നിങ്ങള്‍ക്കുമുണ്ടാക്കാം യൂട്യൂബില്‍ നിന്ന് പണം

നിങ്ങള്‍ക്കുമുണ്ടാക്കാം യൂട്യൂബില്‍ നിന്ന് പണം
Published on

സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി കോടികള്‍ സമ്പാദിച്ചവരുടെ കഥകള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്.

ഇത്തരം വിജയഗാഥകള്‍ കേട്ട് എടുത്തുചാടി യൂട്യൂബ് ചാനല്‍ തുടങ്ങി എങ്ങുമെത്താതെ ഇടയ്ക്കു വച്ചു നിര്‍ത്തിയവരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. കാരണം, ഒരു യൂട്യൂബ് ചാനല്‍ വിജയിക്കണമെങ്കില്‍ നീണ്ടകാലത്തെ പരിശ്രമം ആവശ്യമാണ്. അതുകൊണ്ടുതന്നെ പുതുതായി ചാനല്‍ തുടങ്ങുന്നവര്‍ സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ചു ഇതിനായി മാത്രം സമയം മാറ്റിവെക്കുന്നത് ഉചിതമായ ഒരു തീരുമാനമായിരിക്കില്ല. എന്നാല്‍, കൃത്യമായ ലക്ഷ്യവും പ്ലാനിങ്ങും ആശയവും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു യൂട്യൂബര്‍ ആകാം.

നല്ല ആശയം

സാധാരണക്കാരുമായി സംവദിക്കാന്‍ പോന്ന ജനപ്രിയമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്. സംഗീതം, ഹാസ്യം, പാചകം, വിദ്യാഭ്യാസം, യാത്രാ നിര്‍ദേശങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്ക് വിനോദം പകരുന്നതും ഉപകാരപ്രദവുമായ വീഡിയോകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആസ്വാദകരുള്ളത്.

പുതുമയുള്ള അവതരണ ശൈലി

ലക്ഷക്കണക്കിന് യൂട്യൂബ് ചാനലുകളും വിഡിയോകളും ഉള്ള ഈ നാട്ടില്‍ എങ്ങനെ വ്യത്യസ്തത പുലര്‍ത്താം എന്ന് ആലോചിക്കണം. കാരണം, ഇന്നോവേഷന്‍ ആണ് ഇന്നത്തെ വിജയമന്ത്രം.

സ്ഥിരോത്സാഹം, ക്ഷമ

ഒരു യൂട്യൂബറാകാന്‍ മുന്നിട്ടിറങ്ങുന്നതിന് മുന്‍പ് ഇതിനായി കഠിനപ്രയത്നം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന് സ്വയം വിശകലനം നടത്തുന്നത് നന്നായിരിക്കും. പലപ്പോഴും യൂട്യൂബില്‍ നിന്ന് പറയത്തക്ക വരുമാനം ലഭിക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. വിഡിയോകള്‍ റെഗുലര്‍ ആയി അപ്ലോഡ് ചെയ്യാനാകണം എന്നത് വളരെ പ്രധാനമായ ഒരു ഘടകമാണ്. പുതുതായി ചാനല്‍ തുടങ്ങുന്നവര്‍ കുറച്ചു കാലത്തേക്ക് വരുമാനത്തെക്കുറിച്ചു ആലോചിക്കുകയേ വേണ്ട എന്ന് ചുരുക്കം.

മികച്ച വീഡിയോ, സൗണ്ട് ക്വാളിറ്റി, നല്ല ഉള്ളടക്കം

ഒരു വീഡിയോ വിജയിക്കാന്‍ അടിസ്ഥാനമായി വേണ്ടത് നല്ല കണ്‍ടെന്റ് അല്ലെങ്കില്‍ ഉള്ളടക്കമാണ്. അത് മുഴുവനായും യൂട്യൂബെറുടെ ഭാവനയേയും കഴിവിനേയും ആശ്രയിച്ചിരിക്കും. നല്ല ഉള്ളടക്കം മാത്രം പോരാ, വീഡിയോ ഓഡിയോ ക്വാളിറ്റിയും മികച്ചതായിരിക്കണം.

എങ്ങിനെ യൂട്യൂബ് ചാനല്‍ സെറ്റപ്പ് ചെയ്യാം

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തയ്യാറാണെങ്കില്‍ ഇനി നമ്മുടെ ചാനല്‍ തുടങ്ങാം.

ഇതിന് ആദ്യമായി വേണ്ടത് ഒരു ഗൂഗിള്‍ അക്കൗണ്ട് ആണ്. ഗൂഗിള്‍ അക്കൗണ്ട് ഇല്ലാത്തവര്‍, അത് ക്രിയേറ്റ് ചെയ്ത് യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്യണം.

