ഹരിത വ്യവസായത്തില്‍ വരാനിരിക്കുന്നത് 37 ലക്ഷം തൊഴിലവസരങ്ങള്‍
രാജ്യത്തെ ഹരിത സമ്പദ്‌വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ. 2024-25 സാമ്പത്തിക വര്‍ഷത്തോടെ 37 ലക്ഷം തൊഴിലവസരങ്ങള്‍ ഹരിത വ്യവസായ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്ന് ടീം ലീസ് ഡിജിറ്റലിന്റെ ഗ്രീന്‍ ഇന്‍ഡസ്ട്രി ഔട്ട്ലുക്ക് റിപ്പോര്‍ട്ട്. നിലവില്‍ ഈ മേഖലയില്‍ 18 ലക്ഷം തൊഴിലവസരങ്ങളാണുള്ളത്. പുനരുപയോഗ ഊര്‍ജം, പാരിസ്ഥിതിക ആരോഗ്യ സുരക്ഷ, സൗരോര്‍ജ്ജം, സുസ്ഥിരത എന്നിവയിലാണ് തൊഴിലവസരം വര്‍ധിക്കുക.
ഈ ജോലികള്‍ക്ക് പ്രാധാന്യം
സോളാര്‍ പ്രോജക്ട് മാനേജര്‍മാര്‍, സോളാര്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍മാര്‍, വിന്‍ഡ് എനര്‍ജി എന്‍ജിനീയര്‍മാര്‍, ബയോഫ്യൂവല്‍ പ്രോസസ് എന്‍ജിനീയര്‍മാര്‍, കാര്‍ബണ്‍ അനലിസ്റ്റുകള്‍, സുസ്ഥിരത കണ്‍സള്‍ട്ടന്റുകള്‍, ഇ-വേസ്റ്റ് മാനേജര്‍മാര്‍, ഹൈഡ്രജന്‍ പ്രോജക്ട് മാനേജര്‍മാര്‍ തുടങ്ങിയ ജേലികള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുണ്ടാകും. ഇ-മാലിന്യങ്ങള്‍ ഉള്‍പ്പെടുന്ന മാലിന്യ സംസ്‌കരണ മേഖലയിലെ തൊഴിലവസരങ്ങളില്‍ 20 ശതമാനം വര്‍ധനയുണ്ടാകും. മലിനജല മാനേജ്‌മെന്റ് മേഖലയില്‍ ഇത് 16 ശതമാനം വര്‍ധനയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഹരിത ബിസിനസുകളെ പ്രോത്സാഹിപ്പിച്ച് കമ്പനികള്‍
നിലവില്‍ മെച്ചപ്പെട്ട രീതിയില്‍ നിയമനം നടത്തുന്ന മേഖല തന്നെയാണ് ഹരിത വ്യവസായ മേഖല. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ ഏകദേശം 37 ശതമാനം വരുമാനം ഹരിത ബിസിനസുകളില്‍ നിന്നാണ്. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഹരിത ബിസിനസുകളില്‍ നിന്നുള്ള വരുമാനത്തിന്റെ വിഹിതം 40 ശതമാനം ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. എം.ജി മോട്ടോര്‍ ഇന്ത്യയുടെ 20 ശതമാനം തൊഴിലാളികളെയും ഹരിത ബിസിനസുകളിലെ ജോലികളില്‍ നിയമിക്കുന്നു. ഇത് 2030 ഓടെ പല മടങ്ങ് വളരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന പ്രധാന മേഖലകളില്‍ ഒന്നാണ് വൈദ്യുത വാഹനങ്ങള്‍.ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ പോലുള്ള പ്രധാന സര്‍ക്കാര്‍ നിക്ഷേപങ്ങളും സംരംഭങ്ങളും കണക്കിലെടുത്ത് 2025-30 കാലയളവില്‍ ഹരിത ഹൈഡ്രജന്‍ മേഖല 20 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.