കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പരിഭ്രാന്തി, പ്രധാന രേഖകൾ വീണ്ടും സമർപ്പിക്കാന്‍ ആവശ്യം, രാജ്യം ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കുന്നുവോ?

അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കുന്നതിനായി എസ്.ഡി.എസ് ഫാസ്റ്റ് ട്രാക്ക് സ്റ്റഡി വിസ പ്രോഗ്രാം അവസാനിപ്പിച്ചിരുന്നു
Study in Canada
Image : Canva
Published on

കാനഡയിലെ നിരവധി വിദ്യാർത്ഥികൾക്ക് സ്റ്റഡി പെര്‍മിറ്റുകളും വിസകളും മാർക്ക്, ഹാജർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐ.ആര്‍.സി.സി) എന്ന വകുപ്പില്‍ നിന്ന് ഇമെയിൽ ലഭിച്ചു. ഇത് കാനഡയിൽ വിദ്യാഭ്യാസം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ പരിഭ്രാന്തി പടർത്തി.

പല വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് വർഷം വരെ സാധുതയുള്ള വിസകളാണ് ഉളളത്. ഈ സാഹചര്യത്തില്‍ ഇമെയില്‍ ലഭിച്ചതാണ് വിദ്യാര്‍ത്ഥികളില്‍ ആശങ്ക പരത്തിയത്.

ഐ.ആർ.സി.സി കാനഡയിലേക്ക് അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കുന്നതിനായി എസ്.ഡി.എസ് എന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റഡി വിസ പ്രോഗ്രാം അവസാനിപ്പിച്ചിരുന്നു. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും രാജ്യം കുറച്ചുകൂടി കർശനമാക്കിയിട്ടുണ്ട്.

കാനഡയിലുളള വിദേശ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. രാജ്യത്ത് 4,27,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നതായാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ കണക്കാക്കുന്നത്. ഐ.ആര്‍.സി.സി യുടെ സ്ഥിരീകരണ പ്രക്രിയയും വിവരങ്ങളുടെ പുനഃപരിശോധനയും വിദ്യാർത്ഥികളുടെ മനസിൽ സംശയവും പരിഭ്രാന്തിയും സൃഷ്ടിക്കന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

രാജ്യത്തിന്റെ സൗഹാര്‍ദപരമായ അന്തരീക്ഷമാണ് കാനഡ തിരഞ്ഞെടുക്കാനുളള കാരണമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാൽ പുതിയ നടപടി അന്യായമായി തോന്നുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിഷയത്തിൽ കൂടുതൽ വ്യക്തത നൽകി രാജ്യത്തെ തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാന്‍ വിദ്യാർത്ഥികൾ ഐ.ആർ.സി.സി യോട് ആവശ്യപ്പെട്ടു. അതേസമയം അതുവരെ കൂടുതൽ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാൻ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ ഇമിഗ്രേഷൻ നയം ഒക്‌ടോബർ 24 നാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പുറത്തിറക്കിയത്. 3,95,000 പെര്‍മനന്റ് റസിഡന്റ് വീസകള്‍ മാത്രമാണ് 2025 ൽ രാജ്യം അനുവദിക്കുക. നിലവിലുളളതില്‍ നിന്ന് 20 ശതമാനം കുറവാണ് കാനഡ വരുത്തിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com