കൂടുതല്‍ ഫ്ളെക്സിബ്ള്‍ ആകൂ, ഗ്രാമീണ മേഖലകളിലും മികച്ച അവസരങ്ങള്‍ ; മിഥുന്‍ ചിറ്റിലപ്പിള്ളി പറയുന്നു

കോവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും സംരംഭകത്വത്തില്‍ അവസരങ്ങള്‍ കുറയുന്നില്ല. എന്നാല്‍ നിലവിലുള്ള ബിസിനസ് മോഡലില്‍ അല്‍പ്പം മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ പുതിയ രീതികള്‍ പരീക്ഷിക്കാനും തയ്യാറാകണമെന്നു മാത്രം. തങ്ങളുടെ ബിസിനസില്‍ എങ്ങനെയാണ് ഫ്‌ളെക്‌സിബിലിറ്റി ഒരു പ്രധാന ഘടകമായി ബിസനസ് നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്ന് പറയുകയാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി.

ഉപഭോക്താക്കളിലെ മാറ്റം
ആളുകള്‍ കൂടുതല്‍ സമയം വീട്ടിലിരിപ്പ് തുടങ്ങിയതോടെ കണ്‍സ്യമൂര്‍ ഡ്യൂറബ്ള്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായിട്ടുണ്ട്. പുറത്തു നിന്നുള്ള ഭക്ഷണം, യാത്രകള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ ചെലവുകളൈാക്കെ കുറഞ്ഞതിനാല്‍ ആ പണം വീട് മോടി പിടിപ്പിക്കുന്നതിനും ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനുമൊക്കെ ഉപയോഗിച്ചു തുടങ്ങി. കുറഞ്ഞ പലിശ നിരക്ക് റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിര്‍മാണവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്.
വി ഗാര്‍ഡിന്റെ മാറ്റം
വിതരണ ശൃംഖലയില്‍ ഫ്ളെക്സിബിലിറ്റി മെച്ചപ്പെടുത്താന്‍ ജൂണ്‍ മാസത്തില്‍ ഞങ്ങള്‍ തീരുമാനിച്ചു. അത് വേഗത്തില്‍ ആവശ്യത്തിനനുസരിച്ച് വിപണിയിലെത്താന്‍ ഞങ്ങളെ സഹായിക്കുന്നു. കോവിഡിന് ശേഷം കാര്യക്ഷമതയെക്കാളും ഫ്ളെക്സിബിലിറ്റിക്കാണ് വിതരണ ശൃംഖലയില്‍ ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയത്. ആവശ്യത്തിന് മാത്രം സാധനങ്ങള്‍ എത്തിക്കുന്നതായിരുന്നു കാര്യക്ഷമമായ പ്രവര്‍ത്തനമെങ്കില്‍ കോവിഡിന് ശേഷം ഡിമാന്‍ഡ് അപ്രവചനീയമായപ്പോള്‍ സാധനങ്ങള്‍ ആവശ്യത്തിന് യഥാസമയം ലഭ്യമാക്കുന്നതിനായി ഫ്ളെക്സിബിലിറ്റി വരുത്തി.
പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍ ലഭ്യമാക്കാനായി എല്ലായിടത്തും ഉല്‍പ്പന്ന ലഭ്യത ഉറപ്പു വരുത്തി. വിതരണത്തില്‍ കൂടുതല്‍ ഫ്ളെക്സിബിലിറ്റി വാഗ്ദാനം ചെയ്തു കൊണ്ട് വ്യാപാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അനിശ്ചിതത്വത്തിന്റെ കാലത്ത് ആവശ്യകത കൂടുകയും കുറയുകയും ചെയ്യാനും വന്‍തോതിലുള്ള ചാഞ്ചാട്ടത്തിനും സാധ്യതയുണ്ട്. ഈ സമയത്ത് ഈ നടപടികള്‍ ഞങ്ങളെ സഹായിക്കും.
അവസരങ്ങള്‍
പ്രതിസന്ധികളില്ലെല്ലാം അവസരങ്ങളുണ്ട്. ഉദാഹരണത്തിന്, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായി. മറ്റൊന്ന്, വന്‍കിട നഗരങ്ങളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ ഉള്‍നാടുകളിലെ ചെറുപട്ടണങ്ങളിലും വില്‍പ്പന കൂടി. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലും മികച്ച അവസരങ്ങള്‍ ഉണ്ടെന്നതാണ് അതിനര്‍ത്ഥം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it