ലോകം മാറുകയാണ്, വിജയിക്കാന്‍ നമുക്കും മാറ്റത്തിനൊരുങ്ങാം; മുഹമ്മദ് മദനി

മഴക്കാലവും വേനല്‍ക്കാലവും പോലെ നമുക്കൊപ്പം നിശ്ചയമായും കൂടെയുള്ള ഒന്നായി മാറിയിരിക്കുന്നു കോവിഡ്. ഇനി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും അതിനൊപ്പം നമ്മള്‍ പൊരുത്തപ്പെട്ട് പോയേ മതിയാകൂ. അതിനര്‍ത്ഥം പ്രതീക്ഷയ്ക്ക് വകയില്ല എന്നല്ല, മറിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിയാല്‍ 2022 ല്‍ വലിയ സാധ്യതകളാണ് മുന്നിലുള്ളത്.

മാറുകയാണ് ബിസിനസ്
മികച്ച സേവനവും ഉപഭോക്തൃ സംതൃപ്തിയും നല്‍കുന്ന കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകുന്ന കാലമാണ് വരുന്നത്. പല മേഖലകളിലും വലിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പരമ്പരാഗതമായ നിര്‍മാണ മേഖലയില്‍ ലോകമെമ്പാടും വലിയ സാധ്യതകളുണ്ട്.
ആഗോളതാപനം ലോകത്താകമാനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഗ്രീന്‍ ബില്‍ഡിംഗ് ആശയത്തിന്റെ വ്യാപനം അതിന്റെ ഭാഗമാണ്. പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് കൂടുതല്‍ എത്തുന്നു. രാജ്യങ്ങളും അതിനനുസരിച്ച് മാറുന്നുണ്ട്. ചൈനയടക്കമുള്ള രാഷ്ട്രങ്ങള്‍ കല്‍ക്കരി ഉപഭോഗം പരമാവധി കുറച്ച് ഗ്യാസ് കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതി വന്നു.
ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി മേഖല വലിയ തോതില്‍ ശക്തിപ്രാപിക്കുന്നുണ്ട്. ഹൈഡ്രജന്‍ പോലുള്ള ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി ഉപയോഗിക്കുന്ന പതിറ്റാണ്ടിലേക്കാണ് നമ്മള്‍ കടക്കുന്നത്. ഇത് വലിയൊരു സാമ്പത്തിക മാറ്റത്തിന് കാരണമാകും. വൈദ്യുത വാഹനങ്ങളുടെ സ്വാധീനം എല്ലാ മേഖലകളിലും ഉണ്ടാകുന്നു.
ഗ്രീന്‍ ബില്‍ഡിംഗ് എന്ന ആശയം പിന്‍പറ്റിയാണ് അടുത്തിടെ തിരുവനന്തപുരത്ത് ലുലു മാള്‍ തുറന്നിരിക്കുന്നത്. ഇത്തരത്തിലുള്ളവയാകും ഇനി വരുന്ന കെട്ടിടങ്ങള്‍. അതിനൊപ്പം നൂതനമായ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അവസരങ്ങളും ധാരാളമുണ്ട്. കൃത്രിമ ബുദ്ധി, റോബോട്ടിക്സ്, ത്രീഡി പ്രിന്റിംഗ്, ബ്ലോക്ക് ചെയ്ന്‍ പോലുള്ളവയുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. ദുബായില്‍ നടന്ന ജൈ ടെക്സ് എക്സ്പോയില്‍ ഇത്തരത്തിലുള്ള നൂതന വിദ്യകളുടെ പ്രദര്‍ശനമാണ് നടന്നത്.
ഉപഭോക്താവും മാറുന്നു
ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍ വലിയ മാറ്റം അടുത്തിടെ ഉണ്ടായിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ളവയാണ് അവര്‍ ആവശ്യപ്പെടുന്നത്. വിലയേക്കാളുപരി നൂതന ഡിസൈനും ഗുണനിലവാരവും പരിഗണിക്കുന്ന വലിയൊരു വിഭാഗം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന കാറിന് വില്‍പ്പന കുറഞ്ഞതടക്കം എല്ലാ മേഖലകളിലും ഈ മാറ്റം ദൃശ്യമാകുന്നുണ്ട്.
മുമ്പ് ബില്‍ഡിംഗ് മെറ്റീരിയല്‍ വാങ്ങാന്‍ എത്തുന്നവര്‍ എത്രകാലം ഈടുനില്‍ക്കും എന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇന്നത്തെ ഉപഭോക്താവിന് 50 വര്‍ഷം നിലനില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആവശ്യമില്ല. പുതുമയുള്ളതും സാങ്കേതിക തികവുള്ളതുമാകണം. നിശ്ചിത സമയം കഴിഞ്ഞാല്‍ അത് മാറ്റിസ്ഥാപിക്കാന്‍ അവര്‍ തയ്യാറാണ്.
