ബാങ്കുകള്‍ക്ക് ജീവനക്കാരെ വേണം; 13,735 ക്ലാര്‍ക്കുമാരെ റിക്രൂട്ട് ചെയ്യാന്‍ എസ്.ബി.ഐയുടെ മെഗാ ഡ്രൈവ്
ബാങ്ക് ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വമ്പന്‍ റിക്രൂട്ട്‌മെന്റിനായി രംഗത്തിറങ്ങുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 13,735 ക്ലാര്‍ക്കുമാരെ നിയമിക്കാനുള്ള മെഗാ റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുകയാണ്. അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജനുവരി ഏഴുവരെ അപേക്ഷിക്കാം. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകള്‍ പ്രൊബേഷണറി ഓഫീസര്‍മാരുടെയും ക്ലാര്‍ക്കുമാരുടെയും റിക്രൂട്ട്‌മെന്റില്‍ പുതുവര്‍ഷത്തില്‍ വലിയ വര്‍ധനയാണ് വരുത്തുന്നത്.
ബാങ്ക് ജീവനക്കാര്‍ക്ക് ഡിമാന്റ് കൂടുന്നു
പൊതുമേഖലാ ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ ജീവനക്കാര്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ വര്‍ഷം മുതല്‍ കൂടുതല്‍ ബാങ്ക് ജീവനക്കാരുടെ ആവശ്യകത എസ്.ബി.ഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അടുത്ത വര്‍ഷവും ഈ ഡിമാന്റ് തുടരുമെന്നാണ് കണക്കാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍സിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 10,979 പ്രൊബേഷണറി ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കാണ് നോട്ടിഫിക്കേഷന്‍ നടത്തിയത്. 2023 ല്‍ ഈ തസ്തികയില്‍ 8,996 ഒഴിവുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം എസ്.ബി.ഐ മാത്രം 7,820 ക്ലാര്‍ക്കുമാരെ നിയമിച്ചിരുന്നു. ഈ വര്‍ഷം അത് 13,735 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 2,000 പ്രൊബേഷണറി ഓഫീസര്‍മാരെയാണ് ബാങ്ക് നിയമിച്ചത്.
റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു
പൊതു മേഖലാ ബാങ്കുകളില്‍ റിട്ടയര്‍മെന്റ് പ്രായമെത്തിയവരുടെ എണ്ണം കുടുന്നതാണ് പുതിയ നിയമനങ്ങള്‍ കൂടാന്‍ കാരണമെന്ന് നാഷണല്‍ സ്‌കൂള്‍ ഓഫ് ബാങ്കിംഗ് മുന്‍ ഡയരക്ടര്‍ സി.പി.വെപ്പ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് ശേഷം ഇന്ത്യയിലെ ബാങ്കിംഗ് മേഖല വിപുലീകരണത്തിന്റെ പുതിയ പാതയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബാഞ്ചുകളുടെ എണ്ണം വര്‍ധിക്കുന്നത് കൂടുതല്‍ ജീവനക്കാരുടെ ആവശ്യകത ഉയര്‍ത്തുന്നുണ്ട്. ഗ്രാമീണ മേഖലകളില്‍ പോലും ബാങ്കുകള്‍ക്ക് മാര്‍ക്കറ്റിംഗ് ജോലികള്‍ വര്‍ധിച്ചിട്ടുണ്ട്. ഫിന്‍ടെക്, ഐ.ടി, സ്വകാര്യ ബാങ്കിംഗ് മേഖലകളിലെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ പൊതു മേഖലാ ബാങ്കുകള്‍ക്ക് ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്.