

ജപ്പാനിൽ സ്ഥിരതാമസം (Permanent Residency - PR) നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, അപേക്ഷാ ഫീസ് ഇനത്തിൽ വെറും 5,000 രൂപയോളം (8,000 JPY) മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. ഇത് വീസ ഫീസ് അല്ല, സ്ഥിര താമസത്തിനായി അപേക്ഷിക്കുമ്പോൾ നൽകേണ്ട പ്രോസസ്സിംഗ് ഫീസ് ആണ്. ജനസംഖ്യയിലെ കുറവ്, പ്രായമാകുന്ന തൊഴിൽ ശക്തി തുടങ്ങിയ പ്രശ്‌നങ്ങൾ രാജ്യം അഭിമുഖീകരിക്കുന്നതിനാലാണ് ഈ നയമാറ്റം.
സ്ഥിര താമസത്തിനായി ലളിതവും താങ്ങാനാവുന്നതുമായ മാർഗം അവതരിപ്പിക്കുന്നതിലൂടെ, ആഗോള പ്രതിഭകളെ പ്രത്യേകിച്ച് സാങ്കേതികവിദ്യയിലും എഞ്ചിനീയറിംഗിലും വൈദഗ്ധ്യത്തിന് പേരുകേട്ട ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനാണ് ജാപ്പനീസ് സർക്കാരിന്റെ ശ്രമം.
അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതകൾ
സാധാരണയായി ഒരു വ്യക്തിക്ക് ജപ്പാനിൽ 10 വർഷം തുടർച്ചയായി താമസിച്ചതിന് ശേഷം മാത്രമേ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കഴിയൂ. ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും ജോലി ചെയ്യാനുള്ള വീസയിൽ ആയിരിക്കണം. എന്നാൽ, യോഗ്യതയുള്ള അപേക്ഷകർക്ക് ഈ സമയപരിധി ഗണ്യമായി കുറയ്ക്കാൻ നിരവധി വേഗതയേറിയ മാര്‍ഗങ്ങളുണ്ട്.
മികച്ച പ്രതിഭകൾക്ക് ജപ്പാന്റെ പോയിന്റ്-ബേസ്ഡ് പ്രിഫറൻസ് സിസ്റ്റത്തിലൂടെ നടപടിക്രമങ്ങള്‍ വളരെ വേഗത്തിലാക്കാം.
പോയിൻ്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റത്തിൽ 70 പോയിൻ്റ് നേടുന്നവർക്ക് ജപ്പാനിൽ 3 വർഷം താമസിച്ചതിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
80-ൽ അധികം പോയിൻ്റ് നേടുന്നവർക്ക് വെറും 1 വർഷം താമസിച്ച ശേഷം അപേക്ഷിക്കാൻ കഴിയും.
വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, വാർഷിക വരുമാനം, ജാപ്പനീസ് ഭാഷാ പ്രാവീണ്യം (JLPT N1/N2), പ്രത്യേക നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ പോയിൻ്റുകൾ നൽകുന്നത്.
ജപ്പാനിലെ റീജിയണൽ ഇമിഗ്രേഷൻ സർവീസസ് ബ്യൂറോയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 5,000 രൂപയോളം വരുന്ന പ്രോസസ്സിംഗ് ഫീസ് (8,000 JPY, ജാപ്പനീസ് യെൻ) അപേക്ഷ അംഗീകരിച്ച ശേഷം മാത്രം അടച്ചാൽ മതി. അപേക്ഷാ ഫോം, പാസ്പോർട്ട്, റെസിഡൻസ് കാർഡ്, പോയിൻ്റ് കാൽക്കുലേഷൻ ഫോം, വരുമാനം തെളിയിക്കുന്ന രേഖകൾ, ടാക്സ് സർട്ടിഫിക്കറ്റുകൾ, ഗ്യാരണ്ടറുടെ രേഖകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷ അംഗീകരിക്കാൻ 4 മുതൽ 8 മാസം വരെ സമയമെടുക്കാറുണ്ട്. കുറഞ്ഞ ഫീസ് ആണെങ്കിലും ആവശ്യമായ യോഗ്യതകളും രേഖകളും ഈ പ്രക്രിയയിൽ നിർണായകമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അനിയന്ത്രിതമായ തൊഴിൽ അവകാശങ്ങൾ, വായ്പകൾ, പണയം തുടങ്ങിയ സാമ്പത്തിക സേവനങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം, നിശ്ചിത ഇടവേളകളിലുള്ള വീസ പുതുക്കലിൽ നിന്നുള്ള ഒഴിവാകല്‍ തുടങ്ങിയവ ഉൾപ്പെടെയുള്ള നേട്ടങ്ങൾ നൽകുന്നതാണ് ജപ്പാനിലെ പി.ആർ.
Japan offers fast-track PR for IT and engineering professionals from India with just ₹5,000 processing fee.
Read DhanamOnline in English
Subscribe to Dhanam Magazine