
നിര്‍മ്മിത ബുദ്ധിയുടെ (AI) ഉപയോഗം കൂടുതൽ വ്യാപകമാകുന്തോറും പരമ്പരാഗത ജോലികൾ ഇല്ലാതാകുമോ എന്ന ഭയം ഒരു പ്രധാന ആശങ്കയായി ജനങ്ങളില്‍ പൊതുവെയുണ്ട്. 10 വർഷത്തിനുള്ളിൽ ഏതൊക്കെ ജോലികൾക്കാണ് പ്രസക്തിയുണ്ടാകുക എന്ന വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത്. നൈപുണ്യ വികസനത്തിനും തുടർച്ചയായ പഠനത്തിനും ഊന്നല്‍ നല്‍കണമെന്നാണ് കാമത്ത് അഭിപ്രായപ്പെടുന്നത്.
നാല് വർഷത്തെ കോളേജ് ബിരുദങ്ങള്‍ക്ക് പ്രസക്തി ഉണ്ടാകില്ലെന്നും കാമത്ത് പറയുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 'ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് 2025' ഉം അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കിട്ടു. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രസക്തഭാഗങ്ങള്‍ ഇവയാണ്.
ഗിഗ്, ടെക്നോളജി, കാർഷിക മേഖലകളിലെ തൊഴിലുകളില്‍ കുതിച്ചുചാട്ടമുണ്ടാകും. ഈ മേഖലകളില്‍ 17 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും ഫാമുകളിലും കാര്‍ഷിക മേഖലയിലും പണിയെടുക്കുന്നവര്‍, സോഫ്റ്റ്‌വെയർ, ആപ്ലിക്കേഷൻ ഡെവലപ്പർമാർ, ഡെലിവറി സർവീസ് ഡ്രൈവർമാർ തുടങ്ങിയവരുടെ ആവശ്യകത വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഹരിത വ്യവസായങ്ങള്‍ വര്‍ധിക്കുന്നത് 3.4 കോടി കാര്‍ഷിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആധുനിക ജീവിതശൈലി ഇ കൊമേഴ്സ് ഡെലിവറി മേഖലയിലെ തൊഴില്‍ വർദ്ധിപ്പിക്കുമെന്നും വേൾഡ് ഇക്കണോമിക് ഫോറം വിലയിരുത്തുന്നു.
കമ്പ്യൂട്ടര്‍ ഡാറ്റ, ഫിൻടെക്, ടെക്നോളജി റോളുകൾ എന്നിവയിലാണ് ഏറ്റവും വേഗതയേറിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കാഷ്യർമാർ, ക്ലറിക്കൽ ജോലികള്‍, അഡ്മിൻ, സെക്രട്ടേറിയൽ റോളുകൾ തുടങ്ങിയ മെക്കാനിക്കൽ ജോലികളുടെ ആവശ്യകത കുറയുന്നതാണ്. റോബോട്ടുകൾ, ഊർജ്ജ സാങ്കേതികവിദ്യ തുടങ്ങിയവയില്‍ വലിയ പുരോഗതി കൈവരിക്കും.
അതേസമയം നൈപുണ്യ വിടവ് തങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കുന്നതായി 63 ശതമാനം തൊഴിലുടമകളും പറയുന്നതായും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Nikhil Kamath predicts a future where skills trump degrees, with tech, agriculture, and gig jobs dominating employment trends.
Read DhanamOnline in English
Subscribe to Dhanam Magazine