ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്: പരസ്യത്തിലൂടെയല്ലാതെയും പരസ്യം നല്‍കാം

ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്: പരസ്യത്തിലൂടെയല്ലാതെയും പരസ്യം നല്‍കാം
Published on

ചുറ്റും നോക്കിയാല്‍ ആളുകള്‍ എപ്പോഴും ഓണ്‍ലൈനില്‍ വിവിധ സോഷ്യല്‍ മീഡിയകളിലൂടെ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. നിങ്ങളൊരു പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, നമ്മളെല്ലാവരും ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ആളുകളാലോ വസ്തുക്കളാലോ സ്വാധീനിക്കപ്പെട്ടിരിക്കുന്ന ഒരാളെ സ്വാധീനിക്കാന്‍ എളുപ്പമായിരിക്കും എന്നതാണ് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ അടിസ്ഥാനം. ഇതിലൂടെ സാധ്യതയുള്ള ബയേഴ്‌സിനു മേല്‍ സ്വാധീനം ചെലുത്തുന്നുവരെ തിരിച്ചറിയുകയും മാര്‍ക്കറ്റിംഗ് അവരെ കേന്ദ്രീകരിച്ച് നടത്താനാകുകയും ചെയ്യുന്നു.

ലക്ഷ്യമിടുന്ന വിപണിയില്‍ ബ്രാന്‍ഡിനെ കുറിച്ചുള്ള സന്ദേശം നല്‍കുന്നതിന് ഇത്തരത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളെയോ അതുപോലെ പ്രാധാന്യമുള്ള ആളുകളെയോ ആണ് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്തുന്നത്. അവരുടെ മേഖലയില്‍ സ്‌പെഷ്യലിസ്റ്റുകളാണ് ഇന്‍ഫ്‌ളുവന്‍സര്‍. മാത്രമല്ല, ഫോളോവേഴ്‌സുമായി ആശയവിനിമയം നടത്തുകയും അതുവഴി ഉയര്‍ന്ന വിശ്വാസ്യത കൈവരിക്കുകയും ചെയ്തിട്ടുണ്ട് അവര്‍.

ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് അത്ര പുതിയ കാര്യമൊന്നുമല്ല. ഏറെ നാളായി ഇത് നടക്കുന്നുണ്ട്. ആശയ വിനിമയത്തിനുള്ള പ്ലാറ്റ്‌ഫോം മാത്രമാണ് മാറിയിരിക്കുന്നത്. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് അടുത്ത കാലത്ത് ചൂണ്ടിക്കാട്ടാവുന്ന ഒരു ഉദാഹരണം ഓപ്ര വിന്‍ഫ്രിയാണ്. അവര്‍ ഒരു ഇന്‍ഫ്‌ളുവന്‍സര്‍ ആയിരുന്നു. അവരുടെ ടിവി ടോക് ഷോയില്‍ പുസ്തകങ്ങളും ഗ്രന്ഥകര്‍ത്താക്കളും എന്നൊരു സെഗ്‌മെന്റ് ഉണ്ടായിരുന്നു. അതില്‍ അവര്‍ പരാമര്‍ശിക്കുകയും വാങ്ങാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്യുന്ന ബുക്കുകള്‍ ഉടന്‍ തന്നെ മുഴുവനായും വിറ്റുപോകുമെന്ന് ആ രാജ്യത്തെ എല്ലാ ബുക്ക് റീറ്റെയ്‌ലര്‍മാര്‍ക്കും അറിയാമായിരുന്നു.

ഇന്‍ഫ്‌ളുവന്‍സറിന് അവരുടെ നെറ്റ് വര്‍ക്കിലും കമ്മ്യൂണിറ്റിയിലും വലിയ പ്ര

ഭാവം ഉണ്ടാക്കാനാകും. അവര്‍ സാധാരണയായി കണ്ടന്റ് റൈറ്റര്‍, പത്രപ്രവര്‍ത്തകര്‍, ബ്ലോഗര്‍, സിഇഒമാര്‍, കലാകാരന്മാര്‍, പരസ്യദാതാക്കള്‍, ഉപദേഷ്ടാക്കള്‍ തുടങ്ങിയ റോളുകളിലെല്ലാം പ്രത്യക്ഷപ്പെടുന്നു.

അവര്‍ ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കുകയും സ്വാധീനിക്കപ്പെടുന്ന തരത്തില്‍ ഉപദേശങ്ങളും അഭിപ്രായങ്ങളും നല്‍കുകയും ചെയ്യുന്നു. അവിടെയാണ് ബിസിനസില്‍ നേട്ടമിരിക്കുന്നത്. നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ചാണ് ഇന്‍ഫ്‌ളുവന്‍സര്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങളുടെ ബിസിനസ് അവരുടെ ഫോളോവേഴ്‌സിന്റെ അടുത്തേക്ക് എത്തുന്നു. ഇത്തരം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് രീതി കൂടുതല്‍ ശക്തമാണ്.

