

ട്രംപ് ഭരണകൂടം H-1B വീസ പ്രക്രിയകള്‍ കൂടുതൽ കർശനമാക്കുമ്പോൾ ഇന്ത്യൻ ഉദ്യോഗാര്‍ത്ഥികളെ ആകർഷിക്കാൻ കൂടുതല്‍ നടപടികളുമായി ജർമ്മനി. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജര്‍മ്മനി. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അസ്ഥിരമായ നിലപാടുകള്‍ മൂലം അമേരിക്കയിലേക്ക് കുടിയേറാനുളള ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ പറഞ്ഞു. ഐടി, മാനേജ്മെന്റ്, സയൻസ്, ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കാർക്ക് മികച്ച തൊഴിലവസരങ്ങളാണ് ജര്‍മ്മനിയിലുളളത്. കുടിയേറ്റ നയങ്ങളില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുത്തുന്ന രാജ്യമല്ല ജര്‍മ്മനി. ഇവിടെ ജോലി ചെയ്യുന്ന ശരാശരി ഇന്ത്യക്കാരൻ ശരാശരി ജർമ്മന്‍ പൗരനേക്കാള്‍ കൂടുതൽ സമ്പാദിക്കുന്നു. കഠിനാധ്വാനത്തിലും പ്രൊഫഷണലുകള്‍ക്ക് മികച്ച ജോലികൾ നൽകുന്നതിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അക്കർമാൻ വ്യക്തമാക്കി.
വിദേശ തൊഴിലാളികൾക്കെതിരായ അമേരിക്കയുടെ ഏറ്റവും പുതിയ നിയന്ത്രണത്തിന് നേർവിപരീതമാണ് അക്കർമാന്റെ വാക്കുകള്‍. ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച എച്ച്-1ബി വീസ അപേക്ഷയ്ക്കുളള ഫീസ് 1,00,000 ഡോളര്‍ ആയി വർദ്ധിപ്പിച്ചു. മുമ്പത്തെ പരിധി 215 ഡോളര്‍ മുതൽ 5,000 ഡോളര്‍ വരെയായിരുന്നു.
ജർമ്മനിയിൽ ജനസംഖ്യ കുറയുന്നതാണ് വിദേശ ജോലിക്കാര്‍ക്ക് അവസരങ്ങള്‍ കൂടുന്നതിനുളള കാരണങ്ങളിലൊന്ന്. പ്രായമാകുന്ന ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ നികത്തുന്നതിനായി 2040 വരെ ജർമ്മൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 2,88,000 കുടിയേറ്റക്കാർ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. 2023 ലെ കണക്കനുസരിച്ച് ജർമ്മൻ പൗരന്മാര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം പ്രതിമാസം 3,945 യൂറോ ആണ്. അതേസമയം ഇന്ത്യൻ വംശജരായ പ്രൊഫഷണലുകൾക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 5,359 യൂറോ ആണ്.
2025 ൽ 2.00,000 പ്രൊഫഷണൽ വീസകൾ നൽകുമെന്നാണ് ജർമ്മൻ സർക്കാർ പ്രഖ്യാപിച്ചിട്ടുളളത്. ഇതില്‍ 90,000 വീസകള്‍ ഇന്ത്യക്കാർക്കായി നീക്കിവച്ചിരിക്കുകയാണ്. മുൻ വര്‍ഷങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നിശ്ചയിച്ചിട്ടുളള വീസ പരിധിയായ 20,000 ൽ നിന്ന് വലിയ വര്‍ധനയാണ് രാജ്യം വരുത്തിയിട്ടുളളത്. ഏകദേശം 1,30,000 ഇന്ത്യൻ പ്രൊഫഷണലുകള്‍ ഇതിനകം ജർമ്മനിയിൽ താമസിച്ച് ജോലി ചെയ്യുന്നുണ്ട്.
Germany seeks Indian professionals with 288,000 immigrants needed annually, offering higher salaries than locals.
Read DhanamOnline in English
Subscribe to Dhanam Magazine