

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ മത്സരം നേരിടാൻ രാജ്യത്തെ ആദ്യ വെർച്വൽ അടുക്കളയുമായി യൂബർ ഇറ്റ്സ് എത്തുന്നു. പ്രമുഖ പ്രമുഖ കോഫീ റീട്ടെയിൽ ശൃംഖലയായ കഫെ കോഫി ഡേ (സിസിഡി) യുമായി കൈകോർത്താണ് ഈ സംരംഭം തുടങ്ങുന്നത്.
കഫെ കോഫി ഡേയുടെ റെസ്റ്റോറന്റുകളിൽ ആയിരിക്കും വെർച്വൽ കിച്ചനുകൾ തയ്യാറാക്കുക. ഇതിന് വേണ്ടി ഒരു പ്രത്യേക മെനു തന്നെ സിസിഡി തയ്യാറാക്കും.
സിസിഡിക്ക് ഇന്ത്യയിലാകമാനം 1,700 ഔട്ട്ലെറ്റുകൾ ഉണ്ട്. പ്രാരംഭ ഘട്ടത്തിൽ, ബംഗളുരുവിലെ 10 ഔട്ട്ലെറ്റുകളിൽ വെർച്വൽ കിച്ചനുകൾ തയ്യാറാക്കും. നവംബറിൽ ആരംഭിക്കാനാണ് പദ്ധതി.
പുതിയ സംരംഭത്തിന് വേണ്ട ഡേറ്റ, അനലിറ്റിക്സ് സപ്പോർട്ടുകൾ യൂബർ ഈറ്റ്സ് നൽകും.
ഭാവിയിൽ കൂടുതൽ റെസ്റ്റോറന്റ് ചെയിനുകളുമായി ചേർന്ന് ഇത്തരത്തിൽ വെർച്വൽ കിച്ചനുകൾ തയ്യാറാക്കാൻ സാധിക്കുമെന്നാണ് യൂബർ ഇറ്റ്സ് കരുതുന്നത്.
700 കോടി ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയുടെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ്. ഒലയുടെ ഫുഡ് പാൻഡ, സ്വിഗ്ഗി, സോമാറ്റോ എന്നിവയാണ് ഇന്ത്യയിൽ യുബർ ഇറ്റ്സിന്റെ പ്രധാന എതിരാളികൾ.
യൂബർ ഇറ്റ്സിന്റെ ആഗോള ബിസിനസ് വളർച്ച നയിക്കുന്നത് ഇന്ത്യയാണ്. കമ്പനിയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാണ് ഇന്ത്യ.
ഒന്നര വർഷം മുൻപാണ് യൂബർ ഇറ്റ്സ് ഇന്ത്യയിൽ ആരംഭിച്ചത്. കഴിഞ്ഞ ആറ് മാസം കൊണ്ട് ഏഴ് മടങ്ങ് വളർച്ചയാണ് ഓർഡറുകളിൽ ഉണ്ടായത്. ഇന്ത്യയിൽ ഓരോ ആഴ്ചയിലും 4,500 പുതിയ ഡെലിവറി പാർട്ണർമാർ യൂബർ ഈറ്റ്സ് നേടുന്നു. ഇന്ത്യയിൽ കമ്പനിക്ക് 'അവിശ്വസനീയമായ' വളർച്ചയാണെന്നാണ് യൂബർ ഈറ്റ്സ് ആഗോള മേധാവി ജേസൺ ഡ്രോഗീ അഭിപ്രായപ്പെട്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine