

കേരളത്തില്‍ സ്വകാര്യ ബാങ്കിംഗ്, ധനകാര്യ രംഗത്ത് ഉണ്ടാകുന്ന വളര്‍ച്ച അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നേട്ടമാവുകയാണ്. നിരവധി പുതിയ തൊഴിലവസരങ്ങളാണ് ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്നത്. 21 മുതല്‍ 26 വയസ് വരെ ഉള്ള ബിരുദ, ബിരുദാനന്ദ ബിരുദധാരികളായ യുവാക്കളെയാണ് കമ്പനികള്‍ തേടുന്നത്. ബാങ്കിംഗ്, ധനകാര്യ മേഖലയെ കുറിച്ചുള്ള അറിവ്, ആശയവിനിമയം, സോഫ്റ്റ് സ്‌കില്‍സ് എന്നിവയാണ് കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ പ്രതീക്ഷിക്കുന്നത്.
തെക്കേ ഇന്ത്യയില്‍ മൊത്തത്തില്‍ ഒരുലക്ഷത്തിലധകവും കേരളത്തില്‍ മാത്രം ഏകദേശം 20,000 ത്തില്‍ അധികം തൊഴിലവസരങ്ങള്‍ ഉണ്ടെന്ന്, ബാങ്കിംഗ് ജോലികള്‍ക്ക് പരിശീലനം നല്‍കുന്ന ചെന്നൈ കമ്പനിയായ പിഹയര്‍ (PHIRE) സഹസ്ഥാപക ജ്യോത്സ്‌ന വാസുദേവന്‍ പറഞ്ഞു. കോളേജ് ക്യാമ്പസ് പ്ലേസ് മെന്റ്റ് വഴിയും നേരിട്ടും ബാങ്കിംഗ്, എന്‍ ബി എഫ് സികള്‍ ഫ്രഷേഴ്സിന് നിയമിക്കുന്നുണ്ട്.
തെരഞ്ഞെടുക്കൽ എങ്ങനെ?
ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള അഭിരുചി, താല്‍പ്പര്യം എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് സ്ഥാപനങ്ങള്‍ യുവാക്കളെ തെരഞ്ഞെടുക്കുന്നത്. കോളേജില്‍ റെഗുലര്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയവരെ മാത്രമേ കമ്പനികള്‍ പരിഗണിക്കുന്നുള്ളു. ഫോണ്‍ ബാങ്കിംഗ് ഓഫിസര്‍, ടെല്ലര്‍, സെയില്‍സ് ഓഫിസര്‍, റിലേഷന്‍ഷിപ്പ് ഓഫിസര്‍, ഉപഭോക്തൃ സേവന ഓഫീസര്‍, ബാക്ക് ഏന്‍ഡ് പ്രവര്‍ത്തനങ്ങള്‍ എന്നി ജോലികളാണ് യുവാക്കള്‍ക്ക് ലഭിക്കുന്നത്. ഉപഭോക്താക്കളെ അഭിമുഖീകരിക്കേണ്ട ജോലികള്‍ ആയതിനാല്‍ ആശയവിനിമയ കഴിവുകള്‍ ഉള്ളവര്‍ക്കാണ് ജോലി ലഭിക്കാന്‍ എളുപ്പം.
സ്വകാര്യ ബാങ്കിംഗ്, എന്‍.ബി.എഫ്.സി, ഇന്‍ഷുറന്‍സ്, മൈക്രോ ഫിനാന്‍സ് മേഖലകള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ തൊഴിലവസരങ്ങളും വര്‍ധിക്കുകയാണ്. യുവാക്കളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തമ്മിലും ഇപ്പോള്‍ കടുത്ത മത്സരമാണ്. പ്രമുഖരായ എന്‍.ഐ.ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ഫിനാന്‍സ് & ഇന്‍ഷുറന്‍സ് , ടൈംസ് പ്രൊ കൂടാതെ ചില സംസ്ഥാനങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നിരവധി ചെറിയ സ്ഥാപനങ്ങളും രംഗത്തുണ്ട്.
ചെന്നൈയിലെ ലിസ്റ്റഡ് കമ്പനിയായ വെരാന്ത ലേര്‍ണിംഗ് സൊല്യൂഷന്‍സ് ഉപകമ്പനിയായ വെരാന്ത റേസ് പിഹയര്‍ (PHIRE) എന്ന കമ്പനിയുമായി സഹകരിച്ച് സ്വകാര്യ ബാങ്കിംഗ്, ബി എഫ് എസ് ഐ തൊഴില്‍ പരിശീലന രംഗത്തേക്കും കടക്കുകയാണ്. മേയ് മാസത്തില്‍ വെരാന്ത കേരളത്തിലെ സര്‍ക്കാര്‍ ജോലികള്‍ ലഭിക്കാനുള്ള മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന തിരുവനന്തപുരത്തെ ടാലെന്റ്റ് അക്കാഡമിയെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
2018 ല്‍ ചെന്നൈയില്‍ സ്ഥാപിച്ച പിഹയര്‍ എന്ന സ്ഥാപനത്തിന് നിലവില്‍ കേരളത്തില്‍ സി.എസ്.ബി ബാങ്ക്, മുത്തൂറ്റ്,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനുള്ള ധാരണയുണ്ട്. ഇതിനായി മൂന്ന് മാസത്തെ സെര്‍ട്ടിഫികേഷന്‍ കോഴ്സ് ബിരുദ, ബിരുദാനന്ദര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നുണ്ട്.
കേരള ബാങ്കുകളെ കൂടാതെ ബന്ധന്‍ ബാങ്ക്, എച്ച്.ഡി.എഫ്. സി, ആക്‌സിസ് തുടങ്ങിയ പ്രമുഖ ബാങ്കുകളും കേരളത്തില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതായി ജ്യോത്സ്‌ന വാസുദേവന്‍ അറിയിച്ചു. പൊതുമേഖല ബാങ്കുകളെ ക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വകാര്യ മേഖലയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine