

കുടുംബത്തിന്റെ ഭാരിച്ച പ്രതീക്ഷകളും മികച്ച ഒരു ജീവിതം കെട്ടിപ്പെടുക്കാമെന്ന സ്വപ്നങ്ങളും പേറിയാണ് മിക്ക വിദ്യാര്‍ത്ഥികളും വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി പോകുന്നത്. എന്നാല്‍ വിദേശങ്ങളില്‍ പോയ പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലും ബുദ്ധിമുട്ടിലുമാണെന്ന സാഹചര്യം വലിയ സമ്മര്‍ദമാണ് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നത്. ഏകദേശം 30,000 ത്തോളം പേർ വരും വർഷങ്ങളിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനം വരും നാളുകളില്‍ അഭിമുഖീകരിക്കാൻ പോകുന്ന ഗുരുതരമായ സാഹചര്യമാണ് ഇത് വ്യക്തമാക്കുന്നത്.
യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ വിദേശ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ (Immigration norms) കടുപ്പിച്ചതും ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യം മൂലം തൊഴിലവസരങ്ങൾ കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. പഠനം പൂർത്തിയാക്കിയ ശേഷമുള്ള 'സ്റ്റേ ബാക്ക്' കാലാവധിക്ക് ശേഷം സ്ഥിരമായ ജോലി കണ്ടെത്താനാകാതെയും സ്പോൺസർഷിപ്പ് വീസ ലഭിക്കാതെയും വിദ്യാർത്ഥികൾ വലയുകയാണ്. യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ് പോലുള്ള രാജ്യങ്ങളില്‍ നിലവിൽ തൊഴിലില്ലായ്മയും വീസ നിരസിക്കലും വർദ്ധിച്ചുവരുന്നു. 2023 ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 2.5 ലക്ഷം വിദ്യാർത്ഥികളാണ് വിദേശത്തുള്ളത്.
ഇവരുടെ വീസ കാലാവധി അവസാനിക്കുന്ന 2027 കാലയളവിൽ വലിയൊരു തിരിച്ചൊഴുക്കാണ് പ്രതീക്ഷിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളെല്ലാം കേരളത്തിലേക്ക് എത്തുമെന്നല്ല കരുതേണ്ടത്. മറിച്ച് സ്വപ്നങ്ങള്‍ കരുപിടിപ്പിക്കാന്‍ പോയ വിദ്യാര്‍ത്ഥികളില്‍ ഒരു ശതമാനം ഗള്‍ഫ് രാജ്യങ്ങളിലേക്കോ ജോലി സാധ്യതകളുളള ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കോ ചേക്കേറിയേക്കാം. എന്നാലും ഭാരിച്ച തുക ചെലവഴിച്ച് സ്വപ്ന രാജ്യങ്ങളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇതൊരു കനത്ത തിരിച്ചടിയായിരിക്കും.
ഭൂരിഭാഗം വിദ്യാർത്ഥികളും 15 മുതൽ 45 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയെടുത്താണ് വിദേശത്തേക്ക് പോയിരിക്കുന്നത്. ഈ തുക ട്യൂഷൻ ഫീസിനായി മാത്രമാണ് പലർക്കും തികയുന്നതെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ കാത്തലിക് കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കോഡിനേറ്റർ ലിയോൺ ജോസ് വിതയത്തിൽ പറയുന്നു.
വിദേശത്ത് ജോലി ലഭിക്കാതെ മടങ്ങേണ്ടി വരുന്നത് ഇവരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും ജപ്തി നടപടികളിലേക്കും നയിക്കും.
ഇത് യുവാക്കൾക്കിടയിൽ കടുത്ത മാനസിക സമ്മർദ്ദം, വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകും.
മടങ്ങിയെത്തിയ പല വിദ്യാര്‍ത്ഥികളും ഭാരിച്ച തുക നഷ്ടപ്പെട്ടത് മൂലം കടുത്ത നിരാശയിലായതിനാല്‍, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ്. വിദേശത്ത് തുടരാനായി ചിലർ വ്യാജ വിവാഹങ്ങൾക്കും ലക്ഷങ്ങൾ മുടക്കി നിയമവിരുദ്ധമായി വീസ സംഘടിപ്പിക്കാനും ശ്രമിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നതായും യു.കെ യില്‍ താമസിക്കുന്ന ലിയോൺ ജോസ് പറയുന്നു.
ഈ സാഹചര്യം മുൻനിർത്തി തിരിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ശക്തമായ ആവശ്യങ്ങളും ഉയരുകയാണ്.
വായ്പാ പുനരുദ്ധാരണം: വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാൻ മൊറട്ടോറിയം അനുവദിക്കുകയും പലിശ സബ്‌സിഡി നൽകുകയും ചെയ്യുക.
ഡാറ്റാബേസ് തയാറാക്കുക: മടങ്ങിവരുന്നവരുടെ അക്കാദമിക് മികവുകൾ ഉപയോഗപ്പെടുത്താൻ കേരള ഐടി പാർക്കുകളിലും സ്റ്റാർട്ടപ്പുകളിലും അവസരങ്ങൾ സൃഷ്ടിക്കുകയും സ്കിൽ മാപ്പിംഗ് (Skill Mapping) നടത്തുകയും ചെയ്യുക.
ഡിപ്ലോമാറ്റിക് ഇടപെടൽ: വിദേശ രാജ്യങ്ങളുമായി പഠനാനന്തര വീസ സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുക.
മാനസിക പിന്തുണ: പ്രതിസന്ധിയിലായവർക്കായി സൗജന്യ കൗൺസിലിംഗും ഹെൽപ്പ് ലൈനുകളും ആരംഭിക്കുക.
കേവലം പ്രൗഢിക്ക് വേണ്ടിയോ താമസ ഉദ്ദേശ്യത്തോടെയോ അന്ധമായി വിദേശത്തേക്ക് പോകുന്ന രീതിയിൽ മാറ്റം വരണമെന്നും വിദ്യാർത്ഥികള്‍ക്ക് ഇത്തരം കെണികളിൽ പെടുത്താതിരിക്കാൻ കൃത്യമായ ബോധവൽക്കരണം നൽകണമെന്നും ആവശ്യമുയരുകയാണ്. മടങ്ങിവരുന്ന യുവാക്കളെ സംസ്ഥാനത്തിന്റെ വികസനത്തിൽ പങ്കാളികളാക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine