പരീക്ഷണം വിജയം! ജര്‍മനിക്ക് വേണം കൂടുതല്‍ ഇന്ത്യക്കാരെ; അംഗീകാരം നല്‍കി മന്ത്രിസഭ, ഇ-വിസയും ഉടനെത്തും

രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നീക്കവുമായി ജര്‍മനി. തൊഴില്‍ വിദേശകാര്യ വകുപ്പുകള്‍ മുന്നോട്ടുവച്ച 30 മാനദണ്ഡങ്ങള്‍ക്ക് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ മന്ത്രിസഭ അംഗീകാരം നല്‍കി. തൊഴിലാളി ക്ഷാമം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി. ജനസംഖ്യാ വളര്‍ച്ച കുറഞ്ഞതും പ്രായമായവരുടെ എണ്ണം കൂടിയതും കാരണം ജര്‍മനിയില്‍ കടുത്ത തൊഴിലാളി ക്ഷാമമാണ് നേരിടുന്നത്.
ജര്‍മനിയില്‍ തൊഴിലാളിക്ഷാമം നേരിടുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി വിപരീതമാണെന്ന് ജര്‍മന്‍ തൊഴില്‍ വകുപ്പ് മന്ത്രി ഹുബേര്‍ട്ടസ് ഹെയ്ല്‍ പറഞ്ഞു. ഇന്ത്യയില്‍ ഓരോ മാസവും 10 ലക്ഷത്തോളം പേരാണ് തൊഴില്‍ വിപണിയിലേക്ക് എത്തുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണെങ്കിലും ഇത്രയും തൊഴിലാളികളെ ഉള്‍ക്കൊള്ളാനും ഇന്ത്യയ്ക്ക് കഴിയുന്നില്ല. ഇതുമൂലം ഇന്ത്യ വിദേശ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ്. ഇക്കാര്യം മുതലെടുത്ത് ജര്‍മനിയില്‍ ഇന്ത്യക്കാരായ കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വേണം ഇത്തരക്കാരെ

നഴ്‌സിംഗ് ഹോമുകളും ആശുപത്രികളും അടങ്ങുന്ന ആരോഗ്യ രംഗം, ഐ.റ്റി, നിര്‍മാണ മേഖല തുടങ്ങിയ വിഭാഗങ്ങളിലാണ് ജര്‍മനിക്ക് ഇന്ത്യക്കാരെ കൂടുതലായി വേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ജര്‍മന്‍ അധികൃതര്‍ കൂടിക്കാഴ്ചകള്‍ നടത്തും. ഇന്ത്യക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഈ വര്‍ഷം അവസാനത്തോടെ ഇ-വിസ സംവിധാനം നടപ്പിലാക്കാനും ജര്‍മനിക്ക് പദ്ധതിയുണ്ട്. കൂടാതെ ഇന്ത്യയില്‍ ജോബ് ഫെയറുകള്‍ സംഘടിപ്പിക്കാനും ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കാനും ആലോചനയുണ്ട്.

ഇന്ത്യന്‍ കുടിയേറ്റം വിജയം

ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഗുണകരമായ മാറ്റമുണ്ടാക്കിയെന്നാണ് ജര്‍മന്‍ വിലയിരുത്തല്‍. ജര്‍മന്‍ തൊഴില്‍ വകുപ്പിന്റെ കണക്കുപ്രകാരം ഈ വര്‍ഷം ഫെബ്രുവരിയില്‍ 1,37,000 ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ രാജ്യത്തെത്തി. ഒരു വര്‍ഷം മുമ്പ് 23,000 പേരെയാണ് സമാന കാലയളവില്‍ നിയമിച്ചത്. 2015ല്‍ രാജ്യത്തെ ആകെ ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ എണ്ണം 23,000 മാത്രമായിരുന്നുവെന്നും ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയിലെത്തുന്ന ഇന്ത്യക്കാരില്‍ 97 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു.
Related Articles
Next Story
Videos
Share it