നീഷ് പ്രൊഡക്ട് ഓണ്‍ലൈനിലൂടെ എങ്ങനെ കണ്ടെത്താം?
നീഷ് മാര്‍ക്കറ്റിംഗിനെപ്പറ്റി കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു. ഇതുവരെ ആരും വില്‍ക്കാത്ത, ആരും കാണാത്തതാവണം നീഷ് എന്ന് തെറ്റിദ്ധരിക്കേണ്ട. വില്‍പ്പന സാധ്യതയില്ലെങ്കില്‍ പിന്നെ നീഷ് പ്രൊഡക്ടിനെക്കൊണ്ട് കാര്യമില്ലല്ലോ. അപ്പോള്‍ ആളുകള്‍ക്ക് അത്യാസക്തിയുള്ള പ്രൊഡക്ടുകള്‍ കണ്ടെത്തണം. ഇതറിയാനായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങി എല്ലാ സോഷ്യല്‍മീഡിയയും സഹായിക്കും. ഗൂഗിള്‍ അനലറ്റിക്‌സിനെയും ആശ്രയിക്കാം. ഓണ്‍ലൈന്‍ കേന്ദ്രീകൃതമായ വിശകലനങ്ങള്‍ എളുപ്പത്തില്‍ എല്ലാവര്‍ക്കും ചെയ്യാനാവണമെന്നില്ല. അതിനായി, റിസര്‍ച്ച് ടീമിനെയോ ഏജന്‍സികളെയോ ആശ്രയിക്കുന്നതാണ് നല്ലത്. Google Trends ലൂടെ വിശദമായി അനലൈസ് ചെയ്യാനും മേഖലകള്‍ തിരിച്ച് ട്രെന്റ് അറിയാനും സൗകര്യമുണ്ട്.
സ്‌പെസിഫിക് ഓഡിയന്‍സിനെ കണ്ടെത്തണം. സ്പിന്നറിന്റെ കാര്യമെടുത്താല്‍, കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലാണ് കൂടുതല്‍ വിറ്റുപോയതെന്നു കാണാം. ഇതിന് ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍മീഡിയകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്പിന്നര്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ധാരാളം പേര്‍ സ്റ്റാറ്റസ് ആയി ഷെയര്‍ ചെയ്തു. ഇതാണ് ഒരു പരസ്യത്തിന്റെയും പിന്തുണയില്ലാതെ ഫിഡ്ജറ്റ് സ്പിന്നര്‍ കുതിച്ചുചാടിയത്.
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. സ്പിന്നറിന്റെ കാര്യം നോക്കൂ. (ട്രെന്റ് ചാര്‍ട്ട്- https://trends.google.com/trends/explore?q=spinner) 2017 സെപ്റ്റംബറിലാണ് അതിന്റെ കൊടുമുടി കണ്ടത്. സെപ്റ്റംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളിലാണ് ട്രെന്റ് പിടിച്ചുനിന്നത്. പിന്നീട് താഴ്ചയായിരുന്നു. അതായത്, എല്ലാം കഴിഞ്ഞ് മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ട് കാര്യമില്ലെന്ന് വ്യക്തം.
ആളുകളുടെ ആസക്തിക്കും വികാരത്തിനും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്ക് എന്തു വില നല്‍കാനും അവര്‍ തയ്യാറാണ്. അതറിഞ്ഞുവേണം നീഷ് പ്രൊഡക്ട് തെരഞ്ഞെടുക്കാന്‍. നമ്മുടെ ഓഡിയന്‍സിന്റെ താല്‍പ്പര്യമറിയാന്‍ സോഷ്യല്‍ മീഡിയാ അനലറ്റിക്‌സ് ഉപയോഗപ്പെടുത്താം. തിരിച്ചും ഒന്ന് ചിന്തിച്ചുനോക്കൂ, നമ്മുടെ പ്രൊഡക്ട് അതില്‍ താല്‍പ്പര്യമുണ്ടാവാന്‍ സാധ്യതയുള്ളവരിലേക്കു മാത്രം എത്തിക്കാന്‍ സംവിധാനമില്ലേ? ഫെയ്‌സ്ബുക്കിന്റെ വലിയ സാധ്യത ഇതിനായി ഉപയോഗപ്പെടുത്താം.
