രൂപയുടെ മൂല്യം ഇടിയുമ്പോൾ വിദേശത്തെ ജീവിതം എങ്ങനെ? വരുമാനം കണ്ടെത്താൻ പാർട്ട് ടൈം ജോലികളിൽ പുതിയ വഴികൾ തേടി വിദ്യാർത്ഥികൾ

2026 ൽ മാത്രം രൂപയുടെ മൂല്യം 5 ശതമാനത്തിലധികം ഇടിഞ്ഞു
indian students
Image courtesy: Canva
Published on

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഒരു വശത്ത് വിദേശ രാജ്യങ്ങളിലെ ജീവിതച്ചെലവ് കുതിച്ചുയരുമ്പോൾ, മറുവശത്ത് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച വീട്ടിൽ നിന്നുള്ള സാമ്പത്തിക പിന്തുണയുടെ കരുത്ത് കുറയ്ക്കുന്നു.

2026 ൽ മാത്രം രൂപയുടെ മൂല്യം 5 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, 2025 ഏപ്രിൽ മുതൽ ഏകദേശം 11 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ (തിങ്കളാഴ്ച) രൂപയുടെ മൂല്യം ഡോളറിനെതിരെ 95.20 എന്ന റെക്കോഡ് നിരക്കിലെത്തിയിരുന്നു. ഇത് ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കാൻ പോകുന്നവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വിദേശ പഠനത്തിനായുള്ള ശരാശരി വിദ്യാഭ്യാസ വായ്പ 2024 ലെ 39 ലക്ഷത്തിൽ നിന്ന് 2025 ൽ 43 ലക്ഷം രൂപയായി വർദ്ധിച്ചു.

പുതിയ മേഖലകള്‍

ഈ സാഹചര്യത്തെ നേരിടാൻ സാധാരണയായി ചെയ്തു വന്നിരുന്ന കഫേകളിലെയും പെട്രോള്‍ പമ്പുകളിലെയും ജോലികള്‍ക്ക് പകരം വിദ്യാര്‍‌ത്ഥികള്‍ ഓൺലൈൻ ജോലികളിലേക്ക് തിരിയുകയാണ്. എ.ഐ യുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വര്‍ദ്ധിച്ചു വരുന്ന സാധ്യതകളും ഇവര്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. ട്യൂട്ടറിംഗ്, ഡിസൈൻ, കോഡിംഗ്, കണ്ടന്റ് റൈറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വീസ ചട്ടങ്ങൾ അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കൂടുതൽ വരുമാനം നേടാൻ ഇത്തരം റിമോട്ട് ജോലികൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. സ്കെയിൽ എഐ (Scale AI), ഔട്ട്ലിയർ (Outlier) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി എഐ സിസ്റ്റങ്ങളെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ജോലികൾക്ക് വലിയ ഡിമാൻഡാണ് ഉളളത്. 'പ്രോംപ്റ്റ് എഞ്ചിനീയറിംഗ്' പോലുള്ള ഗിഗ് ജോലികൾക്ക് മണിക്കൂറിന് 60 മുതൽ 150 ഡോളർ വരെയാണ് പ്രതിഫലം.

ഡിജിറ്റൽ സാധ്യതകള്‍

ഇതിനുപുറമെ, സെക്കൻഡ് ഹാൻഡ് സാധനങ്ങൾ ഓൺലൈനായി വിൽക്കുന്നതും അഫിലിയേറ്റ് മാർക്കറ്റിംഗും വരുമാന മാർഗങ്ങളായി വിദ്യാർത്ഥികൾ ഉപയോഗിക്കുന്നു. നിശ്ചിത സമയങ്ങളിൽ ജോലി ചെയ്യുന്നതിന് പകരം തങ്ങളുടെ നൈപുണ്യവും (Skill) ഡിജിറ്റൽ സാധ്യതകളും ഉപയോഗപ്പെടുത്തി ഈ സാമ്പത്തിക ആഘാതത്തെ മറികടക്കാനാണ് വിദ്യാർത്ഥികൾ ശ്രമിക്കുന്നത്. സ്കോളർഷിപ്പുകൾ പരമാവധി പ്രയോജനപ്പെടുത്തിയും തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുത്തും വിദ്യാർത്ഥികൾ തങ്ങളുടെ പഠനം കൂടുതൽ ആസൂത്രിതമാക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com