ഈ തൊഴില്‍ മേഖലയില്‍ കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ വേണ്ടത് പണി അറിയാവുന്ന 10 ലക്ഷം പേരെ

ഇന്ത്യയിലെ ടെക്‌നോളജി മേഖലയില്‍ അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മിത ബുദ്ധി (artificial intelligence) പോലുള്ള നൂതന സാങ്കേതിക വിദ്യയില്‍ അതിവൈദഗ്ധ്യം നേടിയ 10 ലക്ഷത്തിലേറെ പ്രൊഫഷനലുകളെ ആവശ്യമായി വരുമെന്ന് പഠനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസ സൗകര്യങ്ങളും പരിശീലനവും വര്‍ധിപ്പിക്കണമെന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് ആവശ്യപ്പെടുന്നു. നിലവില്‍ ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്ന പകുതി പേര്‍ക്കും സൈബര്‍ സുരക്ഷ, നിര്‍മിത ബുദ്ധി, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ പറയുന്നു.
250 ബില്യന്‍ ഡോളര്‍ ബിസിനസ്
ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് 250 ബില്യന്‍ ഡോളര്‍ (ഏകദേശം 20 ലക്ഷം കോടി രൂപ) സംഭാവന ചെയ്യുന്ന ടെക് മേഖല ഏതാണ്ട് 55 ലക്ഷത്തോളം പേര്‍ക്ക് തൊഴിലും നല്‍കുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) 7.5 ശതമാനമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പല പ്രമുഖ കമ്പനികള്‍ക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ ആവശ്യകത അനുസരിച്ച് അഭിരുചികളുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതാണ് പ്രശ്‌നം. മിടുക്കന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ വിദേശത്തേക്ക് ചേക്കേറുന്നതും ഭീഷണിയാണ്. ഇത് അന്താരാഷ്ട്ര ടെക് ഭീമന്മാരുമായി മത്സരിക്കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ ശേഷിയെ ബാധിക്കുന്നുണ്ട്.
ടി.സി.എസിന് വേണം 80,000 പേരെ
യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തത് മൂലം 80,000 ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞില്ലെന്ന് രാജ്യത്തെ പ്രമുഖ കമ്പനിയായ ടി.സി.എസ് കഴിഞ്ഞ മാസമാണ് പറഞ്ഞത്. ഐ.റ്റി, അനുബന്ധ ജോലികള്‍ക്കായി 20,000 എഞ്ചിനീയര്‍മാരുടെ കുറവുണ്ടെന്നും ഇത് മൂലം പ്രോജക്ടുകള്‍ നീങ്ങുന്നില്ലെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (എല്‍ ആന്‍ഡ് ടി)യും തുറന്നുപറഞ്ഞിരുന്നു.
പ്രശ്‌നം ഇതാണ്
ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ കുഴപ്പങ്ങളാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കുന്നതില്‍ തടസം നില്‍ക്കുന്നതെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ പഠനരീതികള്‍ കാലഹരണപ്പെട്ടവയാണ്. തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ പ്രായോഗിക അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ കോളേജുകള്‍ക്ക് കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു.
അധികം പഠിച്ചവര്‍ക്ക് പണിയുണ്ടാകില്ല
ഔപചാരിക വിദ്യാഭ്യാസം നേടിയവര്‍ യാതൊരു തൊഴില്‍ വൈദഗ്ധ്യങ്ങളുമില്ലാതെ പുറത്തിറങ്ങുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നേടാത്തവരേക്കാള്‍ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം പുതിയ തൊഴില്‍ വിപണി ആവശ്യപ്പെടുന്ന അഭിരുചികളും നേടിയാല്‍ മാത്രമേ യുവതലമുറയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നും ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Related Articles
Next Story
Videos
Share it