മൈക്രോലോണ്‍ട്രി ഹബ്ബ് സംരംഭകരാകാം, മികച്ച വരുമാനം നേടാം

വീട്ടിലോ വീടിനോട് അനുബന്ധിച്ചോ ആരംഭിക്കാന്‍ കഴിയുന്ന നാനോ സംരംഭങ്ങളാണ് മൈക്രോലോണ്‍ട്രി യൂണിറ്റ്. വീടുകളിലെ വസ്ത്രങ്ങള്‍ അലക്കി തേച്ച് നല്‍കുന്ന സേവന സംരംഭമാണ് ഇത്. വലിയ ലോണ്‍ട്രികള്‍ വന്‍കിട യന്ത്രങ്ങള്‍ ഉപയോഗിച്ച് ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയ വന്‍കിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുമ്പോള്‍ മൈക്രോ ലോണ്‍ട്രി ഹബ് വളരെ ചെറിയ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ഗ്രാമത്തിലെ വീടുകളിലെ വസ്ത്രങ്ങള്‍ അലക്കി ആവശ്യമായ പശ മുക്കി തേച്ച് നല്‍കുന്ന നല്‍കുന്ന സംരംഭമാണ്.

ജീവിതത്തിന് വേഗം വര്‍ധിക്കുകയും ഭാര്യയും ഭര്‍ത്താവും ജോലിക്കാരാകുകയും ചെയ്തതോടെ വസ്ത്രങ്ങള്‍ ലോണ്‍ട്രിയില്‍ കൊടുത്ത് അലക്കിത്തേച്ച് വാങ്ങുന്ന രീതി ഗ്രാമങ്ങളില്‍ പോലും വ്യാപകമായി. വന്‍കിട ലോണ്‍ട്രികള്‍ കളക്ഷന്‍ സെന്ററുകള്‍ വഴി തുണി ശേഖരിച്ച് അലക്കി തേച്ച് തിരിച്ചെത്തിക്കാന്‍ 7മുതല്‍ 10 ദിവസം വരെ സമയമെടുക്കുമ്പോള്‍, പ്രാദേശിക ലോണ്‍ട്രി ഹബ്ബുകള്‍ കുറച്ച് വര്‍ക്കുകള്‍ മാത്രം ഏറ്റെടുക്കുന്നതിനാല്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ജോലി പൂര്‍ത്തീകരിച്ച് നല്‍കാന്‍ കഴിയും.
വീട്ടിലുള്ള അംഗങ്ങളെയും ചുറ്റുവട്ടത്തുള്ള ഒന്നോ രണ്ടോ തൊഴിലാളികളെയും കൂടി ഉള്‍പ്പെടുത്തി സുഗമമായി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാം. സുലഭമായ വെള്ളം ലഭിക്കുന്ന സ്ഥലത്ത് വേണം മൈക്രോ ലോണ്‍ഡ്രി ഹബ് ആരംഭിക്കാന്‍. കെമിക്കലുകള്‍ കൂടുതലായി ഉപയോഗിക്കാത്തതിനാല്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല.
മാര്‍ക്കറ്റിംഗ്: പ്രാദേശികമായി സ്ഥാപിക്കുന്ന ചെറിയ പരസ്യ ബോര്‍ഡുകള്‍ തന്നെ ധാരാളം. ആവശ്യക്കാര്‍ ലോണ്‍ട്രി തേടിയെത്തും. പ്രാദേശികമായുള്ള സമൂഹ മാധ്യമ കൂട്ടായ്മകള്‍ വഴിയും പ്രചാരണം നടത്താം.
1015 സ്ഥിരം കസ്റ്റമേഴ്സുണ്ടെങ്കില്‍ സുഗമായി ലോണ്‍ഡ്രി മുന്നോട്ടുപോകും.
മൂലധന നിക്ഷേപം
1. ഹെവി ഡ്യൂട്ടി വാഷിംഗ് മെഷീന്‍ & സ്പിന്നര്‍: 1.75 ലക്ഷം രൂപ
2. തേപ്പ് പെട്ടി: 10,000 രൂപ
3 അനുബന്ധ ചെലവുകള്‍: 15,000 രൂപ
ആകെ: 2 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 50,000 രൂപ
പ്രവര്‍ത്തന വരവ് ചെലവ്
കണക്ക്
ചെലവ് (പ്രതിദിനം 100 വസ്ത്രങ്ങള്‍ അലക്കിത്തേച്ച് നല്‍കുന്നതിനുള്ള ചെലവ്)
തൊഴിലാളികളുടെ വേതനം: 1650 രൂപ
ലിക്വിഡ് സോപ്പ്: 100 രൂപ
വൈദ്യുതി: 150 രൂപ
ഇതര ചെലവുകള്‍: 100 രൂപ
ആകെ: 2000 രൂപ
വരവ്: (പ്രതിദിനം 100 വസ്ത്രങ്ങള്‍ അലക്കിത്തേച്ച് നല്‍കുമ്പോള്‍ ലഭിക്കുന്നത്)
100 എണ്ണം ഃ 50 രൂപ = 5000 രൂപ
ലാഭം: 5000-2000=3000 രൂപ
പ്രവര്‍ത്തന രീതി: വസ്ത്രങ്ങള്‍ തരം തിരിച്ച് ടാഗ് ചെയ്ത് ലിക്വിഡ് സോപ്പില്‍ മുക്കിവെക്കും. നിശ്ചിത സമയത്തിന് ശേഷം ഹെവി ഡ്യൂട്ടി വാഷിംഗ് മെഷീനില്‍ അലക്കിയെടുക്കും. തുടര്‍ന്ന് സ്പിന്നറില്‍ ലോഡ് ചെയ്ത് പിഴിഞ്ഞെടുക്കും. പശ മുക്കേണ്ട തുണികള്‍ റെഡിമെയ്ഡ് സ്റ്റാര്‍ച്ചിലോ ചൗവരി പശയിലോ മുക്കിയെടുത്ത് ഉണങ്ങിയെടുക്കും. തുടര്‍ന്ന് വെള്ളം നനച്ച് കനമുള്ള തേപ്പ്പെട്ടി ഉപയോഗിച്ച് തേച്ചെടുക്കാം.
ലൈസന്‍സുകള്‍, സബ്സിഡി: ഉദ്യം
രജിസ്ട്രേഷന്‍, കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. പദ്ധതി ചെലവിന് ആനുപാതികമായി വ്യവസായ
വകുപ്പില്‍ നിന്ന് സബ്സിഡി ലഭിക്കും.
യന്ത്രങ്ങളും പരിശീലനവും: മൈക്രോ ലോണ്‍ട്രി യൂണിറ്റ് ആരംഭിക്കുന്നതിനാവശ്യമായ ചെറുകിട യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍ 0485 2999 990, 2242 310, 9446 713 767.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Related Articles
Next Story
Videos
Share it