എങ്ങനെ ഒരു ബ്യൂട്ടിപാര്‍ലര്‍ ബിസിനസ് തുടങ്ങി വിജയിപ്പിക്കാം?
ബ്യൂട്ടിപാര്‍ലര്‍ ബിസിനസിലേക്ക് ഇറങ്ങുക എന്നത് ഇന്നത്തെ കാലത്ത് ബുദ്ധിപരമായ തെരഞ്ഞെടുപ്പാണ്. ബ്യൂട്ടീ പാര്‍ലറുകള്‍, സലൂണുകള്‍ എന്നിവ ധാരാളമുണ്ടെങ്കിലും വ്യത്യസ്തമായ, മികവുള്ള സര്‍വീസ് നല്‍കിയാല്‍ ബിസിനസ് പച്ചപിടിപ്പിക്കാം. എന്തൊക്കെ കാര്യങ്ങളാണ് ഈ ബിസിനസിലേക്ക് ഇറങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.
മേഖലയെക്കുറിച്ചുള്ള പഠനം അനിവാര്യം
എല്ലാ മേഖലയിലേക്കും ആ മേഖലയെക്കുറിച്ച് പഠിക്കുകയും അറിഞ്ഞിരിക്കുകയും വേണമെന്ന് പറയുന്നത് പോലെ ബ്യൂട്ടി പാര്‍ലര്‍ ബിസിനസിനെക്കുറിച്ചും പഠിച്ചിരിക്കുക എന്നത് പ്രധാനമാണ്. മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍, പ്രധാന ബ്രാന്‍ഡുകള്‍, മറ്റുള്ളവരുടെ പ്രധാന സര്‍വീസുകള്‍ എന്നിവ പഠിച്ച് വയ്ക്കുക.
ബിസിനസ് പ്ലാന്‍ ക്ലാരിറ്റിയോടെ
വിശദമായ ഒരു പ്ലാന്‍ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. ഇതില്‍ ഫണ്ടിങ്, മാര്‍ക്കറ്റിംഗ്, മാര്‍ക്കറ്റ് റിസര്‍ച്ച്, വില നിര്‍ണയം, ഡിസ്‌കൗണ്ട് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. സ്‌കീമുകള്‍, ഫണ്ടുകള്‍, മാസവാടക, ഇന്റീരിയര്‍, ഉല്‍പ്പന്നങ്ങള്‍, ടാര്‍ഗറ്റ് കസ്റ്റമേഴ്‌സ്, റിട്ടേണ്‍ ഓണ്‍ ഇന്‍വസ്റ്റ്‌മെന്റ്, മാസവരുമാനം എന്നിങ്ങനെയുള്ള നിര്‍ണായക വിവരങ്ങളും ഇതില്‍ ഉണ്ടായിരിക്കണം. മാര്‍ക്കറ്റ് പ്ലാന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാന്‍ എന്നിവയും വേണം.
സെഗ്മെന്റ് അറിയണം
ഇക്കോണമി, ബിസിനസ്, പ്രീമിയം എന്നിവയാണ് സലൂണുകളിലെ പ്രധാനപ്പെട്ടവ. എല്ലാവിധ അടിസ്ഥാന സേവനങ്ങളും നല്‍കുന്ന വിഭാഗമാണ് ഇക്കോണോമി. പൊതുവെ വില കുറവുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഈടാക്കുന്ന ചാര്‍ജുകളും കുറവായിരിക്കും. മിഡില്‍ റേഞ്ചിലുള്ള വില നിലവാരമുള്ളതും, എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്പന്നങ്ങളാണ് ബിസിനസ് സെഗ്മെന്റില്‍ ഉപയോഗിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രൊഫഷണല്‍ സ്റ്റാഫിന്റെ സേവനം ഇവിടങ്ങളില്‍ ഉണ്ടായിരിക്കും. ഉയര്‍ന്ന റേഞ്ചിലുള്ള സര്‍വീസുകളാണ് പ്രീമിയം സെഗ്മെന്റ് നല്‍കുന്നത്.
ബ്യൂട്ടി സ്‌പെഷ്യാലിറ്റി
ക്ലിനിക് പോലെ മള്‍ട്ടി സര്‍വീസസ് നല്‍കുന്ന ബ്യൂട്ടീ പാര്‍ലറുകളുണ്ട്. ലേസര്‍, മേക്രോ ബ്ലേഡിംഗ് തുടങ്ങിയവയൊക്കെ നല്‍കാനുള്ള പദ്ധതി ഉണ്ടെങ്കില്‍, ആ പ്രദേശത്തെ സാധ്യത, പ്രാവീണ്യമുള്ളവരുടെ ലഭ്യത, അതിലേക്കായുള്ള ഇന്‍വെസ്റ്റ്‌മെന്റ്, ലൈസന്‍സുകള്‍ എന്നിവ പ്രത്യേകം അന്വേഷിച്ചറിഞ്ഞ് സജ്ജമാക്കണം.
ക്ലയന്റ്‌സിനെ അറിയുക, ലൊക്കേഷന്‍ അറിയുക
യഥാര്‍ത്ഥ ഉപഭോക്താവിനെ തിരിച്ചറിയുക എന്നത് ഈ ബിസിനസില്‍ പ്രധാനമാണ്. സേവന മേഖലയിലുള്ള മറ്റേതൊരു ബിസിനസിനെയും പോലെ സര്‍വീസിലുള്ള ക്വാളിറ്റി ഉറപ്പാക്കുകയെന്നത് പ്രധാനമാണ്. സ്ഥിരം ഉപഭോക്താക്കളെ നേടിയെടുക്കുകയും, നല്ല ഓഫറുകള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ട്.
ബജറ്റിംഗ് വ്യക്തതയോടെ
ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റാഫ്, ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയുടെ നിലവാരം മികച്ചതായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഉല്‍പ്പന്നങ്ങള്‍ വിശദമായ പഠനം, സര്‍വേ എന്നിവയ്ക്ക് ശേഷം തെരഞ്ഞെടുക്കുക. ബ്യൂട്ടീ പാര്‍ലര്‍ പരിജ്ഞാനം നേടിയിട്ട് ഈ മേഖലയിലേക്ക് ഇറങ്ങുകയാണ് നല്ലത്.
ലൈസന്‍സ്, ജിഎസ്ടി
ജിഎസ്ടി രജിസ്‌ട്രേഷന്‍, പ്രഫഷണല്‍ ടാക്‌സ് ലൈസന്‍സ്, മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ലൈസന്‍സ്, മേഖലയിലെ പ്രാവീണ്യത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കേഷനുള്ള സ്റ്റാഫിന്റെ നിയമനം എന്നിവയെല്ലാം ശ്രദ്ധിക്കണം.