Begin typing your search above and press return to search.
യൂറോപ്പിനും കാനഡയ്ക്കുമൊപ്പം മലയാളികള്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ അവസരങ്ങള്‍ തുറന്ന് ജപ്പാന്‍, സാധ്യതകള്‍ എന്തൊക്കെ?
വിദേശ വിദ്യാഭ്യാസവും ജോലിയും ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങളുടെ കലവറയായി മാറുകയാണ് ജപ്പാന്‍
വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. മുമ്പ് കാനഡ, യു.കെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളായിരുന്നു പലരുടെയും ഇഷ്ടകേന്ദ്രം. എന്നാല്‍ പല രാജ്യങ്ങളും കുടിയേറ്റത്തിന് തടയിടാനായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കാനഡയും യു.കെയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്ക് പകരമായി ചില ഏഷ്യന്‍ രാജ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.
ഇത്തരത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. അടുത്ത കാലത്തായി ജപ്പാനിലേക്കു പഠനത്തിനും ജോലിക്കുമായി പോകുന്നവരുടെ എണ്ണം വര്‍ധിച്ചതായി വിദേശ വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തുന്നവര്‍ പറയുന്നു. വിദേശീയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ജപ്പാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതോടെ മലയാളികള്‍ അടക്കം നിരവധി പേര്‍ അടുത്തിടെ ജപ്പാനെ ലക്ഷ്യസ്ഥാനമായി കണ്ട് രംഗത്തുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റത്തില്‍ മുന്നിലാണ് ജപ്പാന്‍. ഉയര്‍ന്ന ശമ്പളവും മികച്ച ജീവിതസൗകര്യങ്ങളുമാണ് ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നത്. വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളില്‍ നിന്ന് ജപ്പാനിലേക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് എഡ്‌റൂട്ട്‌സ് ഇന്റര്‍നാഷണല്‍ ബ്രാഞ്ച് മാനേജര്‍ നിസാഫ് പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റത്തില്‍ മുന്നിലാണ് ജപ്പാന്‍. ഉയര്‍ന്ന ശമ്പളവും മികച്ച ജീവിതസൗകര്യങ്ങളുമാണ് ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നത്. വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളില്‍ നിന്ന് ജപ്പാനിലേക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് എഡ്‌റൂട്ട്‌സ് ഇന്റര്‍നാഷണല്‍ ബ്രാഞ്ച് മാനേജര്‍ നിസാഫ് പറഞ്ഞു.
മലയാളികള്‍ക്ക് അവസരം
പൗരന്മാര്‍ കൂടുതലായി വാര്‍ധക്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതാണ് ജപ്പാന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. തൊഴിലെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. ഇതിന് പരിഹാരം കാണാന്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുക മാത്രമാണ് പോംവഴി. അടുത്ത കാലത്തായി തൊഴിലാളികളെ ജപ്പാനിലേക്ക് എത്തിക്കാന്‍ വിപുലമായ നീക്കങ്ങളാണ് ജപ്പാന്‍ നടത്തുന്നത്.
ഹെല്‍ത്ത്‌കെയര്‍, കൃഷി, ഐ.ടി ഉള്‍പ്പെടെ ഒട്ടുമിക്ക മേഖലകളിലും ജപ്പാനില്‍ വരുന്ന അഞ്ചുവര്‍ഷത്തിനിടെ നിരവധി തൊഴിലാളികളെ ആവശ്യമാണ്. ഇതു മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ നയങ്ങളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി മുന്നോട്ടു പോകുന്നത്. കൃഷി, നഴ്‌സിംഗ് കെയര്‍, സാനിറ്റേഷന്‍ തുടങ്ങിയ 14 മേഖലകളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ജപ്പാന്‍ വീസ നല്‍കിയിരുന്നു. 2019 ല്‍ തൊഴില്‍ നിയമത്തില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്നായിരുന്നു ആ നടപടി.
മുമ്പ് ജപ്പാനിലെ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ എണ്ണം കൂടിയതായി ജപ്പാനില്‍ ജോലിചെയ്യുന്ന കോട്ടയം പാലാ സ്വദേശി റേച്ചല്‍ വര്‍ഗീസ് പറയുന്നു. അടുത്തിടെ ടാക്‌സി, ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജപ്പാന്‍ സ്പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കര്‍ (എസ്.എസ്.ഡബ്ല്യു) വീസ പ്രോഗ്രാം വിപുലീകരിച്ചിരുന്നു. പ്രതിവര്‍ഷം 18 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന വരുമാനം.
വിദ്യാഭ്യാസ രംഗത്തും വിദേശ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ അവസരങ്ങള്‍ ജപ്പാന്‍ ഒരുക്കുന്നുണ്ട്.. 2033ഓടെ 4 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തെത്തിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. ജപ്പാനിലെ തൊഴില്‍ ശക്തിയില്‍ ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലധികം കുറവുണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിദേശ വിദ്യാര്‍ത്ഥികള്‍ പഠനശേഷവും ജപ്പാനില്‍ തന്നെ ജോലി ചെയ്യുമെന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള നയമാറ്റവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.
മലയാളി ട്രെന്റ് മാറുന്നു
യൂറോപ്യന്‍ രാജ്യങ്ങളെന്ന മലയാളി സ്വപ്‌നത്തിന് മാറ്റം വന്നതായി വിദേശ ജോലി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്നവര്‍ പറയുന്നു. മുമ്പ് അന്വേഷണങ്ങള്‍ കൂടുതലും വന്നിരുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കാനഡയിലേക്കുമായിരുന്നു. ആ സ്ഥിതി മാറി. ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ജോലി സാധ്യതയെക്കുറിച്ച് കൂടുതല്‍ കോളുകള്‍ വരുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലെ വലിയ നികുതിയും ജീവിതച്ചെലവുമാണ് പലരെയും മാറ്റിചിന്തിപ്പിക്കുന്നത്. യൂറോപ്പിനെ അപേക്ഷിച്ച് ഇത്തരം ഏഷ്യന്‍ രാജ്യങ്ങളില്‍ പൊതുവേ ചെലവ് കുറവാണെന്നത് പലരെയും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.
Next Story
Videos