
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിനായി സാധാരണ യു.എസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കാറുളളത്. എന്നാല്‍ ഈ ട്രെന്‍ഡില്‍ മാറ്റം വരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജർമ്മനി, റഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്. 2024 ൽ ഏകദേശം 7,60,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയതായാണ് ഇന്ത്യന്‍ ഇമിഗ്രേഷൻ ബ്യൂറോ വ്യക്തമാക്കുന്നത്.
2024 ൽ ഏകദേശം 35,000 ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മനിയാണ് ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ജർമ്മനിയുടെ വിദ്യാഭ്യാസ കോഴ്സുകളും ഡിഗ്രികളും വിദ്യാർത്ഥികളെ വലിയ തോതിലാണ് ആകര്‍ഷിക്കുന്നത്. 2024 ൽ ഏകദേശം 31,400 ഇന്ത്യൻ വിദ്യാർത്ഥികളാണ് റഷ്യയിലേക്ക് പോയത്. ജനപ്രിയ മെഡിക്കൽ ബിരുദങ്ങളും താങ്ങാനാവുന്ന കോഴ്സ് ഫീസുകളും വിദ്യാർത്ഥികളെ റഷ്യയിലേക്ക് ആകർഷിക്കുന്നു.
2019 ൽ വെറും 300 ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ് ഉസ്ബെക്കിസ്ഥാനിലേക്ക് പോയത്. എന്നാല്‍ 2024 ൽ ആ സംഖ്യ ഏകദേശം 10,000 വിദ്യാർത്ഥികളായി ഉയർന്നു. ഇംഗ്ലീഷിലുളള കോഴ്സുകളും താങ്ങാനാവുന്ന ഫീസിലുളള മെഡിക്കൽ ബിരുദങ്ങളും കാരണം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉസ്ബെക്കിസ്ഥാൻ തിരഞ്ഞെടുക്കുന്നത്.
അമേരിക്കയിലേക്കുളള വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ 2023 നെ അപേക്ഷിച്ച് 13 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 2,04,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് യു.എസ് തിരഞ്ഞെടുത്തത്. യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും 2024 ൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കാനഡയിലേക്കുളള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് 8 ശതമാനം കുറഞ്ഞ് 3,93,000 ആയി.
കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷം യു.കെയിലേക്കുളള വിദ്യാര്‍ത്ഥികളുടെ വരവില്‍ 4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഉയർന്ന വീസ ഫീസ്, കർശനമായ ഭാഷാ നിബന്ധനകള്‍ തുടങ്ങിയ നയങ്ങൾ ഭാവിയില്‍ ഓസ്ട്രേലിയയിലേക്കുളള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവില്‍ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഇംഗ്ലീഷ് സംസാരിക്കുന്ന മുൻനിര രാജ്യങ്ങൾ കർശനമായ കുടിയേറ്റ നയങ്ങൾ അവതരിപ്പിക്കുമ്പോൾ ജർമ്മനി, റഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ വിശാലമായ പഠന സൗഹാര്‍ദമായ നടപടികള്‍ സ്വീകരിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.
Indian students increasingly choose Germany, Russia, and Uzbekistan over traditional English-speaking countries due to friendlier policies and affordable education.
Read DhanamOnline in English
Subscribe to Dhanam Magazine