കോവിഡ് മൂലം വളര്‍ച്ച നേടുന്ന ഈ രംഗത്ത് തുടങ്ങാം സംരംഭം!

കോവിഡ് മഹാമാരി മൂലം തച്ചുതകര്‍ക്കപ്പെട്ട ഒട്ടനവധി മേഖലകളുണ്ട്. അതുപോലെ മറ്റ് ചില മേഖലകളില്‍ അവസരങ്ങളും തുറക്കപ്പെടുന്നുണ്ട്. രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ പഠന പ്രകാരം കോവിഡ് മൂലം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍ വളര്‍ച്ച നേടുന്ന രംഗങ്ങളില്‍ ഒന്നാണ് ഭക്ഷ്യസംസ്‌കരണ മേഖല.

കോവിഡ് മൂലം ജോലിയും പഠനവുമെല്ലാം വീടിനുള്ളിലേക്ക് ചുരുങ്ങിയത് ഭക്ഷ്യസംസ്‌കരണ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് പഠനം പറയുന്നത്. അതുകൊണ്ട് രാജ്യത്തെ ഭക്ഷ്യസംസ്‌കരണ വിപണിയുടെ വലുപ്പം 2025ഓടെ 470 ബില്യണ്‍ ഡോളറാകുമെന്ന് കെപിഎംജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ ഈ വിപണിയുടെ വലുപ്പം 263 ബില്യണ്‍ ഡോളറാണ്. അതായത് അഞ്ചു വര്‍ഷം കൊണ്ട് 200 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച ഈ രംഗത്തുണ്ടാകും.
മുന്‍നിരയില്‍ കേരളമില്ല, പക്ഷേ സാധ്യതയേറെ
രാജ്യത്ത് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ല. രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 17 ശതമാനം വിഹിതത്തോടെ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. കര്‍ണാടക മൂന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് നാലാസ്ഥാനത്തും ഗുജറാത്ത് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

രാജ്യത്തെ മൊത്തം ഭക്ഷ്യസംസ്‌കരണ വിപണിയുടെ 40 ശതമാനത്തോളം വിഹിതം ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടേതാണ്. പാക്കേജ്ഡ് ഫുഡ്‌സിന്റെ വിപണി വിഹിതം 32 ശതമാനമാണ്. പാല്‍ - പാലുല്‍പ്പന്നങ്ങളുടെ വിഹിതം 15 ശതമാവും ബിവ്‌റേജസിന്റെ വിഹിതം ആറ് ശതമാവും മാംസം - മറൈന്‍ ഫുഡ്‌സിന്റേത് അഞ്ചു ശതമാനവുമാണ്. പഴം - പച്ചക്കറി എന്നിവ വെറും രണ്ടുശതമാനമാണ്.

പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യാത്ത, സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ബുദ്ധിമുട്ടികള്‍ വന്‍തോതില്‍ ഏശാത്ത ഭക്ഷ്യ സംസ്‌കരണ മേഖല കേരളത്തിന് ഏറെ അനുയോജ്യമാണ്. സര്‍ക്കാര്‍ അഭിമുഖ്യത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭകര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും ഫുഡ് പാര്‍ക്കുകളും ഒരുക്കിയിട്ടുണ്ടെങ്കിലും ഈ രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും വിനിയോഗിക്കാന്‍ മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നാണ് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നത്. ''ഭക്ഷ്യസംസ്‌കരണ രംഗത്ത് അവസരങ്ങള്‍ കൂടുതല്‍ തുറക്കപ്പെടുകയേ ഉള്ളൂ. പക്ഷേ എല്ലാ സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും ഇത്തരം യൂണിറ്റുകള്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും തനിയെ ഉണ്ടാക്കാന്‍ പറ്റില്ല. ഇതെല്ലാം ഒരുക്കുമ്പോള്‍ നിക്ഷേപം ഏറെ വേണ്ടിവരും. അതിന് പരിഹാരമായി കേരളത്തിലെ പഞ്ചായത്ത് തലത്തില്‍ വരെ മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സര്‍ക്കാര്‍ ഒരുക്കണം. അവിടെ ഇത്തരം യൂണിറ്റുകള്‍ തുടങ്ങാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കണം. അങ്ങനെ ചെയ്താല്‍ കുറഞ്ഞ നിക്ഷേപത്തില്‍, വന്‍ വളര്‍ച്ചാ സാധ്യതയുള്ള രംഗത്ത് സംരംഭം കെട്ടിപ്പടുക്കാന്‍ സംരംഭകര്‍ക്ക് സാധിക്കും,'' കേരളത്തിലെ പ്രമുഖ ഫുഡ് പ്രോസസിംഗ് കമ്പനിയുടെ സാരഥി പറയുന്നു.


Related Articles
Next Story
Videos
Share it