റേഷന്‍കട നടത്താന്‍ അപേക്ഷിക്കാം, യോഗ്യത പത്താം ക്ലാസ്

സംസ്ഥാനത്ത് റേഷന്‍ കട നടത്തിപ്പിന് ലൈസന്‍സികളെ നിയമിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ റേഷനിങ് കണ്‍ട്രോളര്‍ എല്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഓരോ ജില്ലയിലും പത്തിലേറെ ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് റേഷന്‍ കടക്കായ് അപേക്ഷിക്കാം. ആദ്യമായാണ് സംസ്ഥാനത്ത് റേഷന്‍ കട ലൈസന്‍സ് നല്‍കാന്‍ വിദ്യാഭ്യാസം മാനദണ്ഡമാക്കുന്നത്. നിലവില്‍ റേഷന്‍ കട നടത്തുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുതിയ ലൈസന്‍സിനായി അപേക്ഷിക്കാനാവില്ല.

യോഗ്യതയും വ്യവസ്ഥകളും
പത്താം ക്ലാസിന് പുറമെ അപേക്ഷകന്‍ 21നും 62നും ഇടയില്‍ പ്രായമുള്ളവരാകണം. റേഷന്‍ കട സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപന പരിധിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമായി താമസിക്കുന്ന ആളായിരിക്കണം. റേഷന്‍ കട സ്ഥിതി ചെയ്യുന്ന വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍, പൊതു-സഹകരണ മേഖലയിലെ ജിവനക്കാര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല.
അപേക്ഷിക്കുന്ന ആളിന് ട്രഷറിയില്‍ ഒരു ലക്ഷത്തില്‍ കുറയാത്ത സ്ഥിര നിക്ഷേപം ഉണ്ടാകണം. എന്നാല്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 50,000 രൂപയുടെ നിക്ഷേപം മതി. അപേക്ഷകന് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനായി കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം ഉണ്ടായിരിക്കണം. സമാന യോഗ്യതയുള്ള അപേക്ഷകളില്‍ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും തീരുമാനം എടുക്കുക. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലെങ്കില്‍ അവശ്യസാധന നിയമം എന്നിവ പ്രകാരം കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല.


Related Articles
Next Story
Videos
Share it