ടൂറിസം രംഗത്ത് ഇനി പുതിയ സാധ്യതകള്‍, സംരംഭകര്‍ക്ക് അവസരമേറെ

പ്രളയം, കോവിഡ് എന്നിവയെല്ലാം മൂലം തകര്‍ന്നടിഞ്ഞ മേഖലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ടൂറിസം രംഗം. കേരള ടൂറിസം ഈ പ്രതിസന്ധികളില്‍ നിന്ന് എത്രമാത്രം കരകയറിയിട്ടുണ്ട്?
2021 മെയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മരിച്ചുകിടക്കുന്ന സംവിധാനത്തിന്റെ മന്ത്രിപദമാണ് ഏറ്റെടുത്തത്. കോവിഡ് മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ആ നാളുകളില്‍ തന്നെ, പ്രതിസന്ധി മുറിച്ച് കടക്കാനുള്ള വഴികള്‍ നമ്മള്‍ ആലോചിക്കുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു. അടച്ചിരുപ്പിന്റെ കാലം കഴിയുമ്പോള്‍, കോവിഡ് സൃഷ്ടിച്ച മടുപ്പ് മാറ്റാന്‍ ആളുകള്‍ ഏറെ യാത്ര ചെയ്‌തേക്കുമെന്നും ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന 'റിവഞ്ച് ടൂറിസം' എന്നത് ഇവിടെയും വന്നേക്കുമെന്നും അന്നേ ഞങ്ങള്‍ കണക്കാക്കിയിരുന്നു. കോവിഡ് ഏറെ തകിടം മറിച്ചിലുകള്‍ സൃഷ്ടിച്ച ലോകത്ത് സുരക്ഷിതമായി യാത്ര ചെയ്യാനും താമസിക്കാനും പറ്റുന്ന സൗകര്യമെന്ന നിലയ്ക്കാണ് കാരവന്‍ ടൂറിസം ഞങ്ങള്‍ അവതരിപ്പിച്ചത്. മൂന്നര പതിറ്റാണ്ടിന് ശേഷം കാരവന്‍ ടൂറിസത്തിലൂടെയാണ് കേരളത്തില്‍ പുതിയ ഒരു ടൂറിസം ഉല്‍പ്പന്നം വന്നത്.
കേരളത്തിലെ ഓരോ ജില്ലയിലേക്കും സഞ്ചാരികളെ എത്തിക്കാന്‍ വ്യക്തമായ പദ്ധതികളോടെ മുന്നോട്ട് പോയതിന്റെ ഫലം ഇപ്പോള്‍ കാണുന്നുണ്ട്. വയനാട്, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള കണക്ക് നോക്കിയാല്‍ ഇവിടങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികളെത്തിയത് 2022 ലെ ആദ്യപാദത്തിലാണ്. 22 ലക്ഷം ആഭ്യന്തര സഞ്ചാരികളെത്തിയ കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 2022 ലെ ആദ്യപാദത്തില്‍ 72.48 ശതമാനം വര്‍ധന നേടാനായി. കൃത്യമായ ടീം വര്‍ക്കുകൊണ്ടാണ് ഇത് സാധ്യമായത്. അധികം വൈകാതെ കേരളത്തിലെ 14 ജില്ലകളിലും അവ രൂപീകരിക്കപ്പെട്ട ശേഷമുള്ള റെക്കോര്‍ഡ് സഞ്ചാരികള്‍ എത്തുക തന്നെ ചെയ്യും. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷത്തെ ആദ്യപാദത്തില്‍, കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 200.55 ശതമാനം വര്‍ധയുമുണ്ടായി. സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന നൂതന പദ്ധതികളുടെ പിന്‍ബലത്തില്‍ ഒരു കാര്യം ഉറപ്പിച്ച് പറയാനാകും; കേരളത്തിലേക്ക് സഞ്ചാരികളുടെ വരവ് കൂടും. ഈ രംഗത്തെ സംരംഭക സാധ്യതകളും കൂടും.
എന്തൊക്കെയാണ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതികള്‍?
കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും ഒന്നില്‍ കുറയാത്ത ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി വികസിപ്പിക്കാനുള്ള 'ഡെസ്റ്റിനേഷന്‍ ചലഞ്ച്' പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. തദ്ദേശവകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പാക്കപ്പെടുന്ന ഈ പദ്ധതി കേരളത്തിലെ ഓരോ ഗ്രാമത്തിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ടൂറിസം ഡെസ്റ്റിനേഷനുകള്‍ വന്നാല്‍, അവിടേക്ക് സഞ്ചാരികളെത്തിയാല്‍ ആ നാട്ടിലുണ്ടാകുന്ന മാറ്റങ്ങള്‍ അനവധിയാണ്. ഉപ്പിലിട്ട നെല്ലിക്ക വില്‍ക്കുന്ന ഒരാള്‍ മുതല്‍ വന്‍കിട നിക്ഷേപകര്‍ വരെ നീളുന്ന ശ്രേണിയിലെ ഏവര്‍ക്കും അത് മെച്ചമുണ്ടാക്കും. നാം ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത പുതിയ സ്ഥലങ്ങള്‍ ഈ ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ വരും. നമ്മുടെ നാട്ടിലെ സ്‌കൂളും ആരോഗ്യകേന്ദ്രങ്ങളുമൊക്കെ പ്രവാസി മലയാളികള്‍ ഏറ്റെടുത്ത് വികസിപ്പിക്കാറില്ലേ? അതുപോലെ സ്വന്തം ഗ്രാമത്തിലെ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിലും അവര്‍ക്കൊക്കെ ഇനി പങ്കാളികളാകാനാകും. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷം 100 പുതിയ ഡെസ്റ്റിനേഷന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 എണ്ണമാകും. കാരവന്‍ ടൂറിസം, സാഹസിക ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പ്, ഉത്തരവാദിത്ത ടൂറിസം, സ്ട്രീറ്റ് പദ്ധതി ഇവയെല്ലാം വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഗ്രാമങ്ങളിലേക്ക്, കേരളത്തിലെ ഓരോ വ്യക്തിയുടെയും അടുത്തേക്ക് ടൂറിസം കടന്നെത്തുകയാണ്.
ഗ്രാമത്തിലെ ജനങ്ങള്‍ തങ്ങളുടെ നാട്ടിലെ ടൂറിസം ഡെസ്റ്റിനേഷനിലേക്ക് സഞ്ചാരികള്‍ കൂടുതല്‍ വരുന്നതിനായുള്ള കാര്യങ്ങള്‍ ചിന്തിക്കുന്ന കാലം വരും. അവര്‍ തന്നെ നാടിന്റെ ശുചിത്വം അതിനായി ഉറപ്പാക്കും. കേരളത്തിനകത്തും പുറത്തുമെല്ലാം വസിക്കുന്ന ഓരോ മലയാളിയും ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറുന്ന നാളുകളാണ് വരുന്നത്. അതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യവും.
കാരവന്‍ ടൂറിസത്തിന്റെ സ്വീകാര്യത എത്രമാത്രമുണ്ട്?
വ്യവസായ വകുപ്പ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് എന്നിവയുമായെല്ലാം സഹകരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന ഈ പദ്ധതി, ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തെ തെരഞ്ഞെടുത്ത ടൈം മാഗസിന്റെ റിപ്പോര്‍ട്ടില്‍ പോലും പരാമര്‍ശിച്ചിട്ടുണ്ട്. കാരവന്‍ ടൂറിസത്തെ കുറിച്ച് പഠിക്കാന്‍ ഇതര സംസ്ഥാനങ്ങള്‍ പോലും മുന്നോട്ടുവന്നിട്ടുമുണ്ട്. ഒട്ടേറെ സംരംഭകര്‍ കാരവനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇനി ഒരു പുതിയ ടൂറിസം ഉല്‍പ്പന്നം സമീപകാലത്ത് വരുമോ?
തീര്‍ച്ചയായും. നൂതനമായ ഉല്‍പ്പന്നം വരുന്നുണ്ട്. സംരംഭകര്‍ക്കും ഈ രംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഏവര്‍ക്കും വലിയ അവസരങ്ങള്‍ നല്‍കുന്നതാകും അത്. ഇപ്പോള്‍ അതേ കുറിച്ച് വിശദമാക്കുന്നില്ല.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഈ രംഗത്ത് വരും?
കേരള ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളത്. നാം ഇനിയും വേണ്ടരീതിയില്‍ മുതലെടുക്കാത്ത കാര്യങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. നമ്മുടെ തീരദേശം സാഹസിക ടൂറിസത്തിന് പറ്റിയ സ്ഥലമാണ്. ബേപ്പൂരില്‍ നമ്മള്‍ സജ്ജമാക്കിയ സാഹസിക ടൂറിസ സംവിധാനങ്ങള്‍ ആയിരക്കണക്കിന് ജനങ്ങളെയാണ് ആകര്‍ഷിക്കുന്നത്. നമ്മുടെ കടലോരത്ത് പാരാഗ്ലൈഡിംഗ് പോലെ ഒട്ടേറെ സംവിധാനങ്ങള്‍ ഒരുക്കാനാകും. ഇതിലെ പ്രതിബന്ധങ്ങള്‍ മാറ്റി തീരദേശ മേഖലയിലെ സാധ്യതകള്‍ മുതലെടുക്കുകയാണ് ലക്ഷ്യം. മറ്റൊന്ന്, മലയോര മേഖലയിലെ അവസരങ്ങളാണ്. അവിടങ്ങളില്‍ നാം ഇപ്പോള്‍ തന്നെ ഫെസ്റ്റുകള്‍ നടത്തുന്നുണ്ട്. മുന്‍കാലത്ത് ടൂറിസം വകുപ്പ് നടപ്പാക്കിയ 'ഊര്' എന്ന പദ്ധതി 'എന്റെ ഊര്' എന്ന പേരില്‍ ഇപ്പോള്‍ വിപുലമായി നടക്കുന്നു, ആയിരക്കണക്കിനാളുകള്‍ വരുന്നുണ്ട്. കോവിഡാനന്തര കാലഘട്ടത്തില്‍ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് ടൂറിസം കേന്ദ്ര ബിന്ദുവാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് വകുപ്പിന്റെ ലക്ഷ്യം. അതുപോലെ തന്നെ, വിനോദ സഞ്ചാരികള്‍ കൂടുതല്‍ ദൂരമുള്ള ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യുകയും സാധാരണയിലും നീണ്ട കാലത്തേക്ക് ആ സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന, കോണ്‍ഷ്യസ് ട്രാവല്‍, ലോകമെമ്പാടും വേരുറപ്പിക്കുകയാണ്. കേരളത്തിലും അതിന് വലിയ സാധ്യതയുണ്ട്. നമ്മുടെ വെല്‍നസ്, ആയുര്‍വേദ, മെഡിക്കല്‍, മണ്‍സൂണ്‍ ടൂറിസം കോണ്‍ഷ്യസ് ട്രാവല്‍ നടത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നവയാകും. നമ്മള്‍ ഓഫ് സീസണ്‍ എന്നുപറയുന്ന മഴക്കാലത്ത്, മഴ ആസ്വദിക്കാനും ആയുര്‍വേദ ചികിത്സയ്ക്കും ഒക്കെയായി സഞ്ചാരികള്‍ ഇവിടെ വന്ന് താമസിക്കുന്ന നാളുകള്‍ വരും. 2023ല്‍ കോണ്‍ഷ്യസ് ട്രാവല്‍ എന്ന ആശയം ഇവിടെ നടപ്പാകും.
സംരംഭകര്‍ക്ക് സധൈര്യം കടന്നുവരാം
''ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. ഈ രംഗത്ത് നിക്ഷേപം നടത്തുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും ഉറപ്പാക്കും. ടൂറിസം സംരംഭകര്‍ നേരിടുന്ന എന്ത് പ്രശ്‌നങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അത് പരിഹരിക്കാനായി അനുഭാവപൂര്‍വ്വമായ നിലപാട് തന്നെയാകും സര്‍ക്കാരും വകുപ്പും സ്വീകരിക്കുക. സംസ്ഥാനത്തെ ടൂറിസം രംഗത്ത് അവസരങ്ങള്‍ ഏറിവരുകയാണ്. അവ മുതലെടുക്കാന്‍ ഏവര്‍ക്കും സധൈര്യം കടന്നുവരാം.''


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it