കൃഷിപ്പണിക്ക് തൊഴിലാളികളെ തേടി ഈ യൂറോപ്യന്‍ രാജ്യം; ഉടനടി വേണം രണ്ടുലക്ഷം പേരെ

യൂറോപ്യന്‍ രാജ്യമായ ഗ്രീസില്‍ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ തോട്ടങ്ങളില്‍ വിളവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലായി. കാര്‍ഷികമേഖലയിലേക്ക് കൂടുതല്‍ തൊഴിലാളികളെ എത്തിക്കുന്നതിനായി വീസ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
1.8 ലക്ഷം തൊഴിലാളികളെ അടിയന്തിരമായി വേണമെന്നാണ് കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ കര്‍ഷകര്‍ക്കും ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
തൊഴിലാളിക്ഷാമം മറികടക്കാന്‍ ഈജിപ്തില്‍ നിന്ന് 5,000 തൊഴിലാളികളെ കൊണ്ടുവരാന്‍ ഗ്രീസ് കരാറിലൊപ്പിട്ടിരുന്നു. കൂടുതല്‍ തൊഴിലാളികളെ എത്തിക്കാന്‍ വീസ നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്നാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
ഈ വര്‍ഷം 1.5 ലക്ഷം റെസിഡന്റ്‌സ് പെര്‍മിറ്റ് അനുവദിക്കാനാണ് ഗ്രീസ് ലക്ഷ്യമിടുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് തൊഴിലാളി ക്ഷാമമുള്ള മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഗ്രീസിന് പ്രായമാകുന്നു, ചെറുപ്പക്കാര്‍ നാടുവിടുന്നു
യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ പോലെ വാര്‍ധക്യത്തിലെത്തിയവരുടെ എണ്ണം ഗ്രീസില്‍ ഉയരുകയാണ്. തൊഴിലെടുക്കാന്‍ ശേഷിയുള്ളവരുടെ സംഖ്യ കുറഞ്ഞു വരുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് യുവാക്കളുടെ കൊഴിഞ്ഞുപോക്കാണ്.
കൂടുതല്‍ സമ്പന്നമായ അയല്‍രാജ്യങ്ങളിലേക്ക് ചെറുപ്പക്കാര്‍ കുടിയേറുന്നത് ഗ്രീസിനെ വലുതായി ബാധിക്കുന്നുണ്ട്. 2009ല്‍ തുടങ്ങി വര്‍ഷങ്ങളോളം നീണ്ടുനിന്ന സാമ്പത്തിക പ്രതിസന്ധി ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചിരുന്നു. ടൂറിസവും വിനോദസഞ്ചാരവുമാണ് ഗ്രീസിന്റെ പ്രധാന വരുമാനമാര്‍ഗം.

Related Articles

Next Story

Videos

Share it