പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇനി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

പിഎസ്‌സി മാതൃക.ില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വരുന്നു. ഇതിനായുള്ള ഓര്‍ഡിനന്‍സ് കരട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. താമസിയാതെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. കേരള പബ്ലിക് എന്റര്‍പ്രൈസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് എന്ന പേരിലാവും പുതിയ ബോര്‍ഡ് നിലവില്‍ വരുക.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അംഗമായുള്ള നാലംഗ സമിതിയാണ് സെലക്ഷന്‍ ബോര്‍ഡില്‍ ഉണ്ടാവുക. മാര്‍ക്കറ്റിംഗ്, ജനറല്‍ മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ ആന്‍ഡ് മാനുഫാത്ചറിങ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മൂന്ന് പേരും ഭരണ രംഗത്ത് നിന്നുള്ള ഒരംഗവും ആണ് ബോര്‍ഡില്‍ ഉണ്ടാവുക. നാല് വര്‍ഷം വരെയോ 65 വയസ് തികയുന്നതുവരെയോ ആണ് അംഗങ്ങളുടെ കാലാവധി.

പിഎസ്‌സി വഴി നിയമനം നടത്താത്ത തസ്തികകളിലേക്കാണ് ബോര്‍ഡ് തെരഞ്ഞെടുപ്പ് നടത്തുക. പ്രധാനമായും സാങ്കേതിക തസ്തികകളിലേക്കാവും ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. നിലവില്‍ കെഎസ്‌ഐഡിസി, കെഎംഎംഎല്‍, കെഎസ്ഇബി, ബെവ്‌കോ, കെഎസ്എഫ്ഇ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ക്ലറിക്കല്‍ നിയമനങ്ങള്‍ പിഎസ്‌സി വഴിയാണ് നടത്തുന്നത്.

എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാവും പുതിയ ബോര്‍ഡും നിയമനങ്ങള്‍ നടത്തുക. എന്നാല്‍ അപേക്ഷകരുടെ എണ്ണം 50ല്‍ താഴെയാണെങ്കില്‍ അഭിമുഖം മാത്രമാവും നടത്തുക. നിലവില്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വയം നടത്തുന്ന നിയമനങ്ങളില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

Related Articles
Next Story
Videos
Share it