പ്രവാസികള്‍ക്കും നാട്ടില്‍ തൊഴിലുറപ്പ് പദ്ധതി; പകുതി ശമ്പളം നോര്‍ക്ക തരും

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുമായി സംസ്ഥാന പ്രവാസി കാര്യ വകുപ്പ്. ആദ്യ ഘട്ടത്തില്‍ 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസി കാര്യങ്ങള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നോര്‍ക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (name) എന്ന പേരിലുള്ള പദ്ധതി സ്വകാര്യ കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പ്രവാസികളും കമ്പനികളും നോര്‍ക്ക വഴി രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് തൊഴില്‍ വിന്യാസം നോര്‍ക്ക നിര്‍വ്വഹിക്കും.

400 രൂപ വരെ നോര്‍ക്ക നല്‍കും

ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന ഒരാള്‍ക്ക് പ്രതിദിനം പരമാവധി 400 രൂപ വരെ കണക്കാക്കി നോര്‍ക്ക തൊഴില്‍ ഉടമക്ക് നല്‍കും. വേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപയാണ് നല്‍കുക. പരമാവധി 50 പേരെ ഒരു കമ്പനിക്ക് ഈ പദ്ധതി പ്രകാരം നിയമിക്കാം. നോര്‍ക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ രജിസ്റ്റർ ചെയ്ത കമ്പനികള്‍ക്ക് അവസരമുണ്ടാകും. ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങളിലേക്കുള്ള വേതനത്തിന്റെ വിഹിതം കമ്പനിയുടെ അക്കൗണ്ടിലേക്ക് നല്‍കും. നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റ് വഴിയാണ് തൊഴില്‍ അന്വേഷകരും തൊഴില്‍ ദാതാക്കളും രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഈ മേഖലകള്‍ക്ക് മുന്‍ഗണന

ഓട്ടോമൊബൈല്‍, നിര്‍മാണ മേഖല, ഹോസ്പിറ്റാലിറ്റി മേഖല എന്നീ രംഗങ്ങളിലാണ് ആദ്യനിയമനം നടക്കുക. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഉദ്യം രജിസ്‌ട്രേഷനുള്ള സ്വകാര്യ, പൊതു, എല്‍.എല്‍.പി കമ്പനികള്‍, അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവക്ക് ഈ പദ്ധതി പ്രകാരം ജീവനക്കാരെ ലഭിക്കും. https://norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന ഗൂഗ്ള്‍ ഫോം വഴിയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

Related Articles
Next Story
Videos
Share it