പിടിക്കാം, നീഷ് മാര്‍ക്കറ്റിംഗില്‍

മാര്‍ക്കറ്റില്‍ സ്വന്തമായൊരു സ്‌പേസ് കണ്ടെത്തുകയെന്നത് ചില്ലറ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്ത് ഐഡിയ ഉണ്ടായാലും, എന്ത് സ്ട്രാറ്റജി പുറത്തെടുത്താലും മാര്‍ക്കറ്റ് ഇല്ലെങ്കില്‍ പിന്നെ ബിസിനസിന് സ്ഥാനമില്ലല്ലോ. അങ്ങനെ നമ്മുടെ ബിസിനസിനെ ഏറ്റവും വേഗത്തിലും കാര്യക്ഷമമായും വിജയത്തിലെത്തിക്കാന്‍ നീഷ് മാര്‍ക്കറ്റിംഗിന് സാധിക്കും.

ലോകത്തെ വമ്പന്മാര്‍ പോലും മാതൃകയാക്കാന്‍ ശ്രമിക്കുന്ന, ഏറെ വിജയങ്ങള്‍ നേടിയ പല കമ്പനികളുടെയും മോഡലാണ് നീഷ് മാര്‍ക്കറ്റ്. ചില പ്രത്യേക ഉല്‍പ്പന്നങ്ങളെ മാത്രം ഫോക്കസ് ചെയ്തുള്ള മാര്‍ക്കറ്റിംഗ് എന്ന് ഒറ്റയടിക്കു പറയാം. ഉദാഹരണത്തിന്- സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണമെന്നിരിക്കട്ടെ, ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ തുടങ്ങി അങ്ങനെ നീണ്ടുപോവും അതിന്റെ ലിസ്റ്റ്. അതില്‍ ഫുട്‌ബോള്‍ മാത്രമെടുത്താല്‍ തന്നെ ഒരുപാട് ഉല്‍പ്പന്നങ്ങളുണ്ടാവുമല്ലോ? ഫുട്‌ബോള്‍, ബൂട്ട്, സോക്‌സ്, ജഴ്‌സി, ഗ്ലൗസ് തുടങ്ങി ഫുട്‌ബോളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന വെബ്‌സൈറ്റിന് ഉപഭോക്താക്കളെ പ്രത്യേകം ആകര്‍ഷിക്കാനാവും.

ചുറ്റും നിരവധി ഉദാഹരണങ്ങള്‍

ഈയിടെ ട്രെന്റ് ആയ ഒരു നീഷ് പ്രൊഡക്ട് ആണ് ഫിഡ്ജറ്റ് സ്പി

ന്നര്‍. ട്രെയിനിലും ബസിലും റോഡിന്റെ വശത്തും സ്പിന്നറുകള്‍ കൊണ്ട് നിറഞ്ഞ ആഴ്ചകളാണ് കടന്നുപോയത്. ആദ്യം സാധാരണ സ്പിന്നറുകളായിരുന്നുവെങ്കില്‍, പിന്നെയതിന്റെ വെറൈറ്റികളായി മാര്‍ക്കറ്റില്‍. യു.എസില്‍ നിന്ന് 2017 ഏപ്രിലില്‍ തുടങ്ങിയ ട്രെന്റ് ലോകം മൊത്തം വ്യാപിച്ചു. സ്പിന്നര്‍ തുടങ്ങിവച്ചത് ആരാണെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നുണ്ടെങ്കിലും ഇതിന്റെ ഓണ്‍ലൈന്‍ വില്‍പ്പനക്കാര്യം മാത്രം എടുത്തല്‍ ഞെട്ടിപ്പോവും. ആമസോണില്‍ മാത്രം 8,284 വില്‍പ്പനക്കാരുണ്ട്. ഇബേയിലും ആലിബാബയിലും കൂടി 3,300 ല്‍ അധികം വരും. ആറു ലക്ഷം വ്യത്യസ്ത സ്പിന്നറുകളാണ് ഇവരെല്ലാം കൂടി വില്‍ക്കുന്നത്. ഈ മേഖലയില്‍ ധാരാളം ചെറുകിടക്കാര്‍ കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ സ്പിന്നര്‍ വില്‍പ്പനയുടെ യഥാര്‍ഥ കണക്കു കിട്ടാന്‍ പ്രയാസമാണ്. 200 മില്യണില്‍ അധികം സ്പിന്നറുകള്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഷിപ്പ് ചെയ്‌തെന്നാണ് ഏകദേശ കണക്ക്.

