Begin typing your search above and press return to search.
ട്രംപ് എച്ച്-1ബി വിസ നടപടികൾ കര്‍ശനമാക്കാന്‍ സാധ്യത, നീക്കം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയോ?
യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ വളരെയേറെ ഇന്ത്യക്കാർ പ്രയോജനപ്പെടുത്തുന്ന എച്ച്-1ബി വിസ പ്രോഗ്രാമിനെക്കുറിച്ചുളള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. 2022 ൽ 77 ശതമാനം എച്ച്-1ബി വിസകളും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. 3,20,000 അപേക്ഷകളാണ് അംഗീകരിക്കപ്പെട്ടത്.
ട്രംപ് അധികാരമേറുന്നതോടെ ഈ വിസ വിഭാഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് തൻ്റെ ആദ്യ ടേമിൽ കുടിയേറ്റം കർശനമാക്കാൻ തുടർച്ചയായി നിരവധി നടപടികളാണ് കൊണ്ടുവന്നത്. അമേരിക്കൻ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്നില്ലെന്ന വാദത്തോടെ എച്ച്-1ബി വിസ പ്രക്രിയയെ എതിർക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
കുടിയേറ്റം കര്‍ശനമാക്കും
നിയമപരമായ കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനുള്ള അധിക നടപടികളാണ് ട്രംപ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം ചെയ്തത്. എച്ച്-1ബി വിസകളുടെ എണ്ണം കുറയ്ക്കുന്നതും കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതും ട്രംപിന്റെ വാഗ്ദാനങ്ങളില്‍ പെടുന്നു.
അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്-1ബി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം സ്വീകരിക്കുന്നത്. എന്നാൽ എച്ച്-1ബി വിസ പ്രോഗ്രാം ഏറ്റവും കൂടുതല്‍ വിനിയോഗിക്കുന്ന ടെക് മേഖല പോലുള്ള വ്യവസായങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അമേരിക്കന്‍ ടെക് കമ്പനികള്‍ കൂടുതലായും ഇന്ത്യ പോലുളള രാജ്യങ്ങളിലെ വിദേശ തൊഴില്‍ വൈദഗ്ധ്യത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ആമസോണും ഗൂഗിളും പോലുള്ള കമ്പനികൾ വിദഗ്ധ തൊഴില്‍ മേഖലയിലെ ഒഴിവുകള്‍ നികത്താൻ എച്ച്-1ബി വിസയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കർശനമായ വിസ നയങ്ങൾ മികച്ച ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കും.
എച്ച്-1ബി വിസ കാലാവധി ചുരുക്കാന്‍ സാധ്യത
ട്രംപ് ഭരണകൂടം എച്ച്-1ബി വിസകളുടെ കാലാവധി ചുരുക്കിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എച്ച്-1ബി വിസയുടെ ഗണ്യമായ ഒരു ഭാഗം ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത് എന്നതിനാല്‍, ഈ നയങ്ങൾ കർശനമാക്കുന്നത് ഇന്ത്യക്ക് ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
എച്ച്-1ബി വിസയില്‍ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഐ.ടി പോലുള്ള മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിൽ അവസരങ്ങൾ പരിമിതപ്പെടുത്തും. എച്ച്-1ബി വിസയിൽ നിലവില്‍ യു.എസിലുള്ളവര്‍ക്ക്, അവരുടെ കുടുംബങ്ങളെ കൊണ്ടു വരുന്നതിനും ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നിലപാട് തടസമാകാന്‍ ഇടയുണ്ട്.
ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ എച്ച്-1ബി വിസ നടപടികൾ കർശനമാകുമെന്നാണ് കരുതുന്നത്. അതിനാല്‍ എച്ച്-1ബി വിസയ്ക്കായി അപേക്ഷിക്കാനിരിക്കുന്നവര്‍ ട്രംപ് അധികാരമേറ്റ ശേഷം സ്വീകരിക്കുന്ന നടപടികള്‍ സാകൂതം വീക്ഷിക്കേണ്ടതുണ്ട്.
Next Story
Videos