ഐ ടി ജോലി നഷ്ടപ്പെട്ടവര്‍ക്ക് എന്‍ജിനിയറിംഗ്, നിര്‍മാണ രംഗത്ത് നിരവധി അവസരങ്ങള്‍
ഐ ടി കമ്പനികളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവര്‍ നിരാശരാകേണ്ടതില്ല. അവരുടെ കഴിവുകള്‍ വേണ്ട എന്‍ജിനിയറിംഗ്, സംഭരണം, നിര്‍മാണം (engineering procurement construction-ഇപിസി ) എന്നി മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 2023-24 ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയത് കൊണ്ടാണ് എന്‍ജിനിയറിംഗ്, സംഭരണം, നിര്‍മാണം എന്നി രംഗങ്ങളില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുന്നത്.
ഒഴിവുകള്‍ ഇങ്ങനെ
സാങ്കേതികേതര വിഭാഗത്തില്‍ ഐ ടി പ്രഫഷനലുകള്‍ക്ക് ഏറ്റവും അധികം തൊഴില്‍ അവസരം ഉള്ളത് ഇപിസി രംഗത്താണ്. ഇത് മൊത്തം ഒഴിവുകളുടെ 11 ശതമാനം വരും. എന്നാല്‍ ബാങ്കിംഗ് രംഗത്ത് 10 ശതമാനം, ഫാര്‍മ 2 ശതമാനം, വേഗത്തില്‍ വിയറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ രംഗത്ത് 3 ശതമാനം എന്നിങ്ങനെയാണ് ഐ ടി പ്രഫഷനലുകളെ ആവശ്യമുള്ളത്.
കൂടുതല്‍ അവസരങ്ങള്‍ ഇവിടെ
സി ഐ ഇ എല്‍ എച്ച് ആര്‍ എന്ന സ്ഥാപനം 52 ഇപിസി കമ്പനികളില്‍ നടത്തിയ സര്‍വെ അടിസ്ഥാനമാക്കിയാണ് ഐ ടി പ്രഫഷനലുകളുടെ സാധ്യത കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ജാവ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി, ഇന്റഗ്രെഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നി തൊഴിലുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍.
ഐ ടി കമ്പനികളില്‍ നിയമനം കുറയും
2023-24 ല്‍ ഐ ടി കമ്പനികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ നിയമനങ്ങള്‍ ചുരുക്കുമെന്ന് പറയപ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് ഇനിയും തൊഴില്‍ നഷ്ടപ്പെടാം. നിലവിലെ സാഹചര്യത്തില്‍ അധിക ജീവനക്കാര്‍ കമ്പനികള്‍ക്ക് ഉള്ളതിനാല്‍ ഫ്രഷേഴ്സിനെ യും പരിചയ സമ്പന്നരായ പ്രൊഫഷനലുകളെയും നിയമിക്കുന്നത് കുറയ്ക്കും.