സ്പിന്നര്‍ തന്നെ പലതരത്തിലുണ്ടല്ലോ. സിംഗിള്‍ സ്പിന്നര്‍ വില്‍പ്പനയിലാണ് Torqbar ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ ഒരൊറ്റ ഉല്‍പ്പന്നം വിറ്റുകൊണ്ട് ആമസോണിലെ ടോയ് വിഭാഗത്തില്‍ ബെസ്റ്റ് സെല്ലറാണ് Torqbar. ഓണ്‍ലൈന്‍ ലോകത്തെ മികച്ചൊരു നീഷ് പ്രൊഡക്ട് പരീക്ഷണമായിരുന്നു ഇത്. ഇവരെ സഹായിക്കാന്‍ വമ്പന്‍ പരസ്യങ്ങളോ കട്ടൗട്ടുകളോ വേണ്ടിവന്നില്ല. എല്ലാവരും ഡബിള്‍, ട്രിപ്പിള്‍ അങ്ങനെ ഇരട്ടി പ്പിച്ചുള്ള സ്പിന്നറിന്റെ പിറകേ പോവുമ്പോള്‍ Torqbar ഒന്ന് മാറ്റിപ്പിടിച്ചു.

എളുപ്പമാണോ നീഷ് മാര്‍ക്കറ്റ് തെരഞ്ഞെടുക്കല്‍?

അത്ര എളുപ്പമല്ല, നിങ്ങളുടെ ബുദ്ധി വര്‍ക്ക് ചെയ്യിക്കേണ്ടി വരും. രണ്ടുതരം പ്രൊഡക്ടുകളാണുള്ളത്. വാണിജ്യവല്‍ക്കരിക്കപ്പെട്ടതും നീഷ് പ്രൊഡക്ടും. തുണി, ടോയ്‌സ്, ഭക്ഷണം, കോസ്‌മെറ്റിക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വാണിജ്യവല്‍ക്കരിക്കപ്പെട്ടതില്‍ വരുന്നത്. ഇത്തരം ഉല്‍പ്പന്ന വില്‍പ്പനയില്‍ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ടിനെപ്പോലുള്ള ഭീമന്മാര്‍ക്കാണ് ആധിപത്യം. അതുകൊണ്ടു തന്നെ അവിടെ കേറിക്കളിക്കല്‍ എളുപ്പമല്ല. അപ്പോള്‍പ്പിന്നെ, ഇതില്‍ നിന്ന് വ്യത്യസ്തമായ, സവിശേഷമായ ഉല്‍പ്പന്ന വില്‍പ്പന, അതായത് നീഷ് പ്രൊഡക്ടില്‍ കേന്ദ്രീകരിക്കുന്നതാണ് മാര്‍ക്കറ്റില്‍ കയറാന്‍ എളുപ്പമായ മാര്‍ഗം.

ഓരോ മേഖലയ്ക്കും അനുസരിച്ച് മാറ്റിപ്പിടിക്കേണ്ടതാണിത്. ആരാണ് നമ്മുടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍, എവിടെയാണ് അവരുള്ളത്, പ്രതിയോഗിയെ ഒഴിവാക്കി നമ്മളുടെ ഉല്‍പ്പന്നം അവര്‍ എന്തിന് തെരഞ്ഞെടുക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം കണ്ടെത്തണം. ഗ്രാമീണ മേഖലയില്‍ ഇപ്പോഴും വന്‍ കമ്പനികള്‍ക്ക് എത്താനായിട്ടില്ലെന്ന് ഓര്‍ക്കണം. അവിടെ നല്ല ഡെലിവറി സര്‍വീസ് നടത്താനായാല്‍ ഏതു ബിസിനസും എളുപ്പം ക്ലച്ചു പിടിപ്പിക്കാം.

നിങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്ന ഉപഭോക്താക്കളുടെ ഉപഭോക്തൃ സംസ്‌കാരം, അവരുടെ ജോലി, വിദ്യാഭ്യാസം, ഏതു നിലയിലുള്ളവരാണ് തുടങ്ങി കൃത്യമായ ധാരണയോടെ വേണം ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍. അവരെ അറിഞ്ഞുകൊണ്ട് വിപണിയിലേക്ക് ഉല്‍പ്പന്നമെറിഞ്ഞാല്‍ ഉന്നത്തിലെത്തുക തന്നെ ചെയ്യും. ഫിസിക്കല്‍ ഉല്‍പ്പന്നം മാത്രമല്ല, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ വില്‍ക്കുമ്പോഴും നീഷ് മാര്‍ക്കറ്റ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

നീഷ് പ്രൊഡക്ട് എങ്ങനെ കണ്ടെത്താം, മാര്‍ക്കറ്റിംഗ് എങ്ങനെ എന്ന് ധനം മാഗസിന്റെ അടുത്ത ലക്കത്തില്‍ വായിക്കാം...

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it