ചാനലിന്റെ പേര്, കാറ്റഗറി, കവര്‍ ചിത്രം, തംബ്‌നെയില്‍ എന്നിവ മുന്‍പേ തയ്യാറാക്കിയിരിക്കണം.

അതിനുശേഷം യൂട്യൂബ് നിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു ചാനല്‍ ക്രിയേറ്റ് ചെയ്യുക.

റെഗുലര്‍ ആയി വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ കുറച്ചധികം വീഡിയോകള്‍ തയ്യാറാക്കി വക്കാം.

പ്രൊഫഷണല്‍ മികവിനായി നല്ല സബ്-ടൈറ്റില്‍സ്, വോയിസ്-ഓവര്‍ എന്നിവ നല്‍കാം.

തുടക്കക്കാര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ എളുപ്പം. കൂടതല്‍ മുന്നോട്ടുപോകുന്തോറും ഒരു എസ് എല്‍ ആര്‍ അല്ലെങ്കില്‍ ഡി എസ് എല്‍ ആര്‍ കാമറ അത്യാവശ്യമായിവരും.

കോളര്‍ മൈക്ക്, ഫാന്റം പവര്‍ സപ്ലൈ, സൗണ്ട് കാര്‍ഡ്, മെമ്മറി കാര്‍ഡ് , അഡാപ്റ്റര്‍, കമ്പ്യൂട്ടര്‍, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ എന്നിവയും അവ ഉപയോഗിക്കുന്നതിലുള്ള പരിജ്ഞാനവും ഒരു യൂട്യൂബര്‍ക്ക് ആരുടേയും സഹായമില്ലാതെ സ്വതന്ത്രമായി വര്‍ക്ക് ചെയ്യാന്‍ ഉപകരിക്കും.

ഇനി, ഇതിനെല്ലാം ശേഷം, നിങ്ങളുടെ ചാനല്‍ 4000 വാച്ച് അവേഴ്‌സ് (ഒരു ചാനല്‍ യൂട്യൂബ് ഉപയോക്താക്കള്‍ കണ്ട സമയം) കടന്നോ എന്ന് നോക്കണം. 12 മാസത്തിനുള്ളില്‍ 1000 സബ്‌സ്‌ക്രൈബേര്‍സും 4000 വാച്ച് അവേഴ്‌സും കടന്നാല്‍ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യണം. അതിന് ശേഷം, നിങ്ങളുടെ യൂട്യൂബ് ചാനല്‍ ഗൂഗിള്‍ ആഡ് സെന്‍സ് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.

എന്നാല്‍ അപ്പോള്‍ത്തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നു നിറയണം എന്നില്ല. ചാനല്‍ സന്ദര്‍ശകര്‍ നിങ്ങളുടെ വിഡിയോയില്‍ വരുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്നതിനനുസരിച്ചാണ് ഗൂഗിള്‍ ആഡ് പേയ്‌മെന്റ് കണക്കാക്കുന്നത്.

കോസ്റ്റ് പെര്‍ ഇമ്പ്രെഷന്‍' എന്ന മെട്രിക് ഉപയോഗിച്ചാണ് യുട്യൂബ് വിവിധ ചാനലുകള്‍ക്കുള്ള പേയ്മെന്റ് നിശ്ചയിക്കുക.

ഓരോ തവണയും നമ്മുടെ ചാനലില്‍ പരസ്യങ്ങള്‍ പ്ലേ ചെയ്യുമ്പോള്‍ നമ്മുടെ ആഡ്‌സെന്‍സ് അക്കൗണ്ടില്‍ ഓരോ നിശ്ചിത പോയിന്റ് കൂട്ടിച്ചേര്‍ക്കപ്പെടും. ഓരോ 1000 വ്യൂസിനും നമുക്ക് ലഭിക്കുന്ന തുക കൂടിക്കൊണ്ടിരിക്കും.

ശരാശരി 'കോസ്റ്റ് പെര്‍ ഇമ്പ്രെഷന്‍' അഥവാ സിപിഐ രണ്ട് ഡോളര്‍ ആണ്. വീഡിയോ ക്വാളിറ്റി, ജനപ്രിയത എന്നീ പല മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത് പത്തു ഡോളര്‍ വരെയാകാം.

അപ്ലോഡ് ചെയ്യുന്ന വീഡിയോ ഒരു തരത്തിലും കോപ്പി റൈറ്റ് പ്രശ്‌നം ഇല്ലാത്തതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com