ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവുമായി എസ്.ബി.ഐ, ബാങ്കിന് വേണം 18,000 ഉദ്യോഗാര്‍ത്ഥികളെ

ബിസിനസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജീവനക്കാരുടെ എണ്ണം വികസിപ്പിക്കാനാണ് ബാങ്കിന് പദ്ധതിയുളളത്
sbi, recruitment drive
Image courtesy: Canva
Published on

ബാങ്കിംഗ് മേഖലയിൽ സ്ഥിരതയാര്‍ന്ന ഒരു കരിയർ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന വ്യക്തികൾക്ക് വലിയ അവസരവുമായി എസ്.ബി.ഐ. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളില്‍ മുന്‍നിരയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാനം. 2025-26 സാമ്പത്തിക വർഷത്തേക്ക് വൻതോതിലുള്ള തൊഴില്‍ അവസരങ്ങളാണ് ബാങ്കിലുളളത്.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി ഏകദേശം 18,000 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനാണ് ബാങ്കിന് പദ്ധതിയുളളത്. ഇതില്‍ പ്രൊബേഷണറി ഓഫീസർ (പി‌ഒ), ലോക്കൽ ബാങ്ക് ഓഫീസർ (എൽ‌ബി‌ഒ) തുടങ്ങിയ പ്രധാന ഓഫീസർ തസ്തികകളിലായി ഏകദേശം 3,000 ഒഴിവുകളാണ് ഉളളത്.

സാങ്കേതികവിദ്യാധിഷ്ഠിത ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഡിജിറ്റൽ ആധുനികവൽക്കരണത്തില്‍ ബാങ്ക് സവിശേഷ ശ്രദ്ധയാണ് പതിപ്പിക്കുന്നത്. ഐ.ടി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതിനായി ഏകദേശം 1,600 സിസ്റ്റം ഓഫീസർമാരെ നിയമിക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ബാങ്ക് നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് പരിപാടിയാണ് ഇതെന്ന് എസ്‌ബി‌ഐ ചെയർമാൻ സി‌.എസ് സെറ്റി പറഞ്ഞു. ഉപഭോക്തൃ, ബിസിനസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജീവനക്കാരുടെ എണ്ണം വികസിപ്പിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഇത്. പൊതുമേഖലയിലെ മികച്ച തൊഴിൽദാതാവ് എന്ന നിലയിൽ ബാങ്കിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതായിരിക്കും റിക്രൂട്ട്മെന്റ് ഡ്രൈവ്. ദീർഘകാല കരിയർ വളർച്ച, തൊഴിൽ സുരക്ഷ എന്നിവയാണ് ബാങ്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

നിക്ഷേപങ്ങളുടെ പലിശനിരക്കുകളുടെ പുനഃക്രമീകരണം റിപ്പോ നിരക്ക് കുറയ്ക്കലുകളുമായി യോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും സി‌.എസ് സെറ്റി പറഞ്ഞു. കൂടുതൽ റിപ്പോ നിരക്ക് കുറയ്ക്കലുകൾ ഈ വര്‍ഷം ഉണ്ടാകും. ജനുവരി-മാർച്ച് പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 8.34 ശതമാനം ഇടിഞ്ഞ് 19,600 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21,384 കോടി രൂപയായിരുന്നു. പലിശ മാർജിനിലെ ഇടിവാണ് ലാഭത്തില്‍ കുറവുണ്ടാകാനുളള കാരണം. 2024-25 ൽ ബാങ്കിന്റെ പ്രവർത്തന ലാഭം 1.10 ലക്ഷം കോടി രൂപയായി. മുൻ വർഷം ഇത് 93,000 കോടി രൂപയായിരുന്നു.

SBI announces its largest recruitment drive in a decade with 18,000 job openings across banking and digital roles for FY 2025-26.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com