താരതമ്യേന പുതിയ വീടുകള്‍ പോലും പുതുക്കി പണിയുന്ന ശീലം ഇപ്പോള്‍ ആളുകളില്‍ കൂടിയിട്ടുണ്ട്. മുമ്പത്തേക്കാള്‍ മാറ്റം ആഗ്രഹിക്കുന്ന തലമുറയാണിന്നുള്ളത്. കാര്‍, മൊബീല്‍ തുടങ്ങി എന്തു വാങ്ങുമ്പോഴും കുറേ കാലം ഉപയോഗിക്കാം എന്ന ചിന്തയല്ല ഉപഭോക്താക്കള്‍ക്കുള്ളത്. പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ എപ്പോഴും അവര്‍ തയാറാണ്.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ സംരംഭകര്‍ നിരന്തരമായ പഠനത്തിലൂടെ മാറിക്കൊണ്ടിരിക്കേണ്ടതുണ്ട്. പുതിയ സാങ്കേതികവിദ്യ, ഉല്‍പ്പന്നങ്ങളിലൂടെ നൂതനത്വം, പുതിയ രീതികള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളണം.
മെര്‍സിഡെസ് ബെന്‍സ് പോലുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഭാവിയില്‍ ഷോറൂമുകള്‍ ഒഴിവാക്കിയേക്കാം.
ഷോറൂം പരിപാലിച്ച് കൊണ്ടുപോകുന്ന ഭാരിച്ച ചെലവ് കുറയ്ക്കാന്‍ ടെസ്ലയെ പോലെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് പല ബ്രാന്‍ഡുകളും മാറും. ഉല്‍പ്പന്നം കണ്ടറിയാന്‍ മാത്രമായി ചെറിയ രീതിയിലേക്ക് ഷോറൂമുകള്‍ മാറും. മാര്‍ക്കറ്റിംഗിലും ഈ മാറ്റം പ്രകടമാണ്. ബിസിനസുകള്‍ ടോട്ടല്‍ സൊലൂഷന്‍ നല്‍കുന്ന കേന്ദ്രങ്ങളായി മാറണം.
സാധ്യതകളുടെ വര്‍ഷം മുന്നില്‍
2022 ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലഘട്ടം ആയിരിക്കും. പ്രധാന എതിരാളിയായ ചൈന പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണിപ്പോള്‍. ആഗോള വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നം എത്തിച്ചിരുന്നത് അവരായിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്നം കാരണം കല്‍ക്കരിയുടെ ഉപയോഗം കുറച്ചു കൊണ്ടുവരാനുള്ള തീരുമാനം അവരെ ബാധിക്കുന്നുണ്ട്.
ഊര്‍ജ്ജത്തിന്റെ വില വര്‍ധിച്ചുവെന്നതാണ് മുഖ്യം. അതോടെ ലോജിസ്റ്റിക്സ് അടക്കം എല്ലാ മേഖലകളിലും വില കൂടാന്‍ കാരണമായി. അതേസമയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലോകമെമ്പാടും വലിയ സ്വീകാര്യത വന്നുകൊണ്ടിരിക്കുകയാണ്. നൂതനമായ ഡിസൈനും മികച്ച ഗുണനിലവാരവും മിതമായ വിലയും മിഡില്‍ ഈസ്റ്റ് അടക്കമുള്ള വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്.
എങ്ങനെ മാറണം?
കേരളത്തിലെ വലിയൊരു വിഭാഗം എന്‍ആര്‍ഐ ആണ്. അതില്‍ കൂടുതലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ്. അതിനപ്പുറവും വലിയ ലോകമുണ്ട്. അവിടങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ നൈപുണ്യം വര്‍ധിപ്പിക്കണം. ഇംഗ്ലീഷ് മാത്രം പഠിച്ചാല്‍ പോര. അറബിക്കും ചൈനീസും ജര്‍മനും സ്പാനിഷും ഫ്രഞ്ചുമൊക്കെ കാര്യക്ഷമമായി പഠിപ്പിക്കുന്നതിന് കേരളത്തില്‍ സൗകര്യമുണ്ടാകണം.
ലോകോത്തര പൗരന്മാരെ സൃഷ്ടിക്കുന്ന ഇടങ്ങളായി കേരളം മാറണം. ലോകോത്തര നൈപുണ്യ വികസന കേന്ദ്രങ്ങളാവണം നമ്മുടെ നാട്. വിദ്യാഭ്യാസ സമ്പ്രദായം തന്നെ അതിനനുസരിച്ച് മാറേണ്ടതുണ്ട്.
അധ്യാപകരും കൂടുതല്‍ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ പ്രാപ്തി നേടണം. ലീഡര്‍ഷിപ്പ് ഉള്ള തലമുറയെ വാര്‍ത്തെടുക്കാനാകണം. 2022 എന്ന പോലെ അടുത്ത പതിറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ച് സുവര്‍ണകാലഘട്ടം തന്നെയായിരിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it