രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍; ഐടി മേഖലയില്‍ വന്‍ അവസരങ്ങളെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍
ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായം വളര്‍ച്ച തുടരുമെന്ന് ഐടി ഭീമന്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഉടന്‍ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും ഐടി മേഖലയില്‍ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ബെംഗളൂരു ടെക് ഉച്ചകോടിയില്‍ വ്യക്തമാക്കി. മെറ്റാ, ട്വിറ്റര്‍ തുടങ്ങിയ നിരവധി യുഎസ് ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് നിയമനത്തെക്കുറിച്ച് ക്രിസ് ഗോപാലകൃഷ്ണന്‍ ഇത്തരമൊരു പ്രസ്താവനയിറക്കിയത്.
ആഗോള സമ്പദ്വ്യവസ്ഥയിലെ ഉയര്‍ച്ച താഴ്ചകള്‍ ഐടി വ്യവസായത്തെ ബാധിക്കുമെങ്കിലും അത് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. ജീവനക്കരുടെ കൊഴിഞ്ഞുപോക്ക്, മൂണ്‍ലൈറ്റിംഗ് ഉള്‍പ്പടെ പല വെല്ലുവിളികളും ഇന്ന് ഐടി മേഖല നേരിടുന്നുണ്ട്. എന്നിരുന്നാലും അടുത്ത വര്‍ഷങ്ങളില്‍ ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം വര്‍ധിക്കുമെന്നും ഇതോടെ ഐടി വ്യവസായം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്ത് ഡിജിറ്റൈസേഷന്‍ വേഗത്തിലായി. കൂടാതെ ഇന്ത്യന്‍ ഐടി മേഖലയും, രാജ്യത്തെ ആഗോള വികസന കേന്ദ്രങ്ങളും കോവിഡ് കാലത്ത് സ്വീകരിച്ച നിലപാട് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യത നേടുകയും ഇത് അവര്‍ക്കിടയില്‍ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തതായി ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ഡാറ്റാ സംരക്ഷണം പരിഹരിക്കപ്പെടേണ്ട വിഷയമാണന്നും ക്രിസ് ഗോപാലകൃഷ്ണന്‍ ബെംഗളൂരു ടെക് ഉച്ചകോടിയില്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ഐടി സേവന വിപണി വളച്ചയുടെ പാതയിലെന്ന് വ്യക്തമാക്കുന്നു. 7.4 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്കാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച് 2022 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ആഭ്യന്തര ഐടി, ബിസിനസ് സേവന വിപണിയുടെ മൂല്യം 7.15 ബില്യണ്‍ ഡോളറാണ്. നൂതന സാങ്കേതികവിദ്യകള്‍ തേടി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലൂടെ ഐടി മേഖല ഇനിയും വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കും.