ലോഞ്ചിംഗ് ഒട്ടും വൈകരുത്
ട്രെന്റിനനുസരിച്ചാണ് നീഷ് പ്രൊഡക്ട് തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് ലോഞ്ച് ചെയ്യാന്‍ ഒട്ടും വൈകരുത്. താമസം വരുത്തിയാല്‍ പിന്നെ നിങ്ങളുടെ കൈവിട്ടു എന്നര്‍ഥം. ചെറിയൊരു ഉദാഹരണം നോക്കാം. രണ്ടുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ യാത്ര പോയപ്പോള്‍ ലെസ്സി കുടിക്കാനിടയായി. ലെസ്സിക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന, അവിടുത്തെ പാല്‍ കമ്പനിയുടെ ഔട്ട്‌ലറ്റില്‍ നിന്നായിരുന്നു അത്. നല്ല കച്ചവടം, ലെസ്സി വേണ്ടവര്‍ അതന്വേഷിച്ച് അവിടെയെത്തുന്നു. ലസ്സിക്കു വേണ്ടി മാത്രം കേരളത്തിലും ഷോപ്പുകള്‍ ഇടാമല്ലോ എന്ന ആശയം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. പക്ഷെ, ചെയ്തില്ല. ഇന്നു നോക്കൂ, ലെസ്സികള്‍ക്കു വേണ്ടി മാത്രം എത്ര ഷോപ്പുകളാണ് കേരളത്തില്‍. വിവിധ ബ്രാന്‍ഡുകളില്‍ റോഡിന്റെ വശങ്ങളിലെല്ലാം ലെസ്സി ഷോപ്പുകള്‍. കേരളത്തില്‍ ഇത്രയേറെ ട്രെന്റായ നീഷ് വേറെയില്ലെന്നു പറയാം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്താം
നീഷ് പ്രൊഡക്ടുണ്ടെങ്കില്‍, ട്രെന്റി ആണെങ്കിലും അല്ലെങ്കിലും അതേക്കുറിച്ച് സംസാരിക്കാന്‍ നിരവധി ആളുകളുണ്ടെന്നതാണ് വലിയൊരു ഗുണം. നേരത്തെ പറഞ്ഞ സ്പിന്നറിന്റെ, അല്ലെങ്കില്‍ ലെസ്സിയുടെ കാര്യമെടുത്തു നോക്കിയാല്‍, സോഷ്യല്‍ മീഡിയയില്‍ ഇതേപ്പറ്റി നിരവധി സംസാരങ്ങള്‍ നടക്കുന്നുണ്ടെന്നു കാണാം. ലെസ്സി ഷോപ്പിനു മുമ്പില്‍ നിന്ന് ചിത്രമെടുത്ത് സ്റ്റാറ്റസ് ആക്കുന്നവര്‍, സ്പിന്നര്‍ ഉപയോഗിക്കുന്ന കുട്ടികളുടെ വീഡിയോകള്‍ ഇതൊക്കെ നമ്മളറിയാതെ കിട്ടുന്ന മാര്‍ക്കറ്റിംഗ് പരസ്യങ്ങളാണല്ലോ. അതിന്റെ ഇടയില്‍ നമ്മളൊന്ന് ഇടപെടുകയേ വേണ്ടൂ, ഈസിയായി നമ്മള്‍ ബ്രാന്‍ഡ് ചെയ്യപ്പെടും. ഇത് ട്രെന്റ് ആയ നീഷിന്റെ കാര്യമാണ്.
മൊബീല്‍ ഫോണിന്റെ പ്രിന്റ് ചെയ്ത കേസുകള്‍ വില്‍ക്കാന്‍ മാത്രം കോളെജ് സുഹൃത്തുക്കള്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാം എക്കൗണ്ടാണ് രമലെ യീഃ. ഫെയ്‌സ്ബുക്കിലൂടെ ഹാന്റ് പ്രിന്റഡ് ബാഗുകള്‍ വില്‍ക്കുന്ന അഞ്ജു പുന്നത്ത്, ഇന്‍സ്റ്റഗ്രാമിലൂടെ കാരിക്കേച്ചറുകള്‍ വരച്ചുനല്‍കുന്ന shadabclt_cartoonboy എന്നിങ്ങനെ സ്വന്തം കഴിവുകള്‍ ഉപയോഗിച്ചുള്ള നീഷ് കണ്ടെത്തി പണമുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്.
ചെറുപ്രായത്തില്‍ തന്നെ, പഠിക്കുന്നതിനിടയ്ക്ക് സോഷ്യല്‍ മീഡിയയുടെ മാത്രം സഹായത്തോടെ ആയിരങ്ങള്‍ സമ്പാദിക്കുന്ന ഇവര്‍ക്ക് ആരാണ് മാര്‍ക്കറ്റിംഗ് ചെയ്തുകൊടുക്കുന്നത് അവരുടെ തന്നെ കസ്റ്റമേഴ്‌സാണ്. നോക്കൂ, നമ്മുടെ കാരിക്കേച്ചര്‍ വരച്ചുകിട്ടിയാല്‍ അത് ഷെയര്‍ ചെയ്യും. കൂടെ വരച്ചുതന്നയാളെ മെന്‍ഷന്‍ ചെയ്യുകയും ചെയ്യും. കസ്റ്റമര്‍ ഉല്‍പ്പന്നത്തിന് പണവും നല്‍കുന്നു, പരസ്യവും ചെയ്യുന്നു. മൗത്ത് പബ്ലിസിറ്റിയുടെ ഡിജിറ്റല്‍ വേര്‍ഷനെന്നു പറയാം. അപ്പോള്‍ നീഷ് മാര്‍ക്കറ്റില്‍ സ്ഥാനം ബുദ്ധിക്കാണ്, സമയത്തിനും.
Read DhanamOnline in English
Subscribe to Dhanam Magazine


