുകള്‍ വിദൂരത്തല്ല. സാധ്യതകളുടെ ഒരു വലിയ പറുദീസയാണ് യുവത്വത്തിനു മുമ്പില്‍ അനാവരണം ചെയ്യുന്നത്. പഠിക്കാന്‍ സമര്‍ത്ഥരായ കുട്ടികളും പഠിപ്പിക്കാന്‍ നല്ല യൂണിവേഴ്‌സിറ്റികളും കൈകോര്‍ക്കാന്‍ വലിയ കോര്‍പ്പറേറ്റുകളും, മുതല്‍മുടക്കാന്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളും ഇതിനൊക്കെ സൗകര്യങ്ങളൊരുക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണ സംവിധാനവും ഉണ്ടെങ്കില്‍ എന്താണ് അസാധ്യമാകുന്നത്?

ഇത്രയുംനാള്‍ മലയാളികളെ തീറ്റിപ്പോറ്റിയ ഗള്‍ഫ് നാടുകളിലെ മാറ്റങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളുകയും അതിനനുസരിച്ചു മുന്നേറുകയും ചെയ്താല്‍ അവിടങ്ങളില്‍ ഉണ്ടാകുന്ന അടുത്ത വ്യവസായിക മുന്നേറ്റങ്ങളില്‍ മലയാളികള്‍ക്കും നല്ലൊരു പങ്കു കണ്ടെത്താനാകും അതിലൂടെ പുതിയ യൂസഫലിമാരും ഉയര്‍ന്നു വരും, ഗള്‍ഫ് രാജ്യങ്ങള്‍ ഒരു സിീംഹലറഴല ഇക്കണോമിയിലേക്ക് മാറുകയാണ്, അവിടങ്ങളില്‍ ജോലി ലഭിക്കാന്‍ പുതിയ അറിവുകളും നൈപുണ്യങ്ങളും ആവശ്യമാണ്.

പോകുവാന്‍ നമുക്ക് ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍ വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിന്‍ നാളെയെന്നതില്ല നമ്മള്‍ ഇന്ന് തന്നെ നേടണം

നാള്‍വഴിയിലെന്നും അമര ഗാഥകള്‍ പിറക്കണം!

(ഒരു അറബിക്കഥ)

Related Articles
Next Story
Videos
Share it