ബ്യൂട്ടി, ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍ മേഖലകളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ ശ്രദ്ധേയരായ കുറിച്ചു ആളുകളെ നൈക്ക ടിവി (Nykaa TV) ഫീച്ചര്‍ ചെയ്തിരുന്നു. ഉപദേശകരായും അവരുടെ വൈദഗ്ധ്യം പങ്കുവെക്കുന്നവരായും ഉല്‍പ്പന്നങ്ങളുടെ നിരൂപകരായും അവര്‍ പ്രവര്‍ത്തിച്ചു. ഉല്‍പ്പന്നങ്ങളെ കുറിച്ച് അവര്‍ തന്നെ തയാറാക്കിയ പരസ്യങ്ങളില്‍ സ്വയം മോഡലായും യൂട്യൂബില്‍ അവര്‍ പരിഗണിക്കപ്പെട്ടിരുന്നു.

സെലിബ്രിറ്റി അംഗീകാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്. മിക്ക സേവനദാതാക്കളും ഉല്‍പ്പാദകരും വാങ്ങല്‍ തീരുമാനം എടുക്കുന്നവരെ സ്വാധീനിക്കുന്നത് ആരെന്ന് മനസ്സിലാക്കുകയും അത്തരം സ്വാധീനം ചെലുത്തുന്നവരെ ലക്ഷ്യമിടുകയും ചെയ്യുന്നു. ഇതൊക്കെയും പരോക്ഷമായ വഴിയിലൂടെയാണ് ചെയ്യുക.

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ UnGround Innovation Lab കാംപെയ്ന്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2013 ല്‍ സിലിക്കണ്‍വാലിയിലെയും റോക്കറ്റ് സ്‌പേസിലെയും ഗൂഗ്‌ളിലെയും 100 ചിന്തകരെയും ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയും വഹിച്ചുകൊണ്ട് അവരുടെ ഫ്‌ളൈറ്റ് സിലിക്കണ്‍വാലിയില്‍ നിന്ന് പറന്നുയര്‍ന്നു. കൂടുതല്‍ നന്മയ്ക്കായി അവരുടെ മസ്തിഷ്‌കപ്രക്ഷാളനത്തിനുള്ള കഴിവുകള്‍ വിനിയോഗിക്കുവാനും ആളുകള്‍ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെ മികച്ച ആശയങ്ങള്‍ ഉണ്ടാകുന്നുവെന്ന് കാട്ടാനും അവര്‍ ഒരുമിച്ച് ചിന്തകള്‍ പങ്കുവെച്ചു. ഈ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ പ്രമുഖരെ തന്നെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ കാംപെയ്ന്‍ മാധ്യമ ശ്രദ്ധയും നേടിയെടുത്തു. കമ്പനിയെ ഫോക്കസ് ചെയ്തുകൊണ്ടായിരുന്നില്ല കാംപെയ്ന്‍. എങ്കിലും ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പേര് എല്ലാ വാര്‍ത്തകളിലും നിറഞ്ഞു.

ഒരു ഇന്‍ഫ്‌ളുവന്‍സര്‍ സെലിബ്രിറ്റി ആയിരിക്കണമെന്നില്ല. ചിലപ്പോള്‍ അവര്‍ നിങ്ങളുടെ സ്ഥിരം ഉപഭോക്താക്കള്‍ തന്നെയാകാം. മാന്‍ഹട്ടന്‍ ആസ്ഥാനമായുള്ള ബ്യൂട്ടി സ്റ്റാര്‍ട്ടപ്പായ ഗ്ലോസിയറിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ അവരുടെ സൂപ്പര്‍ ഫാന്‍സും മൈക്രോ ഇന്‍ഫ്‌ളുവന്‍സേഴ്‌സുമായിരുന്നു. അവരുടെ സ്‌കിന്‍ കെയര്‍, കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിന് ഉല്‍പ്പന്നത്തിന്റെ സ്ഥിരം ഉപഭോക്താക്കളായ വനിതകളെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഗ്ലോസിയറിന്റെ വരുമാനത്തിന്റെ 90 ശതമാനവും ഉല്‍പ്പന്നത്തിന്റെ വലിയ ഫാന്‍സില്‍ നിന്നായിരുന്നു.

ഒരു ബ്രാന്‍ഡ് എന്തൊക്കെ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഉപഭോക്താക്കള്‍ ഉല്‍പ്പന്നം വാങ്ങുന്നത് മറിച്ച് അവരെ സ്വാധീനിക്കുന്നത് ഇക്കാര്യം ആരാണ് പറയുന്നത് എന്നതാണ്. അതുകൊണ്ടു തന്നെയാണ് മിക്ക കമ്പനികളും ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഒരു ഉപാധിയായി എടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com