Begin typing your search above and press return to search.
ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി ഓണ്‍ലൈന്‍ ബ്യൂട്ടി സ്റ്റാര്‍ട്ടപ്പുകള്‍; മേഖലയില്‍ അവസരങ്ങളേറെ
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യവസായം കരുത്താര്‍ജിച്ചപ്പോള്‍ അതിനൊപ്പം വളരെ നിശ്ശബ്ദമായി എന്നാല്‍ ഏറെ തിളക്കത്തോടെ വളര്‍ന്ന ഒരു വിഭാഗമുണ്ട്, ഓണ്‍ലൈന്‍ ബ്യൂട്ടി സ്‌റ്റോറുകള്‍. ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടിയപ്പോളും ഓണ്‍ലൈന്‍ ബ്യൂട്ടി ട്യൂട്ടോറിയലുകളുമായി വ്‌ളോഗര്‍മാര്‍ സജീവമായതും ആളുകള്‍ കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിച്ചതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വഹിച്ചത് ചെറിയ പങ്കൊന്നുമല്ല.
നൈക്ക, മൈഗ്ലാം, ഷുഗര്‍ കോസ്‌മെറ്റിക്‌സ്, ബേര്‍ഡോ തുടങ്ങി ലോക്ഡൗണ്‍ കാലം മുതല്‍ മെല്ലെ വളര്‍ച്ച പ്രകടമാക്കിയിരുന്ന സ്റ്റാര്‍ട്ടപ്പ് വെബ് സ്റ്റോറുകള്‍ 2021 എത്തിയതോടെ ബ്ലോക്ബസ്റ്റര്‍ നേട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ഭീതി അല്‍പ്പം അകന്നെങ്കിലും പലരും സൗന്ദര്യ സംരംക്ഷണം കൂടുതലും വീടുകളില്‍ തന്നെ ഒതുക്കിയിരിക്കുകയാണ്. സൗന്ദര്യ വര്‍ധകങ്ങള്‍ വാങ്ങുന്നതും അങ്ങനെ തന്നെ. കടകളിലും മാളുകളിലും ഇത്തരം പര്‍ച്ചേസുകള്‍ നടത്തിയിരുന്നവര്‍ അവരുടെ ചോയ്‌സുകള്‍ ഓണ്‍ലൈനിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്.
മേക്കപ്പ്, ഫ്രാഗ്രന്‍സ്, വെല്‍നസ്, പേഴ്‌സണല്‍ കെയര്‍ വിഭാഗങ്ങള്‍ വളര്‍ന്നതിന് രണ്ട് കാരണങ്ങളാണ് നിരീക്ഷകര്‍ പറയുന്നത്, ഒന്ന് - വീട്ടുചെലവുകളില്‍ കുറവു വന്നത്, രണ്ട് ടയര്‍ 2,3 നഗരങ്ങളില്‍ നിന്നുള്ള വനിതാ ഉപഭോക്താക്കളുടെ വര്‍ധനവ്.
ഒരാഴ്ച മുമ്പാണ് ഡയറക്റ്റ് ടു കസ്റ്റമര്‍ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ആയ മൈ ഗ്ലാം 25 മില്യണ്‍ ഡോളര്‍ സമാഹരിച്ചത്. നാല് വര്‍ഷം മാത്രം പ്രായമുള്ള 100 മില്യന്‍ ഡോളര്‍ മാത്രം വിപണിമൂല്യമുള്ള കമ്പനിയാണ് ഇത്രയും വലിയ തുക സമാഹരിച്ചതെന്നതാണ് ശ്രദ്ധേയം. പര്‍പ്ള്‍ (purplle ) ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസും 45 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഷുഗര്‍ കോസ്‌മെറ്റിക്‌സ് 21 മില്യണ്‍ ഡോളറും നേടി.
നൈക്ക മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഐപിഓയ്ക്ക് ഇറങ്ങുകയാണ്. ഇവൈ പാര്‍ട്ണറും രണ്‍സ്യൂമര്‍ ലീഡറുമായ പിനാകി മിശ്ര പറയുന്നത്, ഇവര്‍ മാത്രമല്ല ഡയറക്റ്റ് സെല്ലിംഗ് നടത്തുന്ന നിരവധി ഓണ്‍ലൈന്‍ ബ്യൂട്ടി സംരംഭങ്ങളാണ് മികച്ച വിറ്റുവരവ് നേടുന്നതെന്നാണ്.
ഓണ്‍ലൈന്‍ പുരുഷ ഗ്രൂമിംഗ് ബ്രാന്‍ഡ് ആയ ബേര്‍ഡോയുടെ 55 ശതമാനത്തോളം ഓഹരികള്‍ പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡായ മാരികോ വാങ്ങിയിരുന്നു.
2015 ല്‍ എച്ച്‌യുഎല്‍ മലയാളി ബ്രാന്‍ഡ് ആയ ഇന്ദുലേഖ ഓയ്ല്‍ ഏറ്റെടുത്തത് 300 കോടിക്കായിരുന്നു. 2019 ല്‍ ഇന്ദുലേഖ 2000 കോടി മൂല്യമുള്ള ബ്രാന്‍ഡ് ആയെന്ന് കമ്പനി അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ ബ്യൂട്ടി ബ്രാന്‍ഡുകളിലെ രാജ്ഞി നൈക്കയ്ക്ക് 70 ഫിസിക്കല്‍ സ്‌റ്റോറുകളുമായി ഇന്ത്യയിലെ 34 നഗരങ്ങളിലാണ് സാന്നിധ്യമുള്ളത്. 60 മില്യണ്‍ ഉപഭോക്താക്കളാണ് പ്രതിമാസം നൈക്കയുടെ ആപ്പ് ഉപയോഗിക്കുന്നത്. ഇത്തരത്തിലാണ് ഓണ്‍ലൈന്‍ സൗന്ദര്യവര്‍ധക വിപണി ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നത്.
മെട്രോ നഗരങ്ങളിലല്ലാത്തവര്‍ക്കും ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ ലോകോത്തര ബ്രാന്‍ഡുകളെക്കുറിച്ച് സുപരിചിതരാണ്. എന്നാല്‍ വാങ്ങലിന് മറ്റൊരു മാര്‍ഗം ഇല്ല എന്നതിനാല്‍ തന്നെ ഓണ്‍ലൈനിലൂടെ കൂടുതല്‍ വാങ്ങലുകള്‍ നടക്കുന്നു. ഓഫറുകളും ക്യാഷ് ഓണ്‍ ഡെലിവറിയും വിശ്വാസ്യതയും താല്‍പര്യവും വര്‍ധിക്കുകയും ചെയ്യുന്നു.
ആയിരക്കണക്കിന് സാരി, ഡ്രസ് മെറ്റീരിയല്‍, ഓയ്്ല്‍ ആന്‍ഡ് ബ്യൂട്ടീ പ്രോഡക്റ്റ്‌സ് പേജുകളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ യാതൊരു മുതല്‍ മുടക്കുമില്ലാതെ പച്ചപിടിക്കുന്നത്. ഇത് ഈ വ്യവസായത്തിലെ സാധ്യതയും വര്‍ധിപ്പിക്കുന്നു. എന്നാല്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗിക വെബ്‌സൈറ്റ് സജ്ജമാക്കുന്നവര്‍ക്കാണ് അടുത്ത തലത്തിലേക്ക് വളരാനുള്ള അവസരങ്ങളുമെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Next Story
Videos