വിദേശ പഠനം ആഗ്രഹിക്കുന്നവരാണോ ?സര്‍വകലാശാലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. മികച്ച ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് പലരെയും വിദേശത്തേക്ക് ചേക്കാറാന്‍ പ്രലോഭിപ്പിക്കുന്ന പ്രധാന ഘടകം. യുറോപ്പും നോര്‍ത്ത് അമേരിക്കയും ഓസ്‌ട്രേലിയയും ആണ് എല്ലാവരുടെയും ലക്ഷ്യം. എങ്ങനെയെങ്കിലും യുറോപ്പിലെത്തുക എന്ന ലക്ഷ്യത്തോടെ എളുപ്പം അഡ്മിഷന്‍ കിട്ടുന്നതും ഐഇഎല്‍ടിഎസ് പോലുള്ളവ നിര്‍ബന്ധമല്ലാത്തതുമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരും ഉണ്ട്.

വിദേശ സര്‍വകലാശാലകല്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക

1. ചെലവ്

സ്‌കോളര്‍ഷിപ്പ് കിട്ടി വിദേശത്ത് എത്തുന്നവര്‍ക്കൊഴികെ എല്ലാവര്‍ക്കും തന്നെ ആദ്യ കടമ്പ പണം തന്നെയാണ്. ട്യൂഷന്‍ ഫീയും ലഭിക്കാന്‍ സാധ്യതയുള്ള സ്‌കോളര്‍ഷിപ്പുകളും എല്ലാം കോളേജുകളുടെ വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അവസരങ്ങള്‍ ഒരിക്കലും കളയരുത്.

ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ അഡ്മിഷന്‍ കിട്ടിയിട്ടാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമാകില്ല. ബാങ്കിന്റെ ലിസ്റ്റിലുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സര്‍വകലാശാലകള്‍ക്ക് മാത്രമാവും വായ്പ ലഭിക്കുക.

മറ്റൊന്ന് വിദേശ പഠന ഏജന്‍സികളെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവയാണ്. ആദ്യം തന്നെ നിങ്ങള്‍ സമീപിക്കുന്ന ഏജന്‍സികളോട് ചെലവ് സംബന്ധിച്ച കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കണം. കാരണം ഏജന്‍സികള്‍ ഓരേ ഘട്ടമായി ആണ് അവരുടെ ഫീസ് ഇടാക്കുക.തുടക്കത്തിലെ ആവേശത്തിലും വെപ്രാളത്തിലും ഇതൊന്നും നിങ്ങള്‍ ശ്രദ്ധിച്ചെന്ന് വരില്ല.

2 കോഴ്‌സുകളുടെ സാധ്യതകള്‍

നേരത്തെ സൂചിപ്പിച്ചതുപോലെ എങ്ങനെയെങ്കിലും വിദേശത്ത് എത്തുക എന്ന ലക്ഷ്യത്തോടെ ആയിരിക്കരുത് കോഴ്‌സുകളും സര്‍വകലാശാലയും തെരഞ്ഞെടുക്കേണ്ടത്. തൊഴിലവസരങ്ങള്‍ ഉള്ള കോഴ്‌സുകള്‍ കണ്ടെത്തണം. അല്ലെങ്കില്‍ പഠനം കഴിഞ്ഞ് മറ്റ് മേഖലകളില്‍ തൊഴില്‍ അന്വേഷിക്കേണ്ടി വരും. മികച്ച സര്‍വകലാശാലകള്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും എന്ന് എടുത്ത് പറയേണ്ട ആവശ്യം ഇല്ലല്ലോ. ഐഇഎല്‍ടിഎസ് നിര്‍ബന്ധമായി വേണ്ട കോഴ്‌സുകളാവും തുടര്‍ന്ന് താമസിക്കാനും ജോലി ചെയ്യാനും നല്ലത്.

3.ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍

സര്‍വകലാശാലകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുമ്പോള്‍, ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങള്‍ കൂടി അന്വേഷിക്കണം. മറ്റ് യൂണിവേഴ്‌സിറ്റികളിലോ രാജ്യങ്ങളിലോ പോയി പഠിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്ന കോഴ്‌സുകള്‍ ഉണ്ട്. ഇന്റെണ്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ നെറ്റ്വര്‍ക്ക് വിപുലീകരിക്കാനും ജോലി സാധ്യതകള്‍ ഉയര്‍ത്താനും സഹായിക്കും.

4. കോഴ്‌സിന്റെ രീതികള്‍

സര്‍വകലാശാള തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ നല്‍കുന്ന കോഴ്‌സിന്റെ രീതികള്‍ കൃത്യമായി മനസിലാക്കിയിരിക്കണം. സര്‍വകലാശാലകള്‍ അനുസരിച്ച് പാഠ്യപദ്ധതികള്‍ മാറാം. കോഴ്‌സ് കംപ്ലീറ്റ് ചെയ്യാന്‍ ലഭിക്കുന്ന സമയം, പ്രോജക്ടുകള്‍, ഗവേഷണ സാധ്യതകള്‍, പരീക്ഷാ രീതി എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ ധാരണ വേണം. ചേരാന്‍ ആഗ്രഹിക്കുന്ന കോളേജുകളില്‍ പഠിച്ചതോ ഇപ്പോള്‍ പഠിക്കുന്നതോ ആയ മലയാളികളോട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാം.

5. പഠനത്തിന് ശേഷമുള്ള ജീവിതം

വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന ഭൂരിഭാഗം പേരുടെയും ലക്ഷ്യം കുടിയേറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കാനഡയെ ഇന്ത്യക്കാരുടെ പ്രിയ്യപ്പെട്ട ഇടമാക്കി മാറ്റിയത് അവിടുത്തെ തുറന്ന ഇമിഗ്രേഷന്‍ നിയമങ്ങള്‍ തന്നെയാണ്. തിരഞ്ഞെടുക്കുന്ന രാജ്യത്തെ സര്‍ക്കാരുകള്‍ വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഉള്‍പ്പടെജോലി സാധ്യതയെയും തുടര്‍ന്നുള്ള താമസത്തെയും ബാധിക്കാം. വിദേശ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും സ്വീകരിക്കുന്ന, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടികള്‍ ഉദാഹരണമായി എടുക്കാം.

Related Articles
Next Story
Videos
Share it