

യുക്രെയ്‌നുമായുളള യുദ്ധത്തില്‍ പുരുഷന്മാരെ വിന്യസിച്ചതുമൂലം റഷ്യ കടുത്ത തൊഴിലാളി ക്ഷാമമാണ് അനുഭവിക്കുന്നത്. ഇതിന് പരിഹാരമെന്ന നിലയില്‍ 10 ലക്ഷം ഇന്ത്യൻ തൊഴിലാളികളെ വരെ നിയമിക്കാൻ റഷ്യ പദ്ധതിയിടുന്നതായി റഷ്യയിലെ പ്രമുഖ വ്യാപാര സംഘടനയായ യുറൽ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മേധാവി ആൻഡ്രി ബെസെഡിനെ ഉദ്ധരിച്ച് ദി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ സ്വെർഡ്ലോവ്സ്ക് മേഖല ഉൾപ്പെടെയുളള പ്രദേശങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യൻ തൊഴിലാളികളെ ഉൾക്കൊള്ളുന്നതിനായി സ്വെർഡ്ലോവ്സ്കിന്റെ തലസ്ഥാനമായ യെക്കാറ്റെറിൻബർഗിൽ ഒരു പുതിയ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുമെന്നും ബെസെഡിന്‍ പറഞ്ഞു. സ്വെർഡ്ലോവ്സ്ക് മേഖലയിലെ മെറ്റലർജിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് കമ്പനികളിലെ തൊഴിൽ വിടവ് നികത്താൻ ഇന്ത്യൻ തൊഴിലാളികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്-സൈബീരിയൻ റെയിൽ വഴി യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുകയാണ് യെക്കാറ്റെറിൻബർഗ്.
ഇന്ത്യൻ തൊഴിലാളികളെ കൂടാതെ, ശ്രീലങ്ക, ഉത്തരകൊറിയ എന്നിവിടങ്ങളിൽ നിന്നും ആളുകളെ നിയമിക്കാൻ മോസ്കോയ്ക്ക് പദ്ധതിയുണ്ട്. മിഡിൽ ഈസ്റ്റിലെ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് റഷ്യയില്‍ കാലാവസ്ഥ, ഭക്ഷണ രീതികള്‍ തുടങ്ങിയ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ട്. നീണ്ടതും കഠിനവുമായ ശൈത്യകാലത്തെ നേരിടുന്നതും സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണം കണ്ടെത്തുന്നതും വെല്ലുവിളികളാണ്.
റഷ്യൻ തൊഴിൽ വിപണിക്കായി പ്രത്യേകമായി തൊഴിലാളികളെ സജ്ജമാക്കുന്നതിനായി ഇന്ത്യയിൽ തൊഴിലധിഷ്ഠിത പരിശീലന സ്കൂളുകൾ തുടങ്ങാന്‍ റഷ്യയിലെ വ്യവസായികളുടെയും സംരംഭകരുടെയും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ വിദ്യാഭ്യാസ മന്ത്രി സെർജി ക്രാവ്ത്സോവിന്റെ പിന്തുണയോടെ വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് സംരംഭം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
Russia plans to hire 1 million Indian workers to tackle labor shortages, with training centers to be established in India and a new consulate in Yekaterinburg.
Read DhanamOnline in English
Subscribe to Dhanam Magazine