മതമേതായാലും ടൂറിസം നന്നായാല്‍ മതി
ലോകം മുഴുവന്‍ ഗ്ലോബലൈസേഷന്റെ ഗുണഫലങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇന്ത്യയും ഇന്തോനേഷ്യയും അടക്കം BRICS രാജ്യങ്ങള്‍ അല്‍പ്പം നല്ല സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്ത സമയത്താണ് ബ്രിട്ടനില്‍ നിന്ന് Protectionism ത്തിന്റെ ആദ്യ വെടി പൊട്ടുന്നത്.
തങ്ങള്‍ മറ്റുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേക്കാള്‍ കേമന്മാര്‍ ആണെന്നും വേറിട്ടു നിന്നാല്‍ വളരെയേറെ വളരാം എന്നും അവര്‍ 2016ല്‍ ഒരു referendum ത്തിലൂടെ തീരുമാനമെടുത്തു. മൂന്ന് വര്‍ഷത്തെ കൂലംകഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍ എങ്ങുമെത്താതെ അനിശ്ചിതത്വത്തിന്റെ അവസാന വാക്കായി ബ്രെക്‌സിറ്റ് ഇന്ന് ലോകത്തിനു മുന്നില്‍ തലകുനിച്ചു നില്‍ക്കുമ്പോള്‍ ചരിത്രം ആ രാജ്യത്തോട് ചെയ്യുന്ന പ്രതികാരം പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അല്‍ഭുതപ്പെടാനില്ല.
Donald Trump അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യവുമായി വൈറ്റ് ഹൗസില്‍ വന്നപ്പോഴാണ് പ്രൊട്ടക്ഷനിസം ലോകം മുഴുവന്‍ മുഴങ്ങിക്കേട്ടത്. എന്തിലും ഏതിലും അമേരിക്കക്കാര്‍ മുന്‍പില്‍ ആകണമെന്ന ഒരു അജണ്ടയുമായി ഒരു പ്രസിഡന്റ ഭരണം നടത്തുമ്പോള്‍ പട്ടിണിപ്പാവങ്ങളായ 200ലധികം രാജ്യങ്ങള്‍ ഗ്ലോബലൈസേഷന്റെയും പ്രൊട്ടക്ഷനിസത്തിന്റെയും നടുവില്‍ അന്തംവിട്ടു നില്‍ക്കുകയാണ്.
ചൈനയുമായി ട്രേഡ് വാര്‍, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ കോപ്പു കൂട്ടുന്നു, കാനഡയെ തെറി വിളിക്കുന്നു, യൂറോപ്യന്‍ യൂണിയനെ കൊഞ്ഞനം കുത്തുന്നു, ഇറാന്റെയും വെനിസൂലയുടെയും നേരെ വാളെടുത്ത ട്രംപ് അരിയും തിന്നു ആശാനേയും കടിച്ചു എന്നിട്ടും മതിവരാതെ ഇപ്പോള്‍ ഇന്ത്യക്കും ടര്‍ക്കിക്കും നേരെ കാഹളം മുഴക്കിയിരിക്കുകയാണ്.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്നതാണ് വ്യോമ ഗതാഗത മേഖല. അനന്തസാധ്യതകള്‍ തുറന്നിടുന്നതിനോടൊപ്പം അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ ഈ മേഖലയിലും കാണാം. ഉയര്‍ന്ന ഇന്ധനവിലയും പ്രവര്‍ത്തനചെലവുകളും മൂലം എയര്‍ലൈന്‍സുകളെല്ലാം അത്ര നല്ല സാമ്പത്തിക സ്ഥിതിയില്‍ അല്ല.
എയര്‍ ഇന്ത്യ പ്രൈവറ്റൈസേഷന്‍ ഉദ്ദേശിച്ചപോലെ ലക്ഷ്യം കണ്ടില്ല. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആറ് വിമാനത്താവളങ്ങള്‍കൂടി പ്രൈവറ്റൈസ് ചെയ്യുന്നു. നിയതമായ നിയമങ്ങളനുസരിച്ച് ടെന്‍ഡര്‍ വിളിക്കുന്നു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ കെഎസ്‌ഐഡിസിയിലൂടെ ടെന്‍ഡറിന്റെ അടവു നയങ്ങള്‍ എല്ലാം ഉണ്ടെങ്കിലും അവസാനം നമ്മള്‍ കോടതിയെ അഭയം തേടുമ്പോള്‍ കേരളവും ഒരു പ്രൊട്ടക്ഷനിസത്തിന്റെ സ്വഭാവം കാട്ടുന്നുണ്ടോ?
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന നഗരമാണ് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ്. കഴിഞ്ഞ വര്‍ഷം ഒമ്പത് കോടിയോളം സഞ്ചാരികള്‍ ആ നഗരത്തിന്റെ സൗന്ദര്യം നുകരുവാന്‍ എത്തിയെന്നാണ് കണക്കുകള്‍. ഇപ്പോള്‍ കൈയില്‍ അല്‍പ്പം ചക്രമുള്ള ചൈനക്കാര്‍ ആണത്രേ ലോക സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍.
ഇന്ത്യയുടെ ആഭ്യന്തര ടൂറിസം വികസിപ്പിച്ചില്ലെങ്കില്‍ സായിപ്പ് നമ്മുടെ നാട്ടില്‍ വരില്ലെന്ന് മാത്രമല്ല നമ്മുടെ ചെറുപ്പക്കാര്‍ വിദേശ രാജ്യങ്ങള്‍ ചുറ്റിയടിച്ചു പണമെല്ലാം അവിടെ ചെലവഴിക്കും.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചതിനെ ചിലര്‍ രാഷ്ട്രീയ ലാക്കോടെ വിമര്‍ശിക്കുന്നത് കണ്ടു. ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഇങ്ങനെയുള്ള സംരംഭങ്ങള്‍ നമുക്ക് അനിവാര്യമാണ്. കേരളത്തില്‍ ഒരു റിലീജിയസ് ടൂറിസത്തിന് നല്ല സാധ്യതയുണ്ട്.
നാനാജാതി മതസ്ഥര്‍ ഒരുമയോടെ കഴിയുന്ന ഒരിടം, ഒരു 1000 കോടി ചെലവാക്കി ലോകത്തിലെ ഏറ്റവും വലിയ ഒരു ക്രിസ്ത്യന്‍ പള്ളി നമുക്ക് ഇവിടെ പണിതാലോ? സഭയുടെ സമീപകാല ഭൂമിയിടപാടുകള്‍ വെളിച്ചത്തു വരുമ്പോള്‍ മുകളില്‍ പറഞ്ഞ തുക ഒക്കെ സമാഹരിക്കാന്‍ സഭയ്ക്ക് കഴിവുണ്ടെന്ന് ഏത് വിശ്വാസിക്കും അറിയാം. ലോകത്തുള്ള സകല ക്രിസ്ത്യാനികളും പള്ളി കാണാന്‍ ഇവിടെ എത്തും.
അക്രൈസ്തവരും കൗതുകംകൊണ്ട് പള്ളി തേടി എത്തും. പള്ളി കാണാന്‍ ടിക്കറ്റ് ഏര്‍പ്പെടുത്താം. പെരുന്നാളും വെടിക്കെട്ടും വഴിപാടും പ്രദക്ഷിണവും നടത്തി നമുക്ക് സന്ദര്‍ശകര്‍ക്ക് ഒരു ദൈവിക അനുഭവം പകരാം. അല്‍പ്പസ്വല്‍പ്പം രാഷ്ട്രീയ കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയെങ്കിലും ശബരിമലയെ pan India level ലില്‍ പൊസിഷന്‍ ചെയ്യാന്‍ നമുക്ക് സാധിച്ചു. ഇനി നമ്മുടെ സര്‍ക്കാരുകളും ദേവസ്വംബോര്‍ഡും ഒത്തുപിടിച്ചാല്‍ മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രത്തിനെയും തിരുപ്പതിയിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിനെയും മറികടന്ന് ഇന്ത്യയിലെ ഒന്നാമത്തെ തീര്‍ത്ഥാടന കേന്ദ്രം ആകാന്‍ ശബരിമലയ്ക്ക് കഴിയും.
സ്വര്‍ണംകൊണ്ട് തുലാഭാരം നടത്താന്‍ കാത്തുനില്‍ക്കുന്ന വ്യവസായികള്‍ ഉള്ള നാട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബുദ്ധിപരമായി പ്രവര്‍ത്തിച്ചാല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒരു പ്രശ്‌നമേ അല്ല. ആറന്മുളയില്‍ വിമാനത്താവളം വരട്ടെ, ശബരി റെയില്‍ പദ്ധതി ഊര്‍ജ്ജസ്വലം ആകട്ടെ, വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടന കേന്ദ്രമായി ശബരിമല മാറട്ടെ.
ലോകത്ത് ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ മുസ്ലിം സമൂഹം ഇന്ത്യയിലാണ്. പാണക്കാട് തങ്ങള്‍മാര്‍ തങ്ങളുടെ മജ്‌ലിസില്‍ നമ്മുടെ ഗള്‍ഫ് മലയാളി വ്യവസായികളുമായി ഒന്നുകൂടിയാലോചിച്ചാല്‍ അങ്ങ് അബുദാബിയിലെ പോലെ പേര്‍ഷ്യല്‍ ശില്‍പ്പചാതുരി വിളങ്ങി നില്‍ക്കുന്ന ഒരു വലിയ മോസ്‌ക് ഇങ്ങ് കോഴിക്കോടോ മലപ്പുറത്തോ നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ.
നമ്മുടെ പട്ടാമ്പി, കാഞ്ഞിരമറ്റം ആണ്ടുനേര്‍ച്ചകള്‍ അല്‍പ്പം ആഘോഷം കൂട്ടിയാല്‍ അതൊക്കെ കാണാന്‍ അത്തറു മണക്കുന്ന അറബികള്‍ എത്തും. തൃശൂര്‍ പൂരവും ആറ്റുകാല്‍ പൊങ്കാലയും കേരളത്തിലെ മറ്റു പ്രധാന ആഘോഷങ്ങളും ചേര്‍ത്ത് നമുക്കൊരു റിലീജിയസ് ടൂറിസം കലണ്ടര്‍ പ്രസിദ്ധീകരിക്കാം.