ട്രെന്‍ഡ് മാറുന്നോ? മലയാളി കുട്ടികള്‍ക്കും വിദേശ പഠനം മടുക്കുന്നു! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

അടുത്ത വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 15-20 ലക്ഷം വരെയാകുമെന്ന് പ്രതീക്ഷ

ഉന്നത പഠനത്തിനായി മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നാടുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും തൊഴില്‍ വിപണിയെയും സാരമായി ബാധിക്കുമെന്ന ആശങ്ക സജീവമാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും വിദേശപഠനത്തിനായി പോയ കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന കേരള മൈഗ്രേഷന്‍ റിപ്പോര്‍ട്ടും ഏറെ ചര്‍ച്ചയായി. വിദേശ ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും തിരികെ വരില്ലെന്ന റിപ്പോര്‍ട്ടും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ പഠനത്തില്‍ കുറവുണ്ടായെന്നാണ് പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
പുതിയ ട്രെന്‍ഡ്
2023ല്‍ 12 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിനായി രാജ്യം വിട്ടുവെന്നാണ് കണക്ക്. അടുത്ത വര്‍ഷം ഇത് 15-20 ലക്ഷം വരെയാകും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിദ്യാഭ്യാസ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്യാന്‍ധാന്‍ 2024 മാര്‍ച്ച് മുതല്‍ മേയ് വരെ നടത്തിയ പഠനം ഈ കണക്കുകളെ തിരുത്തുന്നു. തൊട്ടുമുന്നത്തെ വര്‍ഷത്തെ സമാനകാലയളവ് പരിശോധിച്ചാല്‍ വിദേശ പഠനത്തിനായി വായ്പയെടുക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ 22 ശതമാനം കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോകുന്ന തെലങ്കാനയില്‍ 30 ശതമാനവും ഗുജറാത്തില്‍ 35 ശതമാനവും കുറവുണ്ടായി. കേരളത്തില്‍ നിന്നുള്ള വായ്പകളുടെ എണ്ണത്തില്‍ 12.39 ശതമാനം കുറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് കാരണം
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവിന് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. വിദേശ പഠനത്തിന്റെ മറുപുറമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്ന കാര്യവും ഇതാണ്. സാങ്കേതിക മേഖലയിലും വിദഗ്ധ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമാണ് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. പല രാജ്യങ്ങളിലും മതിയായ താമസ സൗകര്യം ലഭിക്കാത്തതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണ്.
മാറുന്ന നിയമങ്ങള്‍ തിരിച്ചടി
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായെത്തുന്ന രാജ്യങ്ങളിലെ തൊഴില്‍, വിദ്യാഭ്യാസ നയങ്ങളില്‍ വന്ന മാറ്റവും തിരിച്ചടിയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം അടുത്തിടെയാണ് കാനഡ നടപ്പിലാക്കിയത്. ആസ്‌ട്രേലിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചതിനൊപ്പം ഫീസും ഇരട്ടിയാക്കി. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കുട്ടികളെത്തുന്ന യു.കെയും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ്. തദ്ദേശീയരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ കയ്യടക്കുന്നുവെന്ന പ്രചാരണം യു.എസിനെയും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുമെന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ആശ നല്‍കുന്നതാണ്.
ഭാവി എങ്ങനെ?
അതേസമയം, വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്കും ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍. വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള തീരുമാനം പല സര്‍വകലാശാലകള്‍ക്കും തിരിച്ചടിയാണ്. അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ സര്‍വകലാശാലകള്‍ പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചുവിട്ടതും വാര്‍ത്തയായിരുന്നു. ആസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി അടുത്തിടെ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. സര്‍വകലാശാലയുടെ വരുമാനത്തിന്റെ 40 ശതമാനവും വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പോസിറ്റീവാണ് കാര്യങ്ങള്‍
ഇപ്പോഴത്തെ പ്രതിസന്ധി വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് അനാരോഗ്യകരമായ വിപണി പ്രവണതകളെ ഇല്ലാതാക്കും. മികച്ചതും കുറ്റമറ്റതുമായ സേവനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയും. പരമ്പരാഗതമായി വിദേശ പഠനത്തിന് തിരഞ്ഞെടുക്കുന്ന അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അയര്‍ലാന്‍ഡ്, ജര്‍മനി, സ്‌പെയിന്‍, ഫിന്‍ലാന്റ്, സിംഗപ്പൂര്‍, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇന്ത്യന്‍ കുട്ടികള്‍ കൂടുതലായി പോകുന്നുണ്ട്. ഇതും ഈ രംഗത്തെ സാധ്യതകളെ തുറന്നിടുന്നു.
Related Articles
Next Story
Videos
Share it