

രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കാറായതോടെ ഇ-കൊമേഴ്സ് മേഖലയില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ ഉത്സവ കലണ്ടർ സാധാരണയായി ഓഗസ്റ്റിൽ രക്ഷാബന്ധനോടെ ആരംഭിച്ച് ദീപാവലി മുതൽ ശൈത്യകാലത്തെ വിവാഹ സീസൺ വരെ നീണ്ടുനിൽക്കുന്നതാണ്. ഈ വർഷം 2.16 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഈ സീസണൽ സൃഷ്ടിക്കപ്പെടുമെന്ന് ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അഡെക്കോ ഇന്ത്യ (Adecco India) കരുതുന്നു.
റീട്ടെയിലർമാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ലോജിസ്റ്റിക്സ് ദാതാക്കൾ എന്നിവ ഇതിനകം തന്നെ ഗിഗ് അനുബന്ധ ജോലികളില്‍ താൽക്കാലിക നിയമനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മെട്രോകളിലും ടയർ 2, 3 നഗരങ്ങളിലും ബിസിനസുകൾ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി കൂടുതല്‍ തൊഴില്‍ ശക്തി ആവശ്യമായി വന്നിരിക്കുകയാണ്. ഈ വർഷം ഗിഗ് താൽക്കാലിക നിയമനങ്ങൾ 15-20 ശതമാനം വർദ്ധിക്കുമെന്നാണ് കരുതുന്നത്. രക്ഷാ ബന്ധൻ, ദീപാവലി, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഫ്ലാഷ്-സെയിൽ ഇവന്റുകൾ, വിവാഹ സീസൺ തുടങ്ങിയ വിപുലീകൃത ഉത്സവ കലണ്ടറിനായി കമ്പനികള്‍ തയാറെടുക്കുന്നതാണ് ഈ കുതിപ്പിന് കാരണമാകുന്നത്. ടീംലീസ് പോലുള്ള നിയമന പ്ലാറ്റ്‌ഫോമുകൾ 30 ശതമാനം വരെ ഗിഗ് റോളുകൾ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ-കൊമേഴ്‌സ്, റീട്ടെയിൽ, ലോജിസ്റ്റിക്‌സ്, ക്വിക്ക് കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകള്‍ പ്രധാനമായും ഉണ്ടാകുക. യാത്ര, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും നിയമനങ്ങളിൽ 20–25 ശതമാനം വർദ്ധനവ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. വിദ്യാർത്ഥികൾ, ആദ്യമായി ജോലി തേടുന്നവർ, സ്ത്രീകൾ തുടങ്ങിയവരാണ് കൂടുതലായും ജോലിക്കെത്തുന്നത്. ഡിജിറ്റൽ പ്രാവീണ്യവും ബഹുഭാഷാ വൈദഗ്ധ്യവും ഉളളവര്‍ക്ക് മുന്‍ഗണനയും നല്‍കുന്നുണ്ട്.
ഈ ജോലികള്‍ താൽക്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും, പല കമ്പനികളും സീസണൽ തൊഴിലാളികളെ ദീർഘകാലത്തേക്ക് നിയമിക്കാനും ഒരുങ്ങുന്നുണ്ട്. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ഇൻസെന്റീവുകൾ, പ്രകടന ബോണസുകൾ, സ്ഥലം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ തുടങ്ങിയവ തൊഴിലുടമകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
Over 2.16 lakh gig jobs expected in India's e-commerce sector during the festive season hiring surge.
Read DhanamOnline in English
Subscribe to Dhanam Magazine