ഇനി ജര്‍മനിയില്‍ താമസിച്ച് ജോലി കണ്ടെത്താം; ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് മലയാളികള്‍ക്കും നേട്ടം

കേരളത്തില്‍ നിന്ന് ജോലി തേടി യൂറോപ്പിലേക്കും കാനഡയിലേക്കും പറക്കുന്ന മലയാളികളുടെ എണ്ണം സമീപകാലത്ത് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. മുമ്പ് ഗള്‍ഫായിരുന്നു വിദേശത്ത് ജോലി തേടുന്ന മലയാളി യുവാക്കളുടെ മുഖ്യ ലക്ഷ്യമെങ്കില്‍ ഇപ്പോഴത് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. യു.കെയിലും കാനഡയിലും സര്‍ക്കാര്‍ തലത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരേ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇതോടെ പലരുടെയും ശ്രദ്ധ ജര്‍മനിയിലേക്കാണ് പതിഞ്ഞിരിക്കുന്നത്.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ ആവശ്യത്തിന് തൊഴിലാളികളില്ലെന്നതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ വരുന്ന കുറച്ചു വര്‍ഷത്തേക്ക് മലയാളികള്‍ക്ക് ഉള്‍പ്പെടെ ജര്‍മനി വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. ജോലി തേടുന്നവര്‍ക്കായി ജര്‍മന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ജര്‍മനിയില്‍ താമസിച്ച് ജോലി തേടാനുള്ള അവസരമാണ് കൈവരുന്നത്.
എന്താണ് ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ്
വിദഗ്ധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളിക്ഷാമം പരിഹരിക്കുകയാണ് ഓപ്പര്‍ച്യൂണിറ്റി കാര്‍ഡിന്റെ ലക്ഷ്യം. യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ളവര്‍ക്ക് തൊഴില്‍ കണ്ടെത്തുക ഇനി എളുപ്പമാകും. ഒരു വര്‍ഷമാണ് ഓപ്പര്‍ച്യൂണിറ്റി കാര്‍ഡിന്റെ കാലാവധി. ഈ മാര്‍ഗം ഉപയോഗിച്ച് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജര്‍മനിയില്‍ താമസിക്കാന്‍ സാധിക്കും.
ഓപ്പര്‍ച്യൂണിറ്റി കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ഭാഷാപ്രാവീണ്യം നിര്‍ബന്ധമാണ്. ജര്‍മന്‍ (എവണ്‍ സി.ഇ.എഫ്.ആര്‍) അല്ലെങ്കില്‍ ഇംഗ്ലീഷ് (ലെവല്‍ ബി2 സി.ഇ.എഫ്.ആര്‍) ആണ് മാനദണ്ഡം. വിദ്യാഭ്യാസം, പ്രായം, തൊഴില്‍ പരിചയം, ജര്‍മനിയില്‍ ജോലിചെയ്യുന്ന ജീവിതപങ്കാളി എന്നീ ഘടകങ്ങളെ വിലയിരുത്തിയാണ് പോയിന്റ് സമ്പ്രദായം. കൂടുതല്‍ പോയിന്റ് ലഭിക്കുന്നവര്‍ക്ക് ജര്‍മനിയിലെത്തി ജോലി തേടാനുള്ള അവസരം ലഭിക്കും.
കാര്‍ഡിന്റെ നേട്ടങ്ങള്‍
സ്ഥിര ജോലി ഇല്ലാതെ ജര്‍മനിയില്‍ നിശ്ചിത കാലത്തേക്ക് താമസിക്കാനും ജോലി കണ്ടെത്താനും ഇതുവഴി സാധിക്കും. ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ പാര്‍ട്ട്‌ടൈം ജോലി ചെയ്യാനുള്ള അനുമതിയും ലഭിക്കുന്നു. ജോലി ഓഫര്‍ ലഭിച്ചാല്‍ മറ്റ് അനുമതികളില്ലാതെ 2 വര്‍ഷം കൂടി അധികമായി ജര്‍മനിയില്‍ തങ്ങാന്‍ അനുമതി ലഭിക്കും.
തൊഴില്‍ തേടുന്നവര്‍ക്കായി ജോബ് സീക്കര്‍ വീസ മുമ്പുതന്നെ ജര്‍മനിയില്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം ജോലി ഓഫര്‍ ഇല്ലാതെ ആറുമാസം ജര്‍മനിയില്‍ തങ്ങാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ ജോലി ലഭിച്ചില്ലെങ്കില്‍ കാലാവധി നീട്ടി നല്‍കിയിരുന്നില്ല.

തൊഴിലന്വേഷകരുടെ ഇഷ്ട രാജ്യമായും ജര്‍മനി മാറിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അന്വേഷണം നടത്തുന്ന രാജ്യമെന്ന നേട്ടവും ജര്‍മനിക്കാണ്. തൊഴില്‍ തേടുന്നവരുടെ ഇഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം ഓസ്‌ട്രേലിയയ്ക